കത്തുന്ന വെയില്‍ ഉരുകി തൃശൂരും പാലക്കാടും: പതിനൊന്ന് പേര്‍ക്ക് സൂര്യാതപമേറ്റു
തൃശൂര്‍: പ്രവചനാതീതമായി ചൂട് വര്‍ദ്ധിച്ചതോടെ സൂര്യാഘാതം ഏല്‍ക്കുന്നവരുടെ എണ്ണവും വര്‍ധിച്ചു. പതിനൊന്ന് പേര്‍ക്കാണ് സൂര്യതാപമേറ്റത്. ആരോഗ്യ വകുപ്പിന്റെയും കാലാവസ്ത പഠന കേന്ദ്രത്തിന്റെയും മുന്നറിയിപ്പുകള്‍ നിലനില്‍ക്കുന്നതിനിടെയാണ് ഇന്നലെമാത്രം ഇത്രയധികം പേര്‍ക്ക് സൂര്യാഘാതം ഉണ്ടായത്. ഒരാഴ്ചയായി പകല്‍ച്ചൂട് കൂടിയും കുറഞ്ഞും ഇരിക്കുകയാണ്. ഈ ആഴ്ചയില്‍ ശരാശരി രേഖപ്പെടുത്തിയ ചൂട് 38.5 ഡിഗ്രിയാണ്. ഇന്നലെ 39 ഡിഗ്രിയായിരുന്നു ജില്ലയിലെ താപനില.
തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം, നാമ നിർദ്ദേശ പത്രികാ സമർപ്പണം തുടരുന്നു, തീരുമാനമാകാകാതെ വയനാടും വടകരയും
തിങ്കളാഴ്ച 40 ഡിഗ്രിവരെയെത്തിയ ചൂട് ബുധനാഴ്ച 37.1 ഡിഗ്രിയായി കുറഞ്ഞിരുന്നു. എന്നാല്‍ ഇന്നലെ വീണ്ടും ചൂട് കൂടി. നാട്ടികയിലാണ് അധികംപേര്‍ക്ക് സൂര്യതാപമേറ്റത്. ഇവിടങ്ങളില്‍ നാലുപേര്‍ക്ക് പൊള്ളലേറ്റു. തൃശൂര്‍ നഗരത്തില്‍ ഒരാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്. കണ്ടാണശേരി, തൃക്കൂര്‍, ചാവക്കാട്, കടപ്പുറം, വലപ്പാട്, ദേശമംഗലം, ചേര്‍പ്പ് എന്നിവിടങ്ങളില്‍ ഒരാള്‍ക്ക് വീതം പൊള്ളലേറ്റു. തുറന്നയിടങ്ങളില്‍ ജോലിയില്‍ ഏര്‍പ്പെട്ടവരാണ് സൂര്യതാപത്തിന് വിധേയരായവരില്‍ അധികവും. ആരുടേയും നില ഗുരുതരമല്ലെന്ന് ഡി.എം.ഒയുടെ ഓഫീസ് അറിയിച്ചു.

തീരദേശമേഖലയില്‍ കോഴികള്‍ ചത്തൊടുങ്ങുന്നു
ചൂട് കനത്തതോടെ ചാവക്കാട് തീരദേശമേഖലയില്‍ കോഴികള്‍ ചത്തൊടുങ്ങുന്നു. തിരുവത്ര കോട്ടപ്പുറത്ത് പല വീടുകളിലായി നൂറോളം കോഴികള്‍ ചൂടുതാങ്ങാനകാതെ ചത്തുവീണു. തിരുവത്ര കോട്ടപ്പുറം ചിങ്ങനാത്ത് അബ്ദുള്‍ജബാര്‍, കടാമ്പുള്ളി ശശി തുടങ്ങിയവരുടെ വീടുകളില്‍ വളര്‍ത്തുന്ന നാടന്‍ കോഴികളാണ് ചത്തത്. കോഴികള്‍ തൂങ്ങിനില്‍ക്കുന്നതുകണ്ട് വെള്ളം കൊടുത്തെങ്കിലും കുടിച്ചില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉടന്‍തന്നെ മണത്തല മൃഗാശുപത്രിയില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി കോഴികള്‍ക്ക് മരുന്നു നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കനത്ത ചൂടുമൂലമാണ് കോഴികള്‍ കൂട്ടത്തോടെ ചാവുന്നതെന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ രഞ്ജി ജോണ്‍ പറഞ്ഞു.

കെട്ടിടനിര്‍മാണ തൊഴിലാളിക്ക് സൂര്യാഘാതം
പുന്നയൂര്‍ക്കുളം ചെമ്മണ്ണൂരില്‍ കെട്ടിട നിര്‍മാണതൊഴിലാളിക്ക് സൂര്യാഘാതമേറ്റു. പുന്നയൂര്‍ക്കുളം പുഴിക്കള വെള്ളാട്ട് വീട്ടില്‍ വേലായുധന്റെ മകന്‍ ജിതി ( 23 ) നാണ് സൂര്യാഘാതമേറ്റത്. ചെമ്മണ്ണൂരില്‍ സ്വകാര്യവ്യക്തിയുടെ വീടുനിര്‍മാണത്തില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കേയാണ് സൂര്യാഘാതമേറ്റത്. ശക്തമായ നീറ്റലും പുകച്ചിലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൊള്ളലേറ്റത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍തന്നെ ഇയാളെ വടക്കേക്കാട് കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു.

എസ്‌റ്റേറ്റ് തൊഴിലാളിക്ക് സൂര്യതാപമേറ്റു
ചൊക്കന ഹാരിസണ്‍ മലയാളം എസ്‌റ്റേറ്റ് തൊഴിലാളിക്കു സൂര്യാതപത്തില്‍ പൊള്ളലേറ്റു. ചൊക്കന കാട്ടുങ്ങ സതീശനാണ് സൂര്യാതപമേറ്റത്. ടാപ്പിങ് തൊഴിലാളിയാണ്. തളര്‍ച്ചയാണ് ആദ്യമുണ്ടായത്. പുറം ഭാഗത്തു പാടുകളുമുണ്ട്. പ്രാഥമിക ചികിത്സ നല്‍കി. തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് സുരേന്ദ്രന്‍ (40), ഒരലാശേരി രതീഷ് (25) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. വീടുപണി എടുക്കുന്നതിനിടെയാണ് സുരേന്ദ്രന് വലതുകൈയില്‍ പൊള്ളലേറ്റത്. റോഡില്‍വച്ചാണ് രതീഷിന് സൂര്യാതപമേറ്റത്.

പാലക്കാട് ചൂട് 39 ഡിഗ്രി
നാലു ദിവസം തുടര്‍ച്ചയായി രേഖപ്പെടുത്തിയ 41 ഡിഗ്രി സെല്‍ഷ്യസ് ചൂടിനുശേഷം പാലക്കാട് ജില്ലയില്‍ ഇന്നലെ കൂടിയ താപനില 39 ഡിഗ്രിയായി കുറഞ്ഞു. മുണ്ടൂര്‍ ഐ.ആര്‍.ടി.സി.യിലെ താപമാപിനിയിലാണ് ദിവസങ്ങള്‍ക്കുശേഷം താപനില 39 ഡിഗ്രി രേഖപ്പെടുത്തിയത്. കുറഞ്ഞ താപനില 27 ഡിഗ്രിയും ആര്‍ദ്രത 50 ശതമാനവുമാണ്.വ്യാഴാഴ്ച 40.8 ഡിഗ്രി ചൂട് രേഖപ്പെടുത്തിയ മലമ്പുഴയില്‍ 38.9 ഡിഗ്രിയായിരുന്നു ഇന്നലത്തെ ഉയര്‍ന്ന ചൂട്. കുറഞ്ഞ ചൂട് 26.3 ഡിഗ്രി. ആര്‍ദ്രത 46 ശതമാനം. 35.2 ഡിഗ്രിയാണ് പട്ടാമ്പിയിലെ ഉയര്‍ന്ന താപനില. കുറഞ്ഞ ചൂട് 23.2 ഡിഗ്രിയും രാവിലത്തെ ആര്‍ദ്രത 89 ശതമാനവും വൈകുന്നേരം 47 ശതമാനവും രേഖപ്പെടുത്തി. 37.8 ഡിഗ്രിയായിരുന്നു വ്യാഴാഴ്ച പട്ടാമ്പിയിലെ കൂടിയ താപനില. മൂന്നു കേന്ദ്രങ്ങളിലും രണ്ടു ഡിഗ്രിയോളം ചൂട് കുറഞ്ഞു. ആര്‍ദ്രത കൂടിയത് ചൂട് കുറയാന്‍ കാരണമായി.
കഴിഞ്ഞ കുറേ ദിവസങ്ങളായി 40-41 ഡിഗ്രിയില്‍ തിളച്ചുമറിയുകയായിരുന്നു ജില്ല. ചൂടിന്റെ ആധിക്യംമൂലം പകല്‍ ആളുകള്‍ പുറത്തിറങ്ങാനും മടിച്ചതോടെ കച്ചവടസ്ഥാപനങ്ങള്‍, ബസുകള്‍ എന്നിവയിലെല്ലാം തിരക്കു കുറഞ്ഞു. കൊടുംചൂടില്‍ സൂര്യാതപം ഏല്‍ക്കുന്നവരുടെയും കുഴഞ്ഞുവീഴുന്നവരുടെയും എണ്ണവും കൂടി. 43 പേര്‍ക്കോളം ഇതുവരെ പൊള്ളലേറ്റതായി ഓദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

വേനല്‍ച്ചൂട്: ജാഗ്രത പാലിക്കണം
വേനല്‍ച്ചൂട് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ തൊഴില്‍സമയം പാലിക്കുന്നതുമായി ബന്ധപ്പെട്ട്് തൊഴില്‍ വകുപ്പ് പരിശോധന കര്‍ശനമാക്കി. തൊഴിലാളികള്‍ക്ക് സൂര്യാതപ സാധ്യത മുന്‍നിര്‍ത്തി സൂര്യപ്രകാശം നേരിട്ട് എല്‍ക്കേണ്ടി വരുന്ന തൊഴിലുകളുടെ സമയം പുനഃക്രമീകരിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിട്ടിരുന്നു. നിര്‍ദേശം പാലിക്കാത്ത തൊഴിലാളികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലാ ലേബര്‍ ഓഫീസര്‍ എം.കെ. രാമകൃഷ്ണന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ കെ.എസ്.ഇ.ബി. ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും കരാറുകാര്‍ക്കും നിര്‍ദേശം നല്‍കി.

ജാഗ്രതാ നിര്‍ദേശം
പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം. അവധിക്കാലത്ത് കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 മുതല്‍ 3 മണി വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ചസമയത്തു സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണം. അവര്‍ക്കു ചൂട് ഏല്‍ക്കാത്ത രീതിയിലുള്ള വസ്ത്രധാരണം നടത്താനും യാത്രക്കിടയില്‍ വിശ്രമിക്കാനും അനുവദിക്കണം. കൂടാതെ അംഗന്‍വാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗന്‍വാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണത്തിനും മുന്നറിയിപ്പ്
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ സൂര്യാതപമേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട് അതൊഴിവാക്കി വേണം പ്രവര്‍ത്തിക്കാന്‍. മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യണം. നിര്‍ജലീകരണം തടയാന്‍ തുടര്‍ച്ചയായി വെള്ളം കുടിക്കുക, നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക, കാപ്പി, ചായ എന്നീ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക, അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക എന്നീ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ദുരന്തനിവാരണ അഥോറിറ്റി നിര്‍ദേശിച്ചു.