മലയോര ഹൈവേ: തൃശൂര്‍ ജില്ലയ്ക്ക് അവഗണന
തൃശൂര്‍: തൃശൂരില്‍ മലയോര ഹൈവേയുടെ റൂട്ട് മാറ്റണമെന്ന പരാതി തള്ളിയ സര്‍ക്കാര്‍ കോഴിക്കോട് ജില്ലയില്‍ റൂട്ട് മാറ്റത്തിന് അനുമതി നല്‍കി. ജില്ലയിലെ മലയോരപ്രദേശങ്ങള്‍ക്ക് ഗതാഗതസൗകര്യവും വികസനവും സാധ്യമാകുന്നവിധം റൂട്ട് മാറ്റണമെന്നാവശ്യപ്പെട്ടു നല്‍കിയ പരാതിയാണു സര്‍ക്കാര്‍ തള്ളിയത്. പാണഞ്ചേരി പഞ്ചായത്തില്‍നിന്നും പുത്തൂര്‍ വഴിയാണു നേരത്തെ മലയോര ഹൈവേ നിശ്ചയിച്ചത്. ഈ പാത മലയോരവാസികളുടെ ഉന്നമനം സാധ്യമാക്കില്ലെന്നു നാട്ടുകാര്‍ പരാതിപ്പെട്ടിരുന്നു.
അവികസിത മലയോര പ്രദേശങ്ങളായ വഴുക്കുംപാറയില്‍നിന്നു തുടങ്ങി തോണിക്കല്‍ പുറംപാടം, മേലേച്ചിറ, കട്ടച്ചിറക്കുന്ന്, പട്ടിലുംകുഴി വഴി പീച്ചിയിലൂടെ കടന്ന് വിലങ്ങന്നൂര്‍ വഴി ഹൈവേ കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ നിവേദനം നല്‍കിയിരുന്നു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് , പഞ്ചായത്ത് മെമ്പര്‍മാരായ കെ.പി. എല്‍ദോസ്, സാലി തങ്കച്ചന്‍ എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതു പരിഗണിച്ച് നാലുമാസത്തിനകം റൂട്ട് മാറ്റത്തെ സംബന്ധിച്ച് തീരുമാനം എടുക്കണമെന്ന്് ഹൈക്കോടതി ഉത്തരവുണ്ടാകുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഡെപ്യൂട്ടി സെക്രട്ടറി മുമ്പാകെ പരാതിക്കാര്‍ ആവശ്യം വ്യക്തമാക്കുകയും ചെയ്തു. പരാതി പിന്നീടു സര്‍ക്കാര്‍ നിരസിച്ചു.

മലയോര ഹൈവേയുടെ റൂട്ട് മാറ്റം മലമ്പുഴ, പീച്ചി, പുത്തൂര്‍ മൃഗശാല വഴി ഒരു ടൂറിസ്റ്റ് ഇടനാഴി രൂപപ്പെടുന്നതിനു സഹായകരമായിരിക്കും. നിലവിലുള്ള പാതയേക്കാള്‍ ദൂരം കുറയാനുമിടയാക്കും. ഹൈവേ പാത മാറ്റിയാല്‍ കൂടുതല്‍ ചെലവു വരുമെന്നും പദ്ധതി നടപ്പിലാക്കാന്‍ കാലതാമസം വരുമെന്നും വാദിച്ചാണു സര്‍ക്കാര്‍ പരാതി തള്ളിയത്. പരാതി തള്ളിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവില്‍തന്നെ മലയോര ഹൈവേയുടെ റൂട്ട് മാറ്റിയാല്‍ മലയോര പ്രദേശങ്ങള്‍ക്ക് വികസനം ഉണ്ടാകുമെന്നും ഗതാഗതം സൗകര്യം വര്‍ധിപ്പിക്കുമെന്നും സമ്മതിച്ചിട്ടുണ്ട്. 9.60 കി.മീറ്റര്‍ ദൂരംവരുന്ന ഗ്രാമീണ റോഡ് വികസിപ്പിക്കുന്നതിന് 50 കോടി രൂപ ചെലവു വരുമെന്നു മുട്ടുന്യായം പറഞ്ഞ് സര്‍ക്കാര്‍ അപേക്ഷ തള്ളുകയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു. റൂട്ട്മാറ്റം സംബന്ധിച്ചു ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
നാക്പാക് 2006 ല്‍ നടത്തിയ സര്‍വേ പ്രകാരമാണ് ഇപ്പോഴുള്ള റൂട്ട് തീരുമാനിച്ചിരിക്കുന്നത്. കൂടാതെ മലയോര ഹൈവേ 12 മീറ്റര്‍ ക്യാരേജ് വേയോടു കൂടിയാണ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. മലയോര ഹൈവേ കടന്നുപോകുന്ന പ്രദേശത്തെ ജനപ്രതിനിധികളോടും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളോടും ചര്‍ച്ചചെയ്യാതെ സാമ്പത്തികലാഭം മാത്രം നോക്കിയിട്ടാണു നാക്പാക് സര്‍വേയില്‍ റൂട്ട് നിശ്ചയിച്ചതെന്നു പരാതിക്കാര്‍ ആരോപിക്കുന്നു.
മലയോര ഹൈവേ ഉള്‍പ്പെടുന്ന കാസര്‍ഗോഡ് ജില്ലയിലെ 92.415 കി.മീറ്റര്‍ റോഡ് പണിക്ക് 237.20 കോടി രൂപയാണു ചെലവ് കണക്കാക്കുന്നത്. ഇന്ധനവിലയില്‍ അധികമായി ഒരുരൂപ ചുമത്തി അതില്‍ നിന്ന് 50% റോഡ് പണിക്ക് വേണ്ടി എടുക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളതാണ്. ഈ ഭാഗത്തെ റോഡ് പണി മാത്രം കേരള റോഡ് ഫണ്ട് ബോര്‍ഡ് മുഖാന്തരം ചെയ്യാനും തീരുമാനിച്ചിരുന്നു. മറ്റു ഭാഗത്തെ മലയോര ഹൈവേ കിഫ് ബി മുഖാന്തരമാണു നടപ്പാക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ നാക്പാക് നടത്തിയ സര്‍വെ പ്രകാരമുള്ള അലൈമെന്റ് 2009ല്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നതാണ്. കോഴിക്കോട് ജില്ലയിലെ ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ല്‍ ഹൈവേ പാത മാറ്റം സര്‍ക്കാര്‍ അംഗീകരിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം കൊടുത്ത അപേക്ഷ പ്രകാരമാണ് ഈ വിവരങ്ങള്‍ ലഭിച്ചത്്. ഇപ്രകാരം ജില്ലയിലെ റൂട്ടുമാറ്റവും അംഗീകരിക്കണമെന്നാണ് ജില്ലയിലെ മലയോരവാസികള്‍ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications