സ്വന്തമായി കാറില്ല; കൂള്‍ഫിലിം ഒട്ടിച്ചതിന് ബൈക്ക് യാത്രികന്‍ നൗഷാദിന് എംവിഡിയുടെ പിഴ 3250
തൃശൂര്‍: ബൈക്ക് യാത്രികന് അനധികൃതമായി കൂളിംഗ് ഫിലും ഒട്ടിച്ചlതിന് പിഴയിട്ട് മോട്ടോര്‍ വാഹനവകുപ്പ്. തൃശൂര്‍ ഇരിങ്ങാലക്കുട എടതിരിഞ്ഞി സ്വദേശി നൗഷാദിനാണ് മോട്ടോര്‍ വാഹന വകുപ്പ് 3250 രൂപ പിഴയിട്ടത്. മൂവാറ്റുപുഴ ആര്‍ ടി ഒ ഓഫീസില്‍ നിന്നാണ് കത്ത് കിട്ടിയത്. എന്നാല്‍ നൗഷാദ് ഇപ്പോള്‍ അടുത്തൊന്നും കോതമംഗലത്തോ മൂവാറ്റുപുഴ ഭാഗത്തോ പോയിട്ടില്ല. അങ്ങനെയുള്ള തനിക്ക് ഈ കത്ത് കിട്ടിയതോടെ നൗഷാദ് ശരിക്കും ഒന്ന് ഞെട്ടി.
കാറില്‍ കൂളിംഗ് ഫിലിം ഒട്ടിച്ചെന്നും നമ്പര്‍ പ്ലേറ്റ് ശരിയായ രീതിയില്‍ പ്രദര്‍ശിപ്പിക്കാത്തതിനുമാണ് പിഴയിട്ടിരിക്കുന്നത്. എന്നാല്‍ തന്റെ ബൈക്കില്‍ എങ്ങനെ കൂളിംഗ് ഫിലിം ഒട്ടിക്കുന്നതെന്ന് ആലോചിച്ച് നോക്കിയപ്പോഴാണ് നൗഷാദ് ആ ഞെട്ടിക്കുന്ന കാര്യം ശ്രദ്ധിച്ചത്. തനിക്ക് കിട്ടിയ കത്തില്‍ ഒരു സ്വിഫ്റ്റ് കാറിന്റെ ചിത്രമാണുള്ളത്. ഏറ്റവും വലിയ അത്ഭുതം എന്താണെന്ന് വച്ചാല്‍ നൗഷാദിന് സ്വന്തമായി ഒരു കാര്‍ പോലുമില്ല. വാഹനത്തിന്റെ സ്ഥാനത്ത് എഴുതിയതാകട്ടെ സ്‌കൂട്ടര്‍ എന്നും. എന്നാല്‍ വിലാസവും വാഹനവും നമ്പറും ഫോണ്‍ നമ്പറുമെല്ലാം കൃത്യമാണ്.

കോതമംഗലം മലയന്‍കീഴ് ഭാഗത്ത് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് വാഹനത്തിന് പിഴ ചുമത്തിയിരിത്തുന്നത്. ഇതോടൊപ്പം ഡ്രൈവറുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിലാണ് നൗഷാദ് ജോലി ചെയ്യുന്നത്. താന്‍ ഇരിങ്ങാലക്കുട, തൃശൂര്‍ വിട്ട് പോകാറില്ല. അങ്ങനെയുള്ള തനിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ പിഴ കിട്ടിയതെന്ന് ആലോചിക്കുകയാണ് നൗഷാദ്.
അതേസമയം, മോട്ടോര്‍ വാഹനവകുപ്പിന് സര്‍ക്കാര്‍ പണം പിരിക്കാന്‍ ടാര്‍ജറ്റ് നല്‍കിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന് ടാര്‍ജറ്റ് നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും പ്രതികരിച്ചിരുന്നു.
നികുതിയും പിഴയും തമ്മിലുള്ള വ്യത്യാസമെന്താണെന്നു മനസിലാക്കിയാല്‍ ഒറ്റ വരിയില്‍ തീരാവുന്ന പ്രശ്‌നമെ ഈ വാര്‍ത്തക്കുള്ളൂ.
നികുതി കുടിശിക കൃത്യമായി പിരിച്ചെടുക്കണം എന്ന് വകുപ്പു തലത്തില്‍ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കുമ്പോള്‍ അത് ആളുകളെ റോഡില്‍ തടഞ്ഞു നിര്‍ത്തി നടത്തുന്ന 'പിഴപ്പിരിവ്' ആണെന്ന് തെറ്റായി ധരിക്കുമ്പോഴാണ് വാര്‍ത്തയും തെറ്റാകുന്നത്- ധനമന്ത്രി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് എം വി ഡിയും വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വര്‍ഷാവര്‍ഷം ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കുക... നികുതി വരുമാനം വര്‍ധിപ്പിക്കുക എന്ന സ്വാഭാവിക നടപടിക്രമത്തെ എത്ര ലാഖവത്തോടെയാണ് ഇവിടെ തെറ്റിദ്ധരിപ്പിക്കപ്പെടുന്നത്. ബഡ്ജറ്റ് എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കുക എന്നത് ഒരു സ്വാഭാവിക സര്‍ക്കാര്‍ നടപടിക്രമം മാത്രമാണ് .
മോട്ടോര്‍ വാഹന വകുപ്പില്‍ മാത്രമല്ല റവന്യൂ വരുമാനം നേടുന്ന എല്ലാ വകുപ്പുകളിലും ഇത്തരത്തില്‍ റിവൈസ്ഡ് എസ്റ്റിമേറ്റ് നല്‍കാറുണ്ട് . അത്തരത്തില്‍ ലഭിക്കുന്ന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനായി തന്റെ കീഴിലുളള ഓഫീസിലേക്ക് അയച്ചു നല്‍കുക എന്നത് ഒരു ഭരണ നിര്‍വ്വഹണ പ്രക്രിയ മാത്രമാണ് . അതിനെ പിഴ പിരിക്കുന്നതിനുള്ള നിര്‍ദ്ദേശം എന്ന് വ്യാഖ്യാനിക്കുന്നത് നിര്‍ഭാഗ്യകരമാണ്.
നിര്‍ദ്ദേശത്തില്‍ ഒരിടത്തും പിഴയീടാക്കണമെന്ന് പറയുന്നില്ല. മോട്ടോര്‍ വാഹന വകുപ്പില്‍ ഓരോ ഓഫീസിനും ടാര്‍ജറ്റ് നല്‍കാറുണ്ട്. ഇത് പിഴ പിരിക്കുന്നതിനല്ല, ഫീസ്, ടാക്‌സ് തുടങ്ങിയ വകുപ്പിന്റെ വരുമാനമാര്‍ഗ്ഗത്തോടൊപ്പം തന്നെ കുടിശ്ശികയായ നികുതി പിരിച്ചെടുക്കുന്നതിനാണ് . റോഡ് സുരക്ഷയ്ക്കായി നൂതന ആശയങ്ങള്‍ നടപ്പിലാക്കി വരുന്ന കാലഘട്ടമാണിത് . റോഡ് നിയമങ്ങള്‍ പാലിക്കുന്ന ഒരാളിനും പിഴ ഒടുക്കേണ്ടി വരില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.












Click it and Unblock the Notifications