പികെ ഫിറോസിന് ജാമ്യം; ജയിലില്‍ കഴിഞ്ഞത് 14 ദിവസം, പുറത്തിറങ്ങുന്നത് ഉപാധികളോടെ
നേരത്തെ അറസ്റ്റിലായ 28 യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു

തിരുവനന്തപുരം: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന് ജാമ്യം. തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. കഴിഞ്ഞ മാസം 23നാണ് പികെ ഫിറോസ് അറസ്റ്റിലായതും റിമാന്റിലായതും. യൂത്ത് ലീഗ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചു, പൊതുമുതല്‍ നശിപ്പിച്ചു, അനുമതിയില്ലാതെ മാര്‍ച്ച് സംഘടിപ്പിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരുന്നത്.
പോലീസുകാരെ ആക്രമിച്ചു എന്ന വകുപ്പ് ചുമത്തിയതിനാല്‍ സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിച്ചില്ല. കേസില്‍ 29 പ്രതികളാണ് അറസ്റ്റിലായത്. ഒന്നാം പ്രതിയാണ് പികെ ഫിറോസ്. ആദ്യം 28 യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് കേസില്‍ അറസ്റ്റിലായത്. ഇവരെ കോടതി പൂജപ്പുര ജില്ലാ ജയിലിലേക്ക് റിമാന്റ് ചെയ്തിരുന്നു. പ്രവര്‍ത്തകരെ ജയിലില്‍ സന്ദര്‍ശിച്ച മടങ്ങവെയാണ് പികെ ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ നേരത്തെ സമര്‍പ്പിക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ശേഷമാണ് ഫിറോസിന്റെ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇതോടെ കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു. ഫിറോസിനെ അറസ്റ്റ് ചെയ്തത് പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം കേസെടുത്തത് സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു.
കഴിഞ്ഞ മാസം 18ന് യൂത്ത് ലീഗ് നടത്തിയ സേവ് കേരള സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് കേസ്. ഫിറോസിന്റെ അറസ്റ്റിനെതിരെ വിവിധ സ്ഥലങ്ങളില്‍ യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു. പകപോക്കലാണ് നടക്കുന്നതെന്നും ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ഫിറോസ് അറസ്റ്റിലായ വേളയില്‍ പറഞ്ഞിരുന്നു.
50000 രൂപയുടെ പൊതുമുതല്‍ മാര്‍ച്ചിനിടെ നശിപ്പിച്ചു എന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്. പൊതുമരാമത്ത് വകുപ്പ് വിശദമായ പരിശോധന നടത്തിയ ശേഷം തുക കൃത്യമായി കണക്കാക്കും. ഭരണകൂട ഭീകരതയാണ് നടക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അറസ്‌റ്റെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാര്‍ നടപടി തീക്കളിയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications