• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കേരളവര്‍മ കോളജില്‍ അയ്യപ്പനെ അവഹേളിച്ച് ബോര്‍ഡ്; എസ്ഫ്ഐ സ്ഥാപിച്ച ബോർഡിനെതിരെ പ്രതിഷേധം, മതസ്പര്‍ദ്ധ വളര്‍ത്തി കലാപമുണ്ടാക്കാനാണ് നീക്കമെന്ന് ബിജെപി

  • By Desk

തൃശൂര്‍: കേരളവര്‍മ കോളജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ശബരിമല അയ്യപ്പനെ വികലമായി ചിത്രീകരിച്ച ബോര്‍ഡു സ്ഥാപിച്ചു വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്നാക്ഷേപം. ശബരിമലയില്‍ സ്ത്രീ പ്രവേശനം അനിവാര്യമാണെന്നു വ്യക്തമാക്കിയ ബോര്‍ഡില്‍ രക്തം ഒലിച്ചിറങ്ങുന്ന കാലുകള്‍ക്കു നടുവില്‍ തലകീഴായുള്ള അയ്യപ്പന്റെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.

ഓണത്തിന് ഒരു ലക്ഷം കിലോ പച്ചക്കറി പദ്ധതിയുമായി കുടുംബശ്രീ; ക്യാംപയിനിംഗിനായി ഞാറ്റുവേല അഗ്രിഫെസ്റ്റ് ചൊവ്വാഴ്ച മുതല്‍ കല്‍പ്പറ്റയില്‍, ജൂലൈ എട്ടിന് തരിശുഭൂമിയില്‍ കമ്പളനാട്ടിയും നടത്തും

ശബരിമല സ്ത്രീ പ്രവേശന വിഷയവും കഴിഞ്ഞ തെരഞ്ഞെടുപ്പു തോല്‍വിക്ക് ഇടയാക്കിയെന്ന സിപിഎം വിലയിരുത്തലിനിടെയാണ് വിവാദ ബോര്‍ഡ്. മുമ്പ് വീണ വായിക്കുന്ന നഗ്ന സ്ത്രീ രൂപം വരച്ച ബോര്‍ഡു സ്ഥാപിച്ച് സരസ്വതീദേവിയെ അപമാനിച്ചുവെന്നതിന്റെ പേരില്‍ വന്‍ വിവാദമായിരുന്നു. എസ്എഫ്ഐയായിരുന്നു ഇതിനു പുറകിലും. കോളജില്‍ വിദ്യാര്‍ഥികള്‍ നടത്തിയ ബീഫ് വിളമ്പലും പലരും ഏറ്റുപിടിച്ചു.

വിശ്വാസികള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്തി കലാപമുണ്ടാക്കാനാണ് നീക്കമെന്നും ബോര്‍ഡ് എത്രയും പെട്ടെന്ന് നീക്കണമെന്നും ബി.ജെ.പി. ജില്ലാസെക്രട്ടറി കെ.കെ.അനീഷ്‌കുമാര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കി. ബോര്‍ഡു സ്ഥാപിച്ചവര്‍ക്ക് എതിരേ കര്‍ശന നടപടികളെടുക്കണമെന്നും ആവശ്യപ്പെട്ടു.

ബോര്‍ഡില്‍ പറയുന്നത്: 'പിറവി; അതൊരു യാഥാര്‍ഥ്യമാണ്, പെണ്ണുടലിനു മാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നുവീണതൊരേ വഴിയിലൂടെ. എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിഷേധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്കു നേരെ മുഖംതിരിക്കാന്‍. ശബരിമല സ്ത്രീ പ്രവേശനം; ഐക്യദാര്‍ഢ്യം, സമത്വം'

സമീപത്തു മറ്റൊരുബോര്‍ഡും ആക്ഷേപകരമായ രീതിയില്‍ സ്ഥാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ചു മാനേജുമെന്റായ കൊച്ചിന്‍ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ബി.ജെ.പി പ്രതിഷേധ പ്രകടനം നടത്തി. കുറ്റക്കാരെ കോളജില്‍ നിന്നു പുറത്താക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് കൗണ്‍സിലറും ഡി.സി.സി. ജന.സെക്രട്ടറിയുമായ എ.പ്രസാദ് ഉദ്ഘാടനം ചെയ്തു.

നിത്യേന തിരി തെളിയിക്കുന്ന കോളജിലെ ക്ഷേത്രത്തിനു മുന്നില്‍ മുമ്പു ബീഫ് ഫെസ്റ്റ് നടത്തിയ എസ്.എഫ്്.ഐക്കാര്‍ സമരാഭാസം ആവര്‍ത്തിക്കുകയാണെന്ന് ബി.ജെ.പി. ആരോപിച്ചു. ഒരുവിഭാഗം വിശ്വാസികളെ തെരഞ്ഞുപിടിച്ച് ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്നവരെ സംരക്ഷിക്കുന്ന സി.പി.എമ്മിന്റേയും ദേവസ്വം ബോര്‍ഡിന്റെയും നിലപാടിന് എതിരേ ശക്തമായ പ്രതിഷേധസമരം തുടരുമെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു. തൃശൂര്‍ നി.മണ്ഡലം പ്രസിഡന്റ് എ.നാഗേഷ് അധ്യക്ഷനായി. അഡ്വ.ബി.ഗോപാലകൃഷ്ണന്‍, ഇ.വി. കൃഷ്ണന്‍ നമ്പുതിരി, സുരേന്ദ്രന്‍ അയിനിക്കുന്നത്ത്, പി.കെ.ബാബു, ഷൈന്‍ നെടിയിരിപ്പില്‍, രഘുനാഥ്.സി.മേനോന്‍, ഐ.ലളിതാംബിക എന്നിവര്‍ പ്രസംഗിച്ചു.

ബോര്‍ഡ് സ്ഥാപിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കോളേജില്‍ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ദേവസ്വം ബോര്‍ഡ് ആഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി

കേരളവര്‍മ്മ കോളജില്‍ അയ്യപ്പസ്വാമിയുടെ ചിത്രം വികലമായി വരച്ച് മത വിശ്വാസത്തെ മനഃപൂര്‍വം വ്രണപ്പെടുത്താന്‍ ബോര്‍ഡ് സ്ഥാപിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകരെ കോളജില്‍നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ നിയോജക മണ്ഡലം കമ്മിറ്റി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ആഫീസ് കവാടത്തില്‍ പോലീസ് തടഞ്ഞു. ഡി.സി.സി. ജന. സെക്രട്ടറി എ. പ്രസാദ് ഉദ്ഘാടനം ചെയ്തു.

കേരളവര്‍മ്മ കോളജ് മാനേജര്‍ കൂടിയായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി സി.പി.എമ്മിന്റെ ദാസ്യപ്പണി അവസാനിപ്പിക്കണമെന്നും എല്ലാ മതവിഭാഗത്തിലും പെടുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിനകത്ത് വിശ്വാസികളുടെ മനസിനെ വേദനിപ്പിക്കുന്ന നടപടികള്‍ ആവര്‍ത്തിക്കുന്നത് മാനേജ്‌മെന്റിന്റെ മൗനസമ്മതം കൊണ്ടാണന്നും പ്രസാദ് പറഞ്ഞു.മതവികാരം വ്രണപ്പെടുത്തിയതിന് ബോര്‍ഡ് സെക്രട്ടറി പോലീസില്‍ പരാതി നല്‍കണമെന്നും ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ജെലിന്‍ ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. പാര്‍ലമെന്റ് സെക്രട്ടറി രതീഷ്. സി.എം, എ.കെ. സുരേഷ്, എം. സുജിത്ത് കുമാര്‍, കെ. സുരേഷ്, ടി.എന്‍. രാജീവ്, എം.എസ്. കൃഷ്ണദാസ്, സി. ബിനോജ്, അമല്‍ ഖാന്‍, കെ. സുമേഷ്, രാജീവ് സി.വി., അഖില്‍ പേരോത്ത്, ജോമോന്‍ ജോണ്‍, സജു ഈച്ചരത്ത്, എന്നിവര്‍ നേതൃത്വം നല്‍കി.

പങ്കില്ലെന്ന് എസ്എഫ്ഐ

കേരളവര്‍മ കോളജില്‍ നവാഗതരെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി എസ്.എഫ്.ഐയുടെ പേരില്‍ ഒരു മതവിഭാഗത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ സ്ഥാപിച്ച ബോര്‍ഡുമായി എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിക്കോ പ്രവര്‍ത്തകര്‍ക്കോ ഒരു ബന്ധവുമില്ലെന്ന് തൃശൂര്‍ ഏരിയാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ബോധപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹികവിരുദ്ധര്‍ സ്ഥാപിച്ച ബോര്‍ഡിനെ അധികരിച്ച് നവമാധ്യമങ്ങളിലും മറ്റുമായി വ്യാപക വിദ്വേഷപ്രചാരണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസ്തുത ബോര്‍ഡ് സ്ഥാപിച്ചതുമായി എസ്.എഫ്.ഐക്ക് ഒരു ബന്ധവുമില്ല.

ചുവന്ന പ്രതലത്തില്‍ എസ്.എഫ്.ഐയുടെ പേരും ചിത്രവും കുറിപ്പും സഹിതം തയാറാക്കിയ പ്രസ്തുതബോര്‍ഡ് കോളജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെട്ടയുടനെതന്നെ എടുത്തുമാറ്റുകയും ചെയ്തു. വിദ്വേഷപ്രചാരണത്തിന്റെ ഭാഗമായി ഉയര്‍ന്ന ബോര്‍ഡ് വിവാദം എസ്.എഫ്.ഐയെ ആക്രമിക്കുന്നതിന് ബോധപൂര്‍വം ഉപയോഗിച്ചതാണെന്ന് വ്യക്തം. ഒരു മതത്തേയോ, വ്യക്തിയേയോ തെറ്റായ ദിശയില്‍ ചിത്രീകരിക്കുന്നത് എസ്.എഫ്.ഐ. നയമല്ല. ഇതുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരെ ഉയരുന്ന മുഴുവന്‍ കള്ളപ്രചാരണങ്ങളെയും തള്ളിക്കളയണമെന്നും ഇത്തരം സംഭവങ്ങളെ കുറിച്ച് ജാഗ്രതവേണമെന്നും എസ്.എഫ്.ഐ. തൃശൂര്‍ ഏരിയാ കമ്മിറ്റി അഭ്യര്‍ഥിച്ചു.

Thrissur

English summary
BJP against SFI in Kerala Varma College
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X