മകന് പിന്നാലെ അമ്മയും മരിച്ചു; വർക്കലയിൽ ഭർത്താവ് തീകൊളുത്തിയ യുവതി മരണപ്പെട്ടു
തിരുവനന്തപുരം: വർക്കലയിൽ കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൾ കോളേജിൽ ചികിത്സയിലായിരുന്നു ഇവർ. ഉച്ചയോടെയാണ് മരിച്ചത്. ഇരുവരുടെയും മകൻ അമൽ ( 17 ) ഇന്ന് രാവിലെ മരിച്ചിരുന്നു. വർക്കല സ്വദേശി രാജേന്ദ്രൻ ഇന്നലെയാണ് ഭാര്യ ബിന്ദുവിനെ തീ കൊളുത്തിയത്. അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് മകൻ അമലിനും പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ രാജേന്ദ്രൻ ഇന്നലെ തന്നെ സംഭവ സ്ഥലത്ത് വെച്ച് മരിച്ചിരുന്നു.
കഴിഞ്ഞ ആറ് മാസമായി രാജേന്ദ്രനും ബിന്ദുവും പിരിഞ്ഞ് കഴിയുകയായിരുന്നു. ഭർതൃ വീട്ടിൽ വസ്ത്രങ്ങളും മറ്റ് സാധനങ്ങളും എടുക്കാൻ പോലീസ് അനുമതിയോടെ എത്തിയപ്പോഴാണ് ബിന്ദുവിനെയും മകൻ അമലിനെയും രാജേന്ദ്രൻ ആക്രമിച്ചത്. പെയിന്റിംഗ് തൊഴിലാളി ആയി രാജേന്ദ്രൻ കയ്യിൽ കരുതിയ ടർപ്പൻറൈൻ ഒഴിച്ചാണ് ബിന്ദുവിനെ തീ കൊളുത്തിയത്.

ഇവരെ ചേർത്ത് പിടിച്ചതിനാൽ രാജേന്ദ്രനും പൊള്ളലേറ്റിരുന്നു. ബിന്ദുവും മകനും വീടിന് പുറത്തേക്ക് ഓടി രാജേന്ദ്രൻ വീടിന്റെ അകത്ത് തന്നെ പൊള്ളലേറ്റ് വീണ് മരിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ മകൾ വീടിന് പുറത്തായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തുമ്പോഴേക്കും രാജേന്ദ്രൻ മരിച്ചിരുന്നു. നാട്ടുകാരും വർക്കല അഗ്നിരക്ഷാ സേനയും അയിരൂർ പൊലീസും സ്ഥലത്തേക്ക് എത്തിയാണ് ബിന്ദുവിനെയും മകനെയും ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
തയ്യൽ ജോലിക്കാരി ആയ ബിന്ദുവിന്റെ മെഷീനും മറ്റു വീട്ടിൽ നിന്ന് എടുക്കാൻ അനുമതി തേടി അയിരൂർ പോലീസിൽ പരാതി നൽകിയിരുന്നു. ഇത് രാജേന്ദ്രൻ സമ്മതിച്ചിരുന്നു, ഇതിന് പിന്നാലെയാണ് ബിന്ദുവും മകനും രാജേന്ദ്രന്റെ വീട്ടിലേക്ക് എത്തിയത്. കുടുംബശ്രീയിൽ പങ്കെടുത്ത ശേഷമാണ് ബിന്ദുവും മക്കളും എത്തിയത്. എഴുപത് ശതമാനത്തോളം പൊള്ളലാണ് ഇവർക്ക് ഏറ്റത്.












Click it and Unblock the Notifications