തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗുരുവായൂര്‍ ക്ഷേത്രോത്സവം: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഞായറാഴ്ച

  • By Desk
Google Oneindia Malayalam News

തൃശൂര്‍:: പ്രസിദ്ധമായ ഗുരുവായൂര്‍ ആനയോട്ടം ഞായറാഴ്ച. മുന്‍നിരയില്‍ ഓടാനുള്ള അഞ്ചാനകളെ തെരഞ്ഞെടുത്തു. ഗോപികണ്ണന്‍, നന്ദിനി, നന്ദന്‍, വിഷ്ണു, അച്യുതന്‍ എന്നീ അഞ്ചാനകളെയാണു നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തത്. ഗോപീകൃഷ്ണന്‍, രവികൃഷ്ണന്‍ എന്നീ രണ്ട് ആനകളെ കരുതലായും തെരഞ്ഞെടുത്തു. ഇന്നലെ ഉച്ചപൂജയ്ക്കുമുമ്പ് കിഴക്കേദീപസ്തംഭത്തിന് മുന്നിലായിരുന്നു നറുക്കെടുപ്പ്.

<strong>കോളിളക്കം സൃഷ്ടിച്ച കോടതിയിലെ വ്യാജ രശീതി കേസ്; പെറ്റിക്കേസുകളില്‍ പ്രതിയായവരുടെ പിഴസംഖ്യകള്‍ കൃത്രിമം കാട്ടി, യുവതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു! </strong>കോളിളക്കം സൃഷ്ടിച്ച കോടതിയിലെ വ്യാജ രശീതി കേസ്; പെറ്റിക്കേസുകളില്‍ പ്രതിയായവരുടെ പിഴസംഖ്യകള്‍ കൃത്രിമം കാട്ടി, യുവതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു!

കഴിഞ്ഞദിവസം വിദഗ്ധസമിതി തെരഞ്ഞടുത്ത പത്താനകളുടെ പേരുകളെഴുതി കുടത്തിലിട്ട് ദേവസ്വം ചെയര്‍മാന്‍ അഡ്വ. കെ.ബി. മോഹന്‍ദാസാണ് ആദ്യ നറുക്കെടുത്തത്തത്. ഭരണസമിതി അംഗങ്ങളായ എ.വി. പ്രശാന്ത്, എം. വിജയന്‍, അഡ്മിനിസ്‌ട്രേറ്റര്‍ എസ്.വി. ശിശിര്‍ എന്നിവരും നറുക്കെടുത്തു. ഉച്ചകഴിഞ്ഞ് മൂന്നിനാണ് ആനയോട്ടം തുടങ്ങുക. 24 ആനകളാണ് ഇത്തവണ ആനയോട്ടത്തില്‍ പങ്കെടുക്കുന്നത്.

Guruvayoor temple

കുളിപ്പിച്ച് കുറിതൊട്ട് ആനകളെ മഞ്ജുളാലിന് മുന്നില്‍ അണിനിരത്തും. ക്ഷേത്രനാഴികമണി മൂന്നടിക്കുന്നതോടെ പാപ്പാന്മാര്‍ മണികളുമായി ഓടും. തുടര്‍ന്ന് ആനകളുടെ കഴുത്തില്‍ അണിഞ്ഞ ശേഷമാണ് ആനകളോടുക. തെരഞ്ഞെടുത്ത അഞ്ചാനകളില്‍ ആദ്യം ഓടിയെത്തി ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പ്രവേശിക്കുന്ന ആനയെയാണ് വിജയിയായി പ്രഖ്യാപിക്കുക. മറ്റാനകള്‍ വരിയായി വന്ന് ഗുരുവായൂരപ്പനെ വണങ്ങി തെക്കേനടയില്‍ അണിനിരക്കും.

തുടര്‍ന്ന് ആനയൂട്ടും ഉണ്ടാകും. ക്ഷേത്രത്തില്‍ ആനയില്ലാ കാലത്തെ അനുസ്മരിച്ചാണ് ഉത്സവകൊടിയേറ്റത്തിനുമുമ്പ് ആനയോട്ടം നടത്തുന്നത്. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടക്കാറുള്ള ആനയില്ലാ ശീവേലിയും ഇന്ന് നടക്കും. രാവിലെ ഏഴിനാണ് ആനയില്ലാ ശീവേലി. ശാന്തിയേറ്റ കീഴ്ശാന്തി നമ്പൂതിരി ഗുരുവായൂരപ്പന്റെ തിടമ്പ് മാറോട് ചേര്‍ത്തു വച്ച് കുത്തുവിളക്കിന്റെയും വാദ്യത്തിന്റെയും അകമ്പടിയില്‍ നടന്ന് ശീവേലി പ്രദക്ഷിണം പൂര്‍ത്തിയാക്കിയാണ് ചടങ്ങ് നിര്‍വഹിക്കുക.

Guruvayoor temple

മണിക്കൈമാറ്റം സത്രം ഗേറ്റില്‍

ആനയോട്ടത്തിനു മുമ്പ് ആനകളുടെ കഴുത്തില്‍ കെട്ടാനുള്ള മണികള്‍ ഇത്തവണ സത്രം ഗേറ്റില്‍ കൈമാറ്റം നടക്കും. കണ്ടു പരിചയിച്ച ആനയോട്ട പ്രേമികള്‍ക്ക് പുതുമയാകും ഇത്. മണികള്‍ കൈമാറി കഴിഞ്ഞാല്‍ അതുവരെ ഓടിയെത്തിയ പാപ്പാന്മാര്‍ക്ക് സ്‌ക്വാഡുകള്‍ ആയി നിലയുറപ്പിക്കാം. ഗോപുരത്തില്‍നിന്ന് ഓടിയെത്തുന്ന പാപ്പാന്മാരില്‍നിന്നു മണികള്‍ ഏറ്റുവാങ്ങി ഓടാന്‍ ആറ് ആനപ്പാപ്പാന്മാര്‍ ഗേറ്റില്‍ കാവലുണ്ടാകും. ആദ്യം ഓടിയെത്തിയവര്‍ നല്‍കിയ മണികള്‍ ആനകളുടെ കഴുത്തില്‍ അണിഞ്ഞശേഷം ആനകള്‍ക്കൊപ്പം തിരിച്ച് ക്ഷേത്രംവരെ ഇവരാണ് ഓടുക. സത്രം ഗേറ്റില്‍ എത്തിയാല്‍ ആറോളം മറ്റു പാപ്പാന്മാര്‍ ഓട്ടത്തിനൊപ്പം അണിചേരും. ആരോഗ്യ സുരക്ഷയുടെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ഈ തീരുമാനം ദേവസ്വം കൈക്കൊണ്ടത്. ഇതിനുപുറമെ കാണികളെ നിയന്ത്രിക്കാന്‍ ഇത്തവണ ആന ഓടുന്നതിനുമുമ്പേ അല്പംകൂടി സമയം കൂടുതല്‍ ചെലവിടാനും ധാരണയുണ്ട്. പോലീസ് ഫയര്‍ഫോഴ്‌സ് ഉള്‍പ്പെടെയുള്ള കനത്ത സന്നാഹങ്ങളുടെ ജാഗ്രതാ നിര്‍ദേശം പാലിച്ച് സുഗമമായി ആചാരത്തെ മുന്നോട്ടു കൊണ്ടുപോകാനാണ് ദേവസ്വത്തിന്റെ സൂക്ഷ്മമായ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഉത്സവത്തിന് ഞായറാഴ്ച കൊടിയേറും

ഗുരുവായൂര്‍ ക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും. ഇനിയുള്ള പത്തുനാള്‍ ഉത്സവ ലഹരിയില്‍. ദീപാരാധനയ്ക്കുശേഷം ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രം തന്ത്രിക്ക് കൊടിക്കൂറയും, പവിത്രവും നല്‍കി ആചാര്യവരണം നടത്തുന്നതോടെയാകും ആഘോഷത്തിന്റെയും ഉത്സവ ആചാരങ്ങളുടെയും തുടക്കം. തുടര്‍ന്ന് മുളയറയില്‍ ധാന്യങ്ങള്‍ വിതച്ച് മുളയിടും. സപ്തവര്‍ണക്കൊടിക്കൂറയിലേക്ക് ദേവചൈതന്യം സന്നിവേശിപ്പിച്ചതിനുശേഷം തന്ത്രി നമ്പൂതിരിപ്പാടാണ് കൊടിയേറ്റം നിര്‍വഹിക്കുക.

നാളെമുതല്‍ ഉത്സവം കഴിയുംവരെ ക്ഷേത്രത്തിലെത്തുന്ന മുഴുവന്‍ ഭക്ത ജനങ്ങള്‍ക്കും രാവിലെ ഭഗവത് പ്രസാദമായി കഞ്ഞിയും പുഴുക്കും നല്‍കും. ദിവസവും ആയിരങ്ങള്‍ക്ക് ഉത്സവപ്പകര്‍ച്ചയുമുണ്ട്. ദിവസവും കാഴ്ചശീവേലിക്ക് പ്രമുഖരുടെ മേളം അകമ്പടിയാവും. രാത്രിയില്‍ ശ്രീഭൂതബലിക്ക് ഗുരുവായൂരപ്പനെ വടക്കേനടയില്‍ എഴുന്നള്ളിച്ചുവയ്ക്കുന്ന ചടങ്ങു പ്രധാനമാണ്. ഇവിടെ സ്വര്‍ണ പ ഴുക്കാമണ്ഡപത്തില്‍ ഭഗവാനെ കാണാനുള്ള തിരക്കേറെയാകും. എഴുന്നള്ളിച്ചിരിക്കുന്ന ഗുരുവായൂരപ്പന് മുമ്പില്‍ തായമ്പക അവതരിപ്പിക്കാന്‍ തുടക്കക്കാര്‍ മുതല്‍ പ്രഗല്ഭര്‍ വരെ അണിനിരക്കുക പതിവുണ്ട്.

ദിവസവും മൂന്നു തായമ്പകയാണുണ്ടാവുക. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈവിധ്യമുള്ള കലാപരിപാടികള്‍ക്കും ഇന്ന് തുടക്കമാവും. കൊടിയേറ്റത്തിന് ശേഷം മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ആരംഭിക്കുന്ന കഥകളി പുലരുംവരെ തുടരും. പി.എസ്.വി. നാട്യസംഘത്തിന്റെ നേതൃത്വത്തില്‍ നളചരിതം ഒന്നാംദിവസം, ദുര്യോധന വധം എന്നീ കഥകളാണ് അരങ്ങേറുക. കലാപരിപാടികള്‍ നാളെ വൈകിട്ട് ആറിന് ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ ഉദ്ഘാടനം ചെയ്യും. തുടര്‍ ദിവസങ്ങളില്‍ പ്രഗല്ഭരുടെ കലാപരിപാടികളാണ് അരങ്ങേറുക. 25ന് പള്ളിവേട്ടയും 26ന് ആറാട്ടും നടക്കും.

ബ്രഹ്മകലശാഭിഷേകം ഭക്തി നിര്‍ഭരം

ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഗുരുവായൂരപ്പന് ആയിരത്തൊന്ന് കലശക്കുടങ്ങളിലെ വിശേഷദ്രവ്യങ്ങളും പവിത്രമായ ബ്രഹ്മകലശവും അഭിഷേകം ചെയ്തു. പ്രത്യേകം പൂജകള്‍ ചെയ്ത് ചൈതന്യ പൂരിതമാക്കിയ വിശേഷദ്രവ്യങ്ങളും തീര്‍ത്ഥവും അഭിഷേകംചെയ്യുന്നത് ദര്‍ശിച്ച് ആയിരങ്ങളാണ് ഭക്തിയോടെ നിര്‍വൃതിയടഞ്ഞു സായുജ്യം നേടിയത്. രാവിലെ ശീവേലി, പന്തീരടിപൂജ എന്നിവയ്ക്കുശേഷം 975 വെള്ളി കുംഭങ്ങളും 26 സ്വര്‍ണ കുംഭങ്ങളും കീഴ്ശാന്തി നമ്പൂതിരിമാര്‍ കൂത്തമ്പലത്തില്‍നിന്ന് ശ്രീലകത്തേക്കെഴുന്നള്ളിച്ചു.

വിശേഷവാദ്യങ്ങള്‍, മുത്തുക്കുട, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ അകമ്പടിയില്‍ മേല്‍ശാന്തി കലിയത്ത് പരമേശ്വരന്‍ നമ്പൂതിരി പട്ടുകൊണ്ട് പൊതിഞ്ഞ് മാലചാര്‍ത്തിയ ബ്രഹ്മകലശം വഹിച്ചു. തുടര്‍ന്ന് തന്ത്രി ചേന്നാസ് ഹരിനമ്പൂതിരിപ്പാട് ബ്രഹ്മകലശം അഭിഷേകം ചെയ്തു. പാണിവാദനങ്ങളാലും മന്ത്രധ്വനികളാലും മുഖരിതമായ ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ബ്രഹ്മകലശം അഭിഷേകം ചെയ്തതോടെ എട്ടുദിവസം നീണ്ടുനിന്ന സഹസ്രകലശ ചടങ്ങുകള്‍ക്ക് സമാപനമായി. രാവിലെ ആറിന് തുടങ്ങിയ ചടങ്ങുകള്‍ 11 വരെ നീണ്ടു. ഈസമയം നാലമ്പലത്തിനകത്തേക്ക് ഭക്ത ജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ക്ഷേത്ര ചൈതന്യ വര്‍ധനവിനുവേണ്ടിയാണ് എല്ലാവര്‍ഷവും ഉത്സവത്തിനു മുന്നോടിയായി അതിസങ്കീര്‍ണമായ താന്ത്രിക ചടങ്ങുകള്‍ നടത്തുന്നത്.

Thrissur
English summary
Guruvayoor temple festival
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X