• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂരില്‍ ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആന ഇടയുന്ന സംഭവം പതിവാകുന്നു: ജനവരി മാസത്തില്‍ 30 തവണ

  • By Desk

തൃശൂര്‍: തൃശൂരില്‍ ഉത്സവ സീസണ്‍ ആരംഭിച്ചതോടെ ആന ഇടയുന്ന സംഭവം പതിവാകുന്നു. ജനവരി മാസത്തില്‍ 30 തവണയാണ് വിവിധ ഇടങ്ങളില്‍ ആന ഇടഞ്ഞത്. കാലാവസ്ഥാ വ്യതിയാനവും ജനുവരിയില്‍ മഞ്ഞ് കൂടിയതും ആന ഇടയുന്നത് കൂടാന്‍ കാരണമായെന്ന് വിദഗ്ധര്‍ പറയുന്നു. രണ്ടു മാസത്തിനിടെ ആനക്കലിയില്‍ പൊലിഞ്ഞത് മൂന്ന് ജീവനാണ്. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മാറ്റാംപുറത്ത് പാപ്പാനെ ആന കുത്തിക്കൊന്നതാണ് ഒടുവിലത്തെ സംഭവം. ഡിസംബര്‍ ഒന്നിന് പൂതൃക്കോവില്‍ പാര്‍ഥസാരഥിയും, 17ന് മായന്നൂരില്‍ ശങ്കരനാരായണനും ആളെ കൊന്നിരുന്നു.

ഡിസംബര്‍ ഒന്നിന് പൂതൃക്കോവില്‍ ഇടഞ്ഞ ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റാണ് പാപ്പാന്‍ മരിച്ചത്. ആനയുടെ തുമ്പിക്കൈ കൊണ്ടുള്ള അടിയേറ്റ് പരുക്കേറ്റ പാലക്കാട് കോങ്ങാട് പാറശേരി താഴശേരി വീട്ടില്‍ രാജേഷ് കുമാറാണ് (42) മരിച്ചത്. ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാന്‍ മൂന്നുമണിക്കൂറുകള്‍ക്കുശേഷം രക്ഷപ്പെട്ടു. രണ്ടാം പാപ്പാന്‍ പാലക്കാട് സ്വദേശി ശിവദാസനാണ് രക്ഷപ്പെട്ടത്. ഒളരി എല്‍ത്തുരുത്ത് പുതൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രത്തിലെ പാര്‍ഥസാരഥി എന്ന കൊമ്പനാണ് ഇന്നലെ ക്ഷേത്രവളപ്പില്‍ ഇടഞ്ഞത്. നീരിലായതിനെ തുടര്‍ന്ന് ആറ് മാസമായി തളച്ചിട്ടിരിക്കുകയായിരുന്നു. 15 ദിവസം മുമ്പ് പരിശോധന നടത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ആന ചികിത്സകരും സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെ തുടര്‍ന്നാണ് കെട്ടഴിച്ചത്. സ്വതവേ ശാന്തസ്വഭാവക്കാരനാണ്. രാജേഷ് കുമാര്‍ ആന തുമ്പിക്കൈ വീശുന്നതിനിടെ അടിയേറ്റ് കരിങ്കല്‍ത്തറയില്‍ തെറിച്ചുവീണു. പിന്നീട് ശ്രമകരമായി ആനയെ തളച്ചു. വട്ടംപിടിച്ച് തളയ്ക്കുന്നതിനിടെ ശിവദാസന്‍ ചാടിരക്ഷപ്പെട്ടു.

ഡിസംബര്‍ 17നാണ് ആനക്കലിയില്‍ രണ്ടാമത്തെ പാപ്പാന്‍ മരിക്കുന്നത്. ചേലക്കര മായന്നൂര്‍ തിരുമൂലക്കാട് ലക്ഷ്മണ സ്വാമി ക്ഷേത്രത്തില്‍ അയ്യപ്പന്‍ വിളക്ക് ആഘോഷത്തിനിടെയാണ് സംഭവം. ഇടഞ്ഞ ആനയുടെ കുത്തേറ്റാണ് പാപ്പാന്‍ മരിച്ചത്. പാലക്കാട് കൊട്ടേക്കാട് കോട്ടപ്പുറം വാസു മകന്‍ ശെല്‍വനാണ് (58) മരിച്ചത്.

രാത്രി 8 മണിയോടെ പാലക്കൊമ്പ് എഴുന്നള്ളിച്ചു വരുന്നതിനിടെയാണ് സംഭവം. ഒന്നാം പാപ്പാനായ ശെല്‍വനെ ആന റോഡിലേക്ക് വലിച്ചിട്ട് കുത്തുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതിനിടെ ആനപ്പുറത്തുണ്ടായ മൂന്നുപേരെ കുലുക്കി നിലത്തിടാനും ആന ശ്രമിച്ചു. ഏറെ നേരത്തെ പ്രയത്‌നത്തിനൊടുവില്‍ രണ്ടു പേര്‍ ചാടിയിറങ്ങിയും ഒരാളെ നാട്ടുകാര്‍ കെട്ടിടത്തിന് മുകളിലേക്ക് വലിച്ചുകയറ്റിയും രക്ഷപ്പെടുത്തി. രണ്ടാംപാപ്പാന്‍ സംയമനത്തോടെ പ്രവര്‍ത്തിച്ചതിനാല്‍ ആനയെ സമീപത്തെ പറമ്പിലേക്ക് കയറ്റാനായി. ഇവിടത്തെ തെങ്ങുകളും മതില്‍ക്കാലും ആന തകര്‍ത്തു. എലിഫന്റ് സ്‌ക്വാഡ് എത്തിയശേഷം ഏറെ പണിപ്പെട്ടാണ് രാത്രി 11.30 ഓടെ ആനയെ തളച്ചത്. ശങ്കരനാരായണനാണ് ഇടഞ്ഞ ആന. ഇതിനെത്തുടര്‍ന്ന് മായന്നൂര്‍ ഒറ്റപ്പാലം റൂട്ടില്‍ ഗതാഗത തടസവും ഉണ്ടായി. ചാവക്കാട് മണത്തല ചന്ദനക്കുടം നേര്‍ച്ചയ്ക്ക് ഇടയില്‍ രണ്ട് തവണയായി ഇടഞ്ഞത് നാല് ആനകള്‍. നേര്‍ച്ചയുടെ ആദ്യ ദിനം അനുസരണക്കേട് കാട്ടിത്തുടങ്ങിയ കൊമ്പനെ പാപ്പാന്മാര്‍ ഉടനെ തളച്ചതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. പുത്തൂര്‍ പാര്‍ത്ഥസാരഥിയാണ് ഇടഞ്ഞത്. തിങ്കളാഴ്ച രാവിലെ എഴുന്നള്ളിപ്പിനെത്തിയതായിരുന്നു. തുടങ്ങുന്നതിനുമുമ്പേ നാലുപേര്‍ ആനപ്പുറത്തുകയറി. പിന്നീടു പലരും ചെറിയ കുട്ടികളെ ആനപ്പുറത്തുള്ള ആളുകളുടെ കൈകളിലേക്ക് കൊടുക്കലും ഇറക്കലുമായി. കാഴ്ച പള്ളിയിലേക്ക് പോകുമ്പോള്‍ത്തന്നെ കൊമ്പന്‍ ആന ഇടയാനുള്ള ലക്ഷണങ്ങള്‍ കാട്ടിയിരുന്നു. പള്ളി അങ്കണത്തില്‍ ആളുകളെ ഇറക്കി തിരിച്ചവരും സമയം കാഴ്ച കമ്മിറ്റിക്കാരുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് ആനപ്പുറത്തു മറ്റു മൂന്നുപേരെ കയറ്റിയതാണ് ആനയെ പ്രകോപിതനായതെന്നു കരുതുന്നു.

ദേശീയപാതയുടെ നടുവില്‍ നിലയുറപ്പിച്ച കൊമ്പനെ വിശ്വനാഥക്ഷേത്രത്തിനു സമീപമുള്ള ഐനിപ്പുള്ളി രാമദാസിന്റെ പറമ്പിലേക്കു മാറ്റി തന്ത്രത്തില്‍ തെങ്ങില്‍ തളയ്ക്കുകയായിരുന്നു. നിരന്തരമുള്ള എഴുന്നള്ളിപ്പുകള്‍ കഴിഞ്ഞാണു കൊമ്പന്‍ മണത്തലയില്‍ എത്തിയത്. ആവശ്യമായ പട്ടയുംമറ്റും മണത്തലയിലെത്തിയ ആനയ്ക്കു ലഭിച്ചില്ലെന്നുപറയുന്നു. ആനയെ മണത്തലയിലേക്കു കൊണ്ടുവന്ന ഏജന്റാണ് പട്ടയും മറ്റും നല്‍കേണ്ടത്. ആവശ്യമായ പട്ട ലഭിക്കാത്തതിനാല്‍ വിശന്നാണ് എഴുന്നുള്ളിപ്പില്‍ പങ്കെടുത്തത്. ഇതും ആന പ്രകോപിതനാകാന്‍ കാരണമായി.

മണത്തല നേര്‍ച്ചയ്ക്കിടെയാണ് രണ്ടാം തവണ ആനകള്‍ ഇടഞ്ഞത്. മൂന്ന് ആനകള്‍ വിരണ്ടോടി സ്ത്രീകളും കുട്ടികളുമകടക്കം 15 പേര്‍ക്കു പരുക്കേറ്റു. മൂന്നുപേര്‍ തൃശൂര്‍ മെഡി. കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പന്നിത്തടം വടക്കേത്തത്തയില്‍ ഹസ്‌ന (12), ഇരട്ടപ്പുഴ ആലുങ്ങല്‍ മോനിഷ (28), ഇരട്ടപ്പുഴ അണ്ടത്തോട് ലുബ്‌ന(32), ബ്‌ളാങ്ങാട് സ്വദേശിനി ഫാത്തിമ്മ (60 ), അഞ്ചങ്ങാടി സ്വദേശി സുഹറാബി (38), അഞ്ചങ്ങാടി പണിക്കവീട്ടില്‍ ഹംദാന്‍ (18), പണിക്കവീട്ടില്‍ നസീം (11), ഇരട്ടപുഴ മമ്രസയില്ലത്ത് ഷാമില്‍ (12), ഷബീബ് (8), മടേകടവ് കൊച്ചുകുളം ശ്രിജില്‍(18), കൊയിലാണ്ടി സ്വദേശി അലന്‍(5), വെളിയംകോട് സ്രാങ്കിലത്ത് ഖാദര്‍(38), മകന്‍ അമിന്‍(8), അണ്ടത്തോട് ആല്യോമിന്റകത്ത് ഹുസൈന്‍ (43) സുഹൃത്ത് കബീര്‍ ( 39), അലി (28), ഷഹര്‍ബാന്‍( 34) എന്നിവര്‍ക്കാണു പരുക്ക്.

വിയ്യൂരില്‍ ആനയിടഞ്ഞ് പാപ്പാനെ കൊലപ്പെടുത്തി

വിയ്യൂരില്‍ ആനയിടഞ്ഞ് പാപ്പാനെ കൊലപ്പെടുത്തി

വിയ്യൂര്‍ മാറ്റാംപുറത്ത് ആനയിടഞ്ഞ് പാപ്പാനെ കൊന്നു. ചേലക്കര കൊണ്ടാഴി ചുള്ളിയില്‍ അയ്യപ്പന്റെ മകന്‍ ബാബുരാജ് (44) ആണ് മരിച്ചത്. രണ്ടാം പാപ്പാന്‍ ജിനീഷിനും ആന ഓടിച്ചപ്പോള്‍ പരുക്കേറ്റു. ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. ഉത്സവം കഴിഞ്ഞ് ആനപ്പറമ്പിലെത്തിച്ച ആനയെ കെട്ടുന്നതിനിടെ ഇടഞ്ഞു. പാപ്പാനെ കൊമ്പിനുള്ളിലാക്കി നെരുക്കി കൊല്ലുകയായിരുന്നു. തൃശൂരില്‍നിന്ന് എലിഫെന്റ് സ്‌ക്വാഡ് എത്തിയാണ് ആനയെ തളച്ചത്. തൃശൂര്‍ പൂരത്തിന്റെ സംഘാടകനും ആനപ്രേമിയുമായ ചിറ്റിലപ്പിള്ളി ഡേവിസിന്റെ(ആനഡേവിസ്) ഉടമസ്ഥതയിലുള്ള തിരുവമ്പാടി കുട്ടിശങ്കരന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഡേവിസിന്റെ മരണശേഷം സഹോദരന്‍ ചാള്‍സാണ് ഇപ്പോള്‍ ആനയുടെ കാര്യങ്ങള്‍ നോക്കുന്നത്. ഉത്സവംകഴിഞ്ഞ് മടങ്ങുംവഴി ലോറിയില്‍വച്ച് ആനയിടഞ്ഞ് പരിഭ്രാന്തി പരത്തിയിരുന്നു. പിന്നീട് ആനയെ ശാന്തനാക്കി പറമ്പില്‍ തളച്ചശേഷം പട്ടകൊടുക്കുന്നതിനിടെ പെട്ടെന്ന് പാപ്പാനെ തുമ്പിക്കൈകൊണ്ട് കോരിയെടുത്ത് ഞെരുക്കുകയായിരുന്നു.

ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു

ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞു

കുന്നംകുളം ചിറ്റഞ്ഞൂര്‍ കാവിലക്കാട് പൂരത്തിനിടെ ആനയിടഞ്ഞതുമൂലം പൂരം അലങ്കോലപ്പെട്ടു. ദേവസ്വം ആനയെ മാത്രം അണിനിരത്തി ചടങ്ങുകളോടെ പൂരം നടത്തിതീര്‍ത്തു. കൂട്ടിയെഴുന്നള്ളിപ്പിനിടെയാണ് കൊടുമണ്‍ ശിവശങ്കരന്‍ എന്ന ആന ഇടഞ്ഞത്. കൂട്ടിയെഴുന്നള്ളിപ്പിന് അണിനിരന്ന ആനകളില്‍ കൊടുമണ്‍ ശിവശങ്കരന്‍ പരാക്രമം കാട്ടി ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ടു നീങ്ങിയതോടെ ജനങ്ങള്‍ പരിഭ്രാന്തരായി നാലുപാടും ചിതറിയോടി. ഇതോടെ പാപ്പാന്മാര്‍ മറ്റു ആനകളെ തളച്ചു. പിന്നീട് എലിഫന്റ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ഇടഞ്ഞ ആനയെ സമീപത്തെ മറ്റൊരു പറമ്പില്‍ തളച്ചു. ആന ഇടഞ്ഞതോടെ പരിഭ്രാന്തരായി ഓടിയ ജനങ്ങള്‍ നിലത്തുവീണ് പലര്‍ക്കും പരുക്കേറ്റു. ആനയെ തളച്ചതിനുശേഷം മറ്റ് ആനകളെ ഒഴിവാക്കി ദേവസ്വം ആനയെ മാത്രം അണിനിരത്തി പൂരം ചടങ്ങുകള്‍ മാത്രമായി ചുരുക്കി നടത്തിതീര്‍ക്കുകയായിരുന്നു. രാത്രി പൂരത്തിന് ഇടഞ്ഞ ആനയെ ഒഴിവാക്കുമെന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

മണത്തലക്കടവിൽ ആന ഇടഞ്ഞു

മണത്തലക്കടവിൽ ആന ഇടഞ്ഞു

ബീച്ച് സിദ്ധീഖ് പള്ളിപ്പരിസരത്തുനിന്നും പുറപ്പെട്ട നാട്ടുകാഴ്ചയിലെയും മണത്തല മടേക്കടവില്‍ നിന്നുള്ള കാഴ്ചകളിലെയും ആനകളാണ് ഇടഞ്ഞോടിയത്. നാട്ടുകാഴ്ച മടേക്കടവിലെത്തിയതോടെ മടേകടവില്‍ നിന്നുള്ള കാഴ്ചയും റോഡില്‍ കയറി. വീതി കുറഞ്ഞ റോഡില്‍ ആനകള്‍ നില്‍ക്കാന്‍ കഴിയാതെ ഞെരുങ്ങി. ആനകളുടെ തുമ്പിക്കൈകളിലെ പട്ടകള്‍ പരസ്പരം ദേഹത്തു തറഞ്ഞതോടെ, നാട്ടുകാഴ്ചയിലെ പുത്തൂര്‍ ദേവിനന്ദന്‍ സമീപത്തുനിന്ന പാലക്കാട് പുത്തൂര്‍ ബാലകൃഷ്ണനെന്ന ആനയെ കുത്തി. ദേഷ്യം തീരാതെ വീണ്ടും കുത്തിമറിച്ചിട്ടു. ഇതോടെ മറ്റാനകള്‍ തലങ്ങുംവിലങ്ങും തിരിഞ്ഞു സമീപത്തെ വളപ്പുകളിലേക്കു കടന്നു. ജനങ്ങളും പരിഭ്രാന്തരായി ഓടി. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപ്പേര്‍ക്കു വീണു. ഇവരെ ചവിട്ടി മറ്റുള്ളവര്‍ ഓടി. ആനപ്പുറത്തുള്ളവര്‍ ചാടി രക്ഷപ്പെട്ടു.

ഓടിയ ആനകളില്‍ മൂന്നണ്ണത്തിനെ 15 മിനുട്ടിനകം പാപ്പാന്മാര്‍ തളച്ചു. എന്നാല്‍, ദേവീനന്ദനെ തളയ്ക്കാന്‍ മണിക്കൂറുകളെടുത്തു. മടേക്കടവില്‍ നിര്‍മാണത്തിലുള്ള മതില്‍ ആനകള്‍ തകര്‍ത്തു. പല വീട്ടുവളപ്പിലും ആനകള്‍ നാശമുണ്ടാക്കി. തെങ്ങുകള്‍ കുത്തിയിടാന്‍ ശ്രമിച്ചു. മാവിന്റെ കൊമ്പ് ഒടിച്ചിട്ടു. ഇതിനിടയില്‍ ദേവീനന്ദന്റെ പുറകിലെ ഒരുകാല്‍ വടം ഉപയോഗിച്ചു ബന്ധസ്ഥനാക്കിയെങ്കിലും ഏറെക്കഴിഞ്ഞാണു തളച്ചത്. പിന്നീടു കമ്പക്കയറുകളും സജീകരണങ്ങളുമായി 15 അംഗ എലിഫന്റ ്‌സ്‌കാഡ് സ്ഥലത്തെത്തി 20 മിനുട്ടിനകം കൊമ്പനെ തളച്ചു. ചാവക്കാട് എസ്.ഐ: ജയപ്രദീപിന്റെ നേത്യത്വത്തില്‍ പോലീസും ഫോറസ്റ്റും സ്ഥലത്തെത്തിയിരുന്നു. കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബകാവിലെ താലപ്പൊലി മഹോത്സവത്തിനിടയിലും ആനയിടഞ്ഞിരുന്നു. ഭാരത് വിശ്വനാഥന്‍ എന്ന ആന വിരണ്ടത്. വിശ്വനാഥന്‍ ഇടഞ്ഞ് തിരിഞ്ഞപ്പോള്‍ ഭയപ്പെട്ടാണ് അന്നമനട ഉമാമഹേശ്വരന്‍ ഓടിയത്. രണ്ടര കിലോമീറ്റര്‍ ഓടി കോഴിക്കടയില്‍ വച്ച് സന്ദര്‍ഭോചിതമായിട്ടുള്ള പാപ്പാന്റെ ഇടപെടലില്‍ ആനയെ തളയ്ക്കുകയായിരുന്നു. പേരാമംഗലം അമ്പക്കാട് ചട്ടം പഠിപ്പിക്കാന്‍ പറമ്പില്‍ കെട്ടിയ ആന ഇടഞ്ഞത് പരിഭ്രാന്തിക്കിടയാക്കി. തളച്ചിരുന്ന പറമ്പില്‍ വട്ടംകറങ്ങിയ ആന രണ്ടു തെങ്ങുകള്‍ മറിച്ചിട്ടു. ഉടനെ പാപ്പാന്‍മാര്‍ ആനയെ തളച്ചു.

Thrissur

English summary
hike in numner of elephant attack in thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X