കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതകം: പ്രതി റിയാസ് തൂങ്ങി മരിച്ച നിലയില്‍
തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ റിന്‍സി കൊലപാതക കേസിലെ പ്രതി റിയാസ് തൂങ്ങി മരിച്ച നിലയില്‍. റിയാസിന്റെ മൃതദേഹം ഏറിയാട്ടെ ആളൊഴിഞ്ഞ പറമ്പിലാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. റിയാസിന്റെ മൃതദേഹം കണ്ടെത്തിയ പറമ്പില്‍ പൊലീസ് എത്തിയിട്ടുണ്ട്. പൊലീസ് ഇവിടെ തുടര്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. റിന്‍സിയുടെ കൊലപാതകം നടന്ന സ്ഥലത്തിന് അധികം ദൂരെയല്ലാത്ത സ്ഥലത്താണ് റിയാസ് ആത്മഹത്യ ചെയ്തിരിക്കുന്നത്.
Recommended Video

റിന്‍സിയെ ആക്രമിച്ച ശേഷം റിയാസ് വീട്ടിലെത്തി കുളിച്ച ശേഷം പുറത്തേക്ക് പോകുകയായിരുന്നു. ഇതിന് ശേഷം ഇയാളെ കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. വീട്ടില്‍ ഇയാളുടെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ബൈക്ക് വീട്ടില്‍ വെച്ചാണ് ഇയാള്‍ പോയത്. പ്രതി തൃശൂര്‍ ജില്ല വിട്ട് പോയിട്ടില്ലെന്ന നിഗമനത്തില്‍ തന്നെയായിരുന്നു പൊലീസ്.

മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങവെ വ്യാഴാഴ്ച രാത്രിയാണ് തുണിക്കട ഉടമയായ റിന്‍സിയെ റിയാസ് ആക്രമിച്ചത്. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ താമസിക്കുകയാണ് റിന്‍സി നാസര്‍. റിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തിയ ശേഷം അയല്‍വാസിയായ റിയാസ് വെട്ടുകയായിരുന്നു. റിയാസിന്റെ ആക്രമണത്തില്‍ 30 ലേറെ വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.
റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോയിരുന്നു. മുഖത്തും ഗുരുതരമായി വെട്ടേറ്റ നിലയിലായിരുന്നു. കൊടുങ്ങല്ലൂര്‍ സി ഐയുടെ നേതൃത്വത്തില്‍ നടന്ന ഇന്‍ക്വസ്റ്റിലാണ് മുറിവുകള്‍ വ്യക്തമായത്. റിന്‍സിയുടെ പിന്‍ കഴുത്തിലേറ്റ വെട്ട് ആഴത്തിലുള്ളതാണ്. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന റിയാസ് സ്‌കൂട്ടര്‍ തടയുകയും റിന്‍സിയെ ആക്രമിക്കുകയുമായിരുന്നു. റിന്‍സിയുടെ മക്കളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്.
കുട്ടികള്‍ക്ക് പരിക്കേറ്റിട്ടില്ലായിരുന്നു. ഗുരുതരമായി പരിക്കേറ്റ റിന്‍സി വെള്ളിയാഴ്ചയാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. റിന്‍സിയുടെ കടയില്‍ റിയാസ് മുന്‍പ് ജോലി ചെയ്തിരുന്നതായാണ് വിവരം. നാസറാണ് റിന്‍സിയുടെ ഭര്‍ത്താവ്. ഏറിയാട് കെ വി എച്ച് എസ് സ്‌കൂളിന് സമീപത്ത് നിറക്കൂട്ട് എന്ന ടെക്സ്‌റ്റൈല്‍സ് നടത്തുകയായിരുന്നു റിന്‍സി. നേരത്തെ റിന്‍സിയുടെ ഭര്‍ത്താവുമായി റിയാസ് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിഷയം പൊലീസ് സ്റ്റേഷനില്‍ എത്തിയതോടെ യുവാവിനെ പൊലീസ് ചികിത്സക്ക് പറഞ്ഞ് വിടുകയായിരുന്നു. എന്നാല്‍ തിരിച്ചു വന്നിട്ടും യുവാവിന് റിന്‍സിയോടുള്ള ദേഷ്യം മാറിയില്ല.












Click it and Unblock the Notifications