കോണ്‍ഗ്രസും സിപിഎമ്മും കൈകോർത്തു: തിരുവില്വാമല പഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി
തൃശൂർ: കോണ്‍ഗ്രസും സി പി എമ്മും ഒന്നിച്ചതോടെ ബി ജെ പിക്ക് പഞ്ചായത്ത് ഭരണം നഷ്ടമായി. തൃശൂർ ജില്ലയിലെ തിരുവില്വാമല പഞ്ചായത്തിലാണ് ബി ജെ പിക്ക് അധികാരം നഷ്ടമായത്. പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം ആറിനെതിരെ 11 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു. തൃശ്സൂർ ജില്ലയിലെ ബി ജെ പി അധികാരത്തിലിരിക്കുന്ന രണ്ട് പഞ്ചായത്തുകളിലൊന്നായിരുന്നു തിരുവില്വാമല. അവിശ്വാസ പ്രമേയം പാസായതോടെ ബി ജെ പി ഭരണം ഒരു പഞ്ചായത്തിലേക്ക് ഒതുങ്ങി.
യു ഡി എഫും എല്‍ ഡി എഫും സംയുക്തമായാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയിരുന്നത്. 2021 ഡിസംബറില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ 17 വാർഡുകളുള്ള പഞ്ചായത്തില്‍ ബി ജെ പിക്കും യു ഡി എഫിനും ആറ് വീതം സീറ്റുകളായിരുന്നു ലഭിച്ചത്. സി പി എം അഞ്ച് സീറ്റിലും വിജയിച്ചു. തുടർന്ന് നറുക്കെടുപ്പിലൂടെയായിരുന്നു പഞ്ചായത്ത് ഭരണം നിശ്ചയിച്ചത്. നറുക്കെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ ബി ജെ പിക്ക് ലഭിച്ചു.

ഇടത് വലത് മുന്നണികൾ സംയുക്തമായ് അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയ സാഹചര്യത്തില്‍ ബി ജെ പി നേരത്തെ തിരുവില്വാമല ടൌണില്‍ പ്രതിഷേധ പ്രകടനവുമായി രംഗത്ത് വന്നിരുന്നു. അവിശ്വാസം കൊണ്ടുവരാനായി യുഡിഎഫ് നേതാക്കളിൽ നിന്നും എൽ ഡി എഫ് നേതാവ് 25 ലക്ഷം രൂപ കൈപറ്റിയെന്നായിരുന്നു ബി ജെ പി നേതാക്കളുടെ ആരോപണം.












Click it and Unblock the Notifications