തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ 253 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകള്‍, ആകെയുള്ളത് 3858 പോളിംഗ് സ്‌റ്റേഷനുകള്‍

Google Oneindia Malayalam News

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ്ണ സജ്ജമായതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. ജില്ലയിലെ വോട്ടര്‍മാര്‍ക്ക് ചൊവ്വാഴ്ച ബൂത്തുകളിലെത്തി സുഗമമായി വോട്ടു ചെയ്യാം. വോട്ടിങ് യന്ത്രങ്ങള്‍ കമ്മീഷനിങ് പൂര്‍ത്തിയാക്കി വിതരണത്തിന് സജ്ജമായി. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ശക്തമായ സുരക്ഷയും ഒരുക്കിയിട്ടുണ്ട്. വോട്ടെടുപ്പ് രാവിലെ ഏഴുമുതല്‍ രാത്രി ഏഴുവരെയാണ്. വൈകീട്ട് ആറുമുതല്‍ ഏഴുവരെ കോവിഡ് രോഗികള്‍ക്ക് വോട്ടുചെയ്യാന്‍ അവസരം നല്‍കും. കോവിഡ് മാര്‍ഗരേഖകള്‍ പൂര്‍ണമായും പാലിക്കും.

1

നിയമസഭാ തിരഞ്ഞെടുപ്പില്‍ 3858 പോളിങ് സ്റ്റേഷനുകളാണ് ജില്ലയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ 2298 എണ്ണം പ്രധാന പോളിങ് സ്റ്റേഷനുകളും 1560 എണ്ണം ഓക്‌സിലറി പോളിംഗ് സ്റ്റേഷനുകളുമാണ്. പ്രധാന പോളിങ് സ്റ്റേഷനുകളില്‍ 543 എണ്ണം നഗര പ്രദേശത്തും 1755 എണ്ണം ഗ്രാമ പ്രദേശത്തുമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 2027 പോളിങ് സ്റ്റേഷനുകളാണ് ആകെ ഉണ്ടായിരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് കൂടുതല്‍ ബൂത്തുകളും സ്റ്റേഷനുകളും ക്രമീകരിച്ചിരിക്കുന്നത്.

മാര്‍ച്ച് ഇരുപതിലെ കണക്ക് പ്രകാരം ജില്ലയിലെ 13 നിയമസഭ നിയോജക മണ്ഡലങ്ങളിലായി ആകെ 2612032 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 1360101 പേര്‍ സ്ത്രീകളും 1251885 പേര്‍ പുരുഷന്മാരുമാണ്. ട്രാന്‍സ്ജെന്റര്‍ വിഭാഗത്തില്‍പ്പെട്ട 46 വോട്ടര്‍മാരുണ്ട്. 4176 പ്രവാസി വോട്ടര്‍മാരും 1746 സര്‍വീസ് വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

ജില്ലയില്‍ 253 പ്രശ്‌നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘര്‍ഷ സാധ്യത ബൂത്തുകളുമാണുള്ളത്. ഇവിടെ അധിക സുരക്ഷ ഒരുക്കും. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന്റെ പരിധിയില്‍ 138 പ്രശ്‌നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും ഉണ്ട്. തൃശൂര്‍ റൂറല്‍ പൊലീസ് പരിധിയില്‍ 115 പ്രശ്‌ന ബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളു? 29 സംഘര്‍ഷസാധ്യത ബൂത്തുകളുമാണുള്ളത്. കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്.

ഓരോ മണ്ഡലങ്ങളിലും അഞ്ച് എണ്ണം വീതം 65 മാതൃകാ പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വരി നില്‍ക്കേണ്ടി വന്നാല്‍ ഊഴമെത്തുന്നതുവരെ വിശ്രമിക്കുന്നതിന് ടോക്കണ്‍ സംവിധാനം, മുലയൂട്ടല്‍ മുറി, വിശ്രമസ്ഥലം തുടങ്ങിയ സൗകര്യങ്ങളാണ് മാതൃക സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. കയ്പമംഗലം മണ്ഡലത്തില്‍ 5 എണ്ണവും മറ്റ് 12 മണ്ഡലങ്ങളില്‍ ഓരോന്ന് വീതവും 17 വനിതാ സൗഹൃദ ബൂത്തുകളും സജ്ജമാണ്.

പോളിംഗ് ബൂത്തുകളില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേക ക്യൂ ഉണ്ടാകും. ഭിന്നശേഷിക്കാര്‍ക്കും എണ്‍പതിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കും. ക്യൂവില്‍ സാമൂഹിക അകലം ഉറപ്പാക്കുന്നതിന് നില്‍ക്കേണ്ട സ്ഥലം മുന്‍കൂട്ടി മാര്‍ക്ക് ചെയ്യും. വോട്ടര്‍മാര്‍ അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് വളണ്ടിയര്‍മാരെയും നിയോഗിക്കും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4562 ബാലറ്റ് യൂണിറ്റ്, 4562 കണ്‍ട്രോള്‍ യൂണിറ്റ്, 5212 വിവി പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്.

ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി 26,000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങള്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന് സെക്ടര്‍ തലത്തില്‍ മേല്‍നോട്ടം വഹിക്കുന്നതിന് സെക്ടര്‍ ഓഫീസര്‍മാരെയും അസിസ്റ്റന്റ് സെക്ടര്‍ ഓഫീസര്‍മാരെയും നിയമിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി ഓരോ ബൂത്തിലും 1000 വോട്ടര്‍മാരില്‍ അധികരിക്കാതെയുള്ള സംവിധാനമാണ്ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ബൂത്തുകളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഓരോ ബൂത്തിലേക്കും കോവിഡ് പ്രോട്ടോകോള്‍ ഓഫീസറെ നിയമിക്കും. ബൂത്തുകളിലേക്ക് ആവശ്യമായ മാസ്‌കുകളും ഗ്ലൗസുകളും എത്തിക്കും. ബൂത്തിലെത്തുന്ന വോട്ടറുടെ ശരീരതാപനില 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണെങ്കില്‍ മൂന്ന് തവണ താപനില പരിശോധിക്കും. ഏതെങ്കിലും ഒരു തവണ താപനില കുറവാണെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കും. മൂന്ന് തവണയും കൂടുതലാണെങ്കില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തിലുമുള്ളവര്‍ക്കുള്ള വോട്ടിംഗ് സമയത്ത് മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കൂ. ഇതിനായി ടോക്കണ്‍ നല്‍കും.

ജില്ലയില്‍ എം ത്രീ സീരീസിലുള്ള ആധുനിക സാങ്കേതിക വിദ്യയിലുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിനാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കാനുള്ള സാധ്യത വളരെ കുറവാണ്. തകരാറിലാകുന്ന യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനും ആവശ്യമെങ്കില്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കുന്നതിനും പരിശീലനം ലഭിച്ച എഞ്ചീനിയര്‍മാരുടെയും ജീവനക്കാരുടെയും പ്രത്യേക ടീം ഉണ്ടാകും.

Thrissur
English summary
253 sensitive polling booth in thrissur says collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X