'വാട്‌സ്‌ആപ്പ് ഗ്രൂപ്പ് വരെ തനിക്കെതിരെ പ്രവർത്തിക്കുന്നു' ; വനം വകുപ്പിനെതിരെ വാവ സുരേഷ്
തിരുവനന്തപുരം : പാമ്പു കടിയേറ്റ് ആശുപത്രിയിൽ കഴിഞ്ഞിരുന്ന വാവ സുരേഷ് വീണ്ടും സജീവമാകുന്നതിനിടെ വനംവകുപ്പിനെതിരെ ആരോപണം. വനം വകുപ്പ് ഉദ്യോഗസ്ഥൻ പാമ്പുപിടിത്തം തടസപ്പെടുത്തുവെന്നാണ് വാവ സുരേഷിന്റെ ആരോപണം. തനിക്ക് എതിരായ നീക്കത്തിന് പിന്നില്‍ ചില വനംവകുപ്പ് ഉദ്യോഗസ്ഥരാണെന്നും ഇതിനായി ഒരു വാട്‌സ്‌ആപ്പ് ഗ്രൂപ്പ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും വാവ സുരേഷ് പറഞ്ഞു.
തനിക്ക് പാമ്പു കടിയേറ്റ സമയം സമയത്ത് തനിക്കെതിരെ മാധ്യമങ്ങളിൽ പോയി സംസാരിച്ചവരുണ്ട്. പാമ്പ് കടിയേൽക്കുന്നതിന് മുന്നോടിയായി തന്നെ പത്തനംതിട്ട, റാന്നി, കോന്നി മേഖലകളിൽ നിന്നെല്ലാം എനിക്ക് കോളുകൾ വരാറുണ്ട്. എന്നാൽ ഈ സംഭവത്തിന് ശേഷം എന്നെ വിളിക്കരുതെന്ന് ആർക്കൊക്കെയോ നിർദേശം നൽകിയിട്ടുണ്ടെന്നും വാവ സുരേഷ് പറഞ്ഞു. ഇത്തരത്തിലൊരു പ്രസ്‌താവന പുറത്തുനിന്ന് ഒരാളും പറയാനുള്ള സാധ്യത കാണുന്നില്ലെന്നും ലോക്കലായുള്ള ഒരാള്‍ പറഞ്ഞാല്‍ അവിടുത്തെ ജനങ്ങളോ അധികാരികളോ അംഗീകരിക്കാന്‍ സാധ്യതയില്ലെന്നും തിരുവനന്തപുരത്ത് വച്ച് മാധ്യമങ്ങളോട് പ്രതികരിച്ചു.

സുരേഷിനെ വിളിക്കരുതെന്ന് മുകളിൽ നിന്ന് പറഞ്ഞതായി അവിടത്തെ ആളുകൾ തന്നെ വിളിച്ചുപറഞ്ഞുവെന്ന് വാവ സുരേഷ് ആരോപിച്ചു. പാമ്പിനെ പിടിക്കുന്ന കുറച്ചുപേരുടെ ഒരു വാട്ട്‌സ് ആപ്പ് കൂട്ടായ്മയുണ്ട്. വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്ന് രണ്ടുവര്‍ഷം മുന്‍പേ അതില്‍ ചാറ്റ് വന്നതിന്റെ സ്‌ക്രീന്‍ ഷോട്ട് എനിക്ക് ഒരാള്‍ അയച്ചു തന്നിരുന്നു. അഞ്ചുലക്ഷം രൂപ പന്തയം വെക്കുന്നു, വാവാ സുരേഷ് ഇനി പാമ്പിനെ പിടിക്കില്ലെന്നും ആ ചാറ്റില്‍ പറഞ്ഞിരുന്നെന്നും വാവാ സുരേഷ് വ്യക്തമാക്കി.

കോട്ടയം കുറിച്ചിയിൽ വച്ചാണ് വാവ സുരേഷിനെ മൂർഖൻ പാമ്പ് കടിച്ചത്. പാമ്പിനെ ചാക്കിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടെ വലതുകാലിലെ മുട്ടിനു മുകൾഭാഗത്താണ് പാമ്പ് കടിച്ചത്. തുടർന്ന് ഇഴഞ്ഞു പോകാൻ ശ്രമിച്ച പാമ്പിനെ വാവ സുരേഷ് ചാക്കിലേക്ക് കയറ്റിയിരുന്നു. തുടർന്ന് വാവ സുരേഷിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

എന്നാൽ സ്ഥിതി ഗുരുതരം ആയതോടെ കോട്ടയം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. ആദ്യം തന്നെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ച് ആണ് വാവ സുരേഷിന് ചികിത്സ നൽകിയത്. കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോക്ടർ ടി കെ ജയകുമാർ നേതൃത്വത്തിൽ ആറംഗ വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് വാവ സുരേഷിനെ ചികിത്സിച്ചത്.












Click it and Unblock the Notifications