തലവേദനയ്ക്ക് കുത്തിവെപ്പെടുത്ത ഏഴ് വയസുകാരന്റെ കാല് തളർന്നു; ഡോക്‌ടർക്കും, നഴ്‌സിനും എതിരെ കേസ്
തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ തലവേദനക്ക് കുത്തിവെപ്പെടുത്ത എഴുവയസുകാരന്റെ കാല് തളർന്നെന്ന പരാതിയിൽ ഡോക്‌ടർക്കും നഴ്‌സിനുമെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഡോക്‌ടറെ ഒന്നാം പ്രതിയും നഴ്‌സിനെ രണ്ടാം പ്രതിയുമാക്കിയാണ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്. പാലയൂർ നാലകത്ത് കാരക്കാട് ഷാഫിലിന്റെ മകൻ മുഹമ്മദ് ഗസാലിയെന്ന ഏഴ് വയസുകാരന്റെ ഇടത് കാലിനാണ് കുത്തിവെപ്പെടുത്തത് മൂലം തളർച്ച ബാധിച്ചത്.
ഡിസംബർ ഒന്നിനായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പാലയൂർ സെന്റ് തോമസ് എൽപി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു മുഹമ്മദ് ഗസാലി. തലവേദനയെ തുടർന്നാണ് കുട്ടി ഉമ്മ ഹിബയുമൊത്ത് താലൂക്ക് ആശുപത്രിയിൽ ചികിത്സക്കായി എത്തിയത്. തുടർന്ന് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്‌ടറെ കാണിച്ചപ്പോൾ രണ്ട് കുത്തിവെപ്പുകൾ എടുക്കാൻ നിർദേശിക്കുകയായിരുന്നു.

ഗസാലിയുടെ ഇടതു കൈയിലാണ് ആദ്യം കുത്തിവെപ്പ് നൽകിയത്. കൈയിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി പരാതി പറഞ്ഞപ്പോൾ പുരുഷ നഴ്‌സ് സിറിഞ്ച് താഴെ വെച്ച് അവിടെനിന്ന് പോയെന്ന് പരാതിയിൽ ആരോപിക്കുന്നു. പിന്നീട് കുട്ടിയുടെ ഉമ്മ പിന്നാലെ പോയി വിളിച്ചിട്ടാണ് നഴ്‌സ് തിരികെ വന്നത്. അതിന് ശേഷം കുട്ടിയുടെ അരക്കെട്ടിൽ ഇടതുഭാഗത്തായി കുത്തിവെപ്പ് നൽക്കുകയായിരുന്നു.
ഈ കുത്തിവെപ്പ് എടുത്തതിന് പിന്നാലെ ഇടതുകാലിൽ ശക്തമായ വേദനയും തരിപ്പും അനുഭവപ്പെട്ടു. എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ കുട്ടി വീഴാൻ പോകുകയും ഇടത് കാലിന് ബലക്കുറവ് തോന്നുകയും ചെയ്‌തു. ഉടൻ ഹിബ ഡോക്‌ടറെ ചെന്നുകണ്ട് വിവരം പറഞ്ഞെങ്കിലും, കൈയിൽ തടിപ്പുള്ള ഭാഗത്ത് പുരട്ടാൻ ഓയിൻമെന്റ് നൽകിയ ഡോക്‌ടർ കാലിലെ ബുദ്ധിമുട്ട് മാറിക്കോളുമെന്ന് പറഞ്ഞ് വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു.
എന്നാൽ വീട്ടിലെത്തിയിട്ടും കാലിന്റെ തളർച്ച മാറാതെ വന്നതോടെ ഗസാലിയെ കോട്ടക്കലിലെ ആശുപത്രിയിലെത്തികുകയായിരുന്നു. മരുന്ന് മാറിയതിനാലോ, ഇഞ്ചക്ഷൻ ഞരമ്പിൽ കൊണ്ടതിനാലോ ആവാം കാലിലെ തളർച്ച ഉണ്ടായതെന്ന് അവിടെയുള്ള ഡോക്‌ടർ പറഞ്ഞതായി പരാതിയിൽ അവർ ഉന്നയിക്കുന്നു.
തുടർന്നാണ് രക്ഷിതാക്കൾ ചാവക്കാട് പോലീസിൽ വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകിയത്. ഇതിന് പുറമെ ആശുപത്രി സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ, സ്ഥലം എൽഎൽഎ, ആരോഗ്യമന്ത്രി, ബാലാവകാശ കമ്മീഷൻ എന്നിവർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി ജില്ലാ മെഡിക്കൽ ഓഫിസർക്ക് റിപ്പോർട്ട് നൽകുമെന്നാണ് ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ പോലീസ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications