പിണറായി ആഭ്യന്തരം ഒഴിയണം; യുഡിഎഫ് സമരം പ്രഖ്യാപിച്ചു, അഴിമതിക്കെതിരെ നിയമ നടപടി
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ അതിവേഗ റെയില്‍ പദ്ധതി, സംസ്ഥാനത്തെ ക്രമസമാധന പ്രശ്നങ്ങള്‍ തുടങ്ങിയവ ഉയര്‍ത്തി സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്താന്‍ യുഡിഎഫ് തീരുമാനം. അടുത്തമാസം നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ ധര്‍ണ നടത്തും. എംഎല്‍എമാര്‍ക്ക് പുറമെ സംസ്ഥാനത്തുനിന്നുള്ള യുഡിഎഫ് എംപിമാരെയും സമരത്തില്‍ പങ്കെടുപ്പിക്കാനും ഇന്ന് ചേര്‍ന്ന മുന്നണി യോഗത്തില്‍ തീരുമാനമായി.
സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ 25 ദിവസം നീണ്ടുനില്‍ക്കുന്ന സമരമാവും യുഡിഎഫ് നടത്തുക. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷിക ദിനത്തിലും പ്രതിഷേധം സംഘടിപ്പിക്കും. കോവിഡ് അതിവ്യാപനത്തെ തുടര്‍ന്ന് മാറ്റിവച്ച സമരപരിപാടികള്‍ പുനരാരംഭിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 4 വരെ സില്‍വര്‍ ലൈന്‍ കടന്നു പോകുന്ന ജില്ലകളില്‍ നൂറ് ജനകീയ സദസുകള്‍ സംഘടിപ്പിക്കും.

രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാവിളയാട്ടവും പൊലീസ് അതിക്രമങ്ങളും സംസ്ഥാനത്ത് നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്. ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ് ക്രമസമാധന തകര്‍ച്ചയ്ക്ക് കാരണം. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കും. എംപിമാര്‍, എംഎല്‍എമാര്‍, ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് കോവിഡിന്റെ മറവില്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനില്‍ 1500 കോടി രൂപയുടെ അഴിമതിയാണ് നടത്തിയത്. ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകാത്ത സാഹചര്യത്തില്‍ യുഡിഎഫ് നിയമ നടപടി സ്വീകരിക്കും. കെഎസ്ഇബിയിലെ നിയമവിരുദ്ധ ഭൂമി കൈമാറ്റത്തെയും അഴിമതിയെയും നിസാരവത്ക്കരിക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിനെതിരെയും യുഡിഎഫ് ശക്തമായി പ്രതിരോധിക്കും. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. മുന്നണി ഐക്യത്തോടെ കൊണ്ടുപോകുന്നത് സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു എന്നാണ് വിവരം. യുഡിഎഫ് പ്രവര്‍ത്തകരെ സജീവമാക്കുക എന്ന ലക്ഷ്യവും പുതിയ സമര പരിപാടികള്‍ക്ക് പിന്നിലുണ്ട്.












Click it and Unblock the Notifications