ആരോഗ്യ സര്‍വകലാശാലയുടെ വികസനത്തിന് പുതിയ പദ്ധതികള്‍ സഹായകരം: മുഖ്യമന്ത്രി
തൃശൂര്‍: ആരോഗ്യ സര്‍വകലാശാലയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും വികസനത്തിനും പുതിയ പദ്ധതികള്‍ ഏറെ സഹായകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയിലെ പരീക്ഷാഭവന്‍ - വിജ്ഞാന്‍ ഭവന്‍ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, മഴവെള്ള സംഭരണി എന്നിവ ഓണ്‍ ലൈനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അക്കാദമിക് രംഗത്തെ മികവിന് പരീക്ഷകളുടെ കൃത്യമായ നടത്തിപ്പ് അനിവാര്യമാണ്. ആരോഗ്യ സര്‍വകലാശാലയടക്കമുള്ള സര്‍വകലാശാലകള്‍ കൃത്യസമയത്ത് പരീക്ഷ നടത്താന്‍ ശ്രമിക്കുന്നുണ്ട്. കോവിഡ് കാലത്ത് കൃത്യമായ പരീക്ഷ നടത്താനും സമയബന്ധിതമായി ഫലം പ്രഖ്യാപിക്കാനും ആരോഗ്യ സര്‍വകലാശാലയ്ക്ക് കഴിഞ്ഞു. ഇത്തരം നേട്ടങ്ങളിലൂടെ മുന്നോട്ടു പോകാന്‍ പരീക്ഷാഭവന്‍ - വിജ്ഞാന്‍ ഭവന്‍ സൗകര്യങ്ങള്‍ ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയ്ക്ക് പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ രംഗത്ത് സവിശേഷമായ നേട്ടങ്ങള്‍ കൈവരിച്ച സംസ്ഥാനമാണ് കേരളം. കേരളത്തിന്റെ ആരോഗ്യ മേഖലയിലെ അക്കാദമിക്ക് പ്രകടനങ്ങള്‍ ഇന്ന് പഠന ഗവേഷണ രംഗങ്ങളില്‍ മികവുറ്റ സംഭാവനകള്‍ നല്‍കുന്ന ഒന്നായി വളര്‍ന്നിട്ടുണ്ട്. ആരോഗ്യ സര്‍വകലാശാലയുടെ സ്ഥാപനങ്ങളില്‍ പഠിക്കുന്ന ഒരുലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ ഭാവിയില്‍ കേരളത്തിന്റെ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ്.
ആ നിലയ്ക്ക് കേരളത്തിന്റെ സാമൂഹ്യ മുന്നേറ്റത്തില്‍ വലിയ പങ്ക് വഹിക്കാന്‍ ആരോഗ്യ സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്നും മെഡിക്കല്‍ പഠനരംഗത്ത് മികച്ച രീതിയിലുള്ള മുന്നേറ്റം നടത്താന്‍ ഇക്കഴിഞ്ഞ ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്ഷേമപദ്ധതികളും വികസന പദ്ധതികളും സംയോജിപ്പിച്ച് ഒരു നവകേരളം കെട്ടിപ്പടുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍വകലാശാല ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രോ ചാന്‍സലറും ആരോഗ്യ മന്ത്രിയുമായ വീണ ജോര്‍ജ് അധ്യക്ഷയായി. കേരളത്തെ ഹെല്‍ത്ത് ഹബ് ആക്കി മാറ്റുമെന്നും കേരളത്തിന്റെ ആരോഗ്യ മേഖല ബ്രാന്‍ഡഡ് ആണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംസ്ഥാനത്തിന്റെ ആരോഗ്യ സൂചികകള്‍ ദേശീയ തലത്തില്‍ ഏറ്റവും മികച്ചതും രാജ്യാന്തര തലത്തില്‍ വികസിത രാജ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവയുമാണ്. വിദ്യാഭ്യാസത്തിലൂടെയുള്ള ബോധങ്ങളുടെയും ബോധ്യങ്ങളുടെയുമെല്ലാം അടിസ്ഥാനത്തില്‍ രൂപപ്പെട്ടവയാണ്.
കേരളത്തിലേക്ക് ചികിത്സയ്ക്കായും ആരോഗ്യപരിരക്ഷയ്ക്കായും ആളുകള്‍ എത്തിച്ചേരണം. വിദ്യാര്‍ത്ഥികള്‍ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായി എത്തിച്ചേരണം. വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കണം. മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ കാലികമായ മാറ്റം ആവശ്യമാണ്.
പുതിയ കോഴ്‌സുകള്‍ വേണം. ഇത്തരത്തില്‍ കേരളത്തെ ഹെല്‍ത്ത് ഹബ്ബ് ആക്കി മാറ്റാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗവേഷണ രംഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. വരുന്ന വര്‍ഷങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നു. രണ്ടാം പിണറായി സര്‍ക്കാര്‍ 46 പുതിയ തസ്തികള്‍ ആരോഗ്യ സര്‍വകലാശാലയില്‍ സൃഷ്ടിച്ചു. അനേകം തസ്തികള്‍ കാലാനുസൃതമായി പരിഗണിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായാണ് സര്‍വകലാശാലയുടെ രണ്ടാംഘട്ട വികസനത്തിന് അടിത്തറയിടുന്ന പരീക്ഷാഭവന്‍ - വിജ്ഞാന്‍ ഭവന്‍, ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സ്, രണ്ട് കോടി ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മഴവെള്ള സംഭരണി എന്നിവ സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചത്.
വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ മോഹനന്‍ കുന്നുമ്മല്‍, ജില്ലാ പഞ്ചായത്ത് അംഗം ലിനി ടീച്ചര്‍, വടക്കാഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ പി എന്‍ സുരേന്ദ്രന്‍, പുഴക്കല്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം പി വി ബിജു, അവണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം തോമസ് പുത്തിരി, പ്രാേ വൈസ് ചാന്‍സലര്‍ ഡോ. സി പി വിജയന്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications