സുഹൃത്തിനായി കാമുകിയെ ബൈക്കില്‍ കോട്ടയത്ത് നിന്നെത്തിച്ച് യുവാവ്; ഇനി തനിക്ക് വേണ്ടെന്ന് സുഹൃത്ത്, അടിപിടി
ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആണ് യുവാവ് കടത്തിക്കൊണ്ട് വന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്

നേമം: സോഷ്യല്‍ മീഡിയ വഴിയുണ്ടാകുന്ന പ്രണയങ്ങള്‍ പലപ്പോഴും അബദ്ധത്തില്‍ ചെന്ന് കലാശിക്കാറുണ്ട്. സ്‌കൂള്‍ കുട്ടികളാണ് പലപ്പോഴും ഇത്തരം അബദ്ധത്തില്‍ ചെന്ന് ചാടാറുള്ളത്. ഇത്തരം ഒരു സംഭവമാണ് ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം നേമത്തെ മുടവൂര്‍പാറയില്‍ രണ്ട് യുവാക്കള്‍ നടുറോഡില്‍ തമ്മില്‍ തല്ലിയിരുന്നു. ഇവര്‍ക്കൊപ്പം സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. നാട്ടുകാരാണ് തമ്മില്‍ തല്ലുകയായിരുന്ന യുവാക്കളെ പിടിച്ച് മാറ്റിയത്. പിന്നീട് പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വെളിവായത്.
റസല്‍പുരം സ്വദേശി ധനുഷും (19) തേമ്പാമുട്ടം സ്വദേശി വിജിത്തും (24) ആണ് നടുറോഡില്‍ തമ്മില്‍ തല്ലിയത്. സുഹൃത്തായ ധനുഷിന് വേണ്ടി കോട്ടയം തലയോലപ്പറമ്പില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് വന്നതായിരുന്നു വിജിത്ത്.
എന്നാല്‍ പെണ്‍കുട്ടിയെ എത്തിച്ചതോടെ ഇനി തനിക്ക് വേണ്ട എന്ന നിലപാടിലായി ധനുഷ്. ഇതോടെയാണ് ഇരുവരും തമ്മില്‍ പ്രശ്‌നമായത്. സോഷ്യല്‍ മീഡിയ വഴിയാണ് ധനുഷ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയും കോട്ടയം സ്വദേശിനിയുമായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

വിജിത്തിന്റെ ഫോണിലൂടെയായിരുന്നു ധനുഷും പെണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചിരുന്നത്. ഞായറാഴ്ച രാവിലെ ആണ് വിജിത്ത് കോട്ടയത്ത് നിന്ന് പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ട് വന്നത്. മുടവൂര്‍പാറയില്‍ എത്തിച്ച് ധനുഷിന് പെണ്‍കുട്ടിയെ കൈമാറാനായിരുന്നു പദ്ധതി.
എന്നാല്‍ വിജിത്ത് പെണ്‍കുട്ടിയുമായി എത്തിയപ്പോള്‍ ധനുഷ് പിന്മാറുകയായിരുന്നു. ഇനി തനിക്ക് വേണ്ടെന്നും പെണ്‍കുട്ടിയെ എടുത്തോളൂ എന്നുമായിരുന്നു ധനുഷ് വിജിത്തിനോട് പറഞ്ഞത്. ഇതോടെ പ്രകോപിതനായ വിജിത്ത് ധനുഷുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ഇരുവരും തമ്മില്‍ തല്ലുകയുമായിരുന്നു.
പെണ്‍കുട്ടിയെ സമീപം നിര്‍ത്തി ധനുഷും വിജിത്തും തല്ല് കൂടുന്നത് കണ്ട നാട്ടുകാര്‍ മൂവരേയും തടഞ്ഞ് വെച്ച് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് മൂന്ന് പേരെയും പൊലീസ് സ്റ്റേഷനിലെത്തി ചോദ്യം ചെയ്തു. നരുവാമൂട് പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകാരെ വിവരം അറിയിച്ചിട്ടുണ്ട്. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരിക്കും കേസെടുക്കുക.












Click it and Unblock the Notifications