കുതിരാന്‍ തുരങ്ക നിര്‍മ്മാണം: വാഹനങ്ങള്‍ കടത്തിവിടാന്‍ നടത്തിയ ട്രയല്‍ റണ്‍ വിജയകരം
തൃശൂർ: മണ്ണുത്തി വാളയാര്‍ ദേശീയപാത 544 ല്‍ കുതിരാന്‍ രണ്ടാം തുരങ്ക നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഇരുവശത്തേക്കുമുള്ള വാഹന ഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ട്രയല്‍ റണ്‍ നടന്നു. ട്രയല്‍ റണ്‍ വിജയമായാല്‍ രണ്ടു ദിശയിലേയ്ക്കും വാഹനങ്ങള്‍ കടത്തിവിടുന്നത് തുടരും. രണ്ടാം തുരങ്കം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ക്രമീകരണം. പാലക്കാട് നിന്ന് തൃശൂരിലേക്കുളള ഒന്നാം തുരങ്കത്തിലൂടെ നിലവില്‍ ഒറ്റവരിയാണ് ഗതാഗതം.
രണ്ടാം തുരങ്കത്തിന്റെ നിര്‍മാണം തീരണമെങ്കില്‍ ദേശീയ പാതയിലെ പഴയ റോഡ് പൊളിക്കണം. അങ്ങനെ വരുമ്പോള്‍ ഗതാഗതം തുടരാന്‍ നിലവിലെ തുരങ്കത്തിനെ ആശ്രയിക്കണം. ഇതിനാലാണ് തുരങ്കത്തില്‍ രണ്ടു വരി ഗതാഗതം ഏര്‍പ്പെടുത്തിയത്.

തുരങ്കത്തില്‍ ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ ഇങ്ങനെ
1. 25.11.2021 തിയതി മുതല്‍ ഇരുവശത്തേക്കുമുള്ള വാഹനഗതാഗതം ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കും.
2. വാഹനങ്ങള്‍ ഒന്നാം തുരങ്കത്തിലൂടെ മാത്രമായി ക്രമീകരിക്കുന്നതിന്റെ ഭാഗമായി വഴുക്കുംപാറമുതല്‍ റോഡിനു നടുവില്‍ തുരങ്കത്തിനകത്തും പുറത്തുമായി 3.2 കിലോമീറ്റര്‍ ദൂരം ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഇരുഭാഗത്തേക്കും ഗതാഗതം പ്രായോഗികമാക്കും.
3. വാഹനങ്ങളുടെ വേഗ നിയന്ത്രണം കര്‍ശനമാക്കും. ഇതിനായി ആവശ്യമുള്ള സ്ഥലങ്ങളില്‍ ഹമ്പുകള്‍ സ്ഥാപിച്ചു.
4. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന റോഡില്‍ രാത്രികാലങ്ങളില്‍ വെളിച്ചം ഉറപ്പുവരുത്തും. കൂടാതെ ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡിവൈഡറുകള്‍, ട്രാഫിക് സിഗ്‌നല്‍ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിച്ചു.
5. തുരങ്കത്തിന് ഇരുവശവും ആംബുലന്‍സ് സംവിധാനവും ക്രെയിന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
6. നിര്‍മ്മാണം നടക്കുന്ന റോഡിലും, തുരങ്കത്തിനകത്തും ഒരു കാരണവശാലും വാഹനങ്ങള്‍ ഓവര്‍ടേക്കിങ്ങ് അനുവദിക്കുകയില്ല.
7. വാഹനങ്ങള്‍ തുരങ്കപാതയിലേക്ക് പ്രവേശിക്കും മുമ്പ് മതിയായ ഇന്ധനം ഉറപ്പുവരുത്തണം.
8. കുതിരാന്‍ നിര്‍മ്മാണ സ്ഥലത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം സജ്ജമായി. മുഴുവന്‍ സമയവും തുരങ്കത്തിനകത്തും റോഡുകളിലും പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിയിലുണ്ടാകും.
9. ഏതെങ്കിലും തരത്തില്‍ തുരങ്കത്തിനകത്ത് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് അപകടം മൂലമോ, യന്ത്രത്തകരാര്‍ മൂലമോ സഞ്ചരിക്കാന്‍ കഴിയാതെ വന്നാല്‍ ക്രെയിന്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നതായിരിക്കും.
10. നിര്‍മ്മാണ മേഖലയില്‍ പാറപൊട്ടിക്കല്‍ നടക്കുന്ന സമയത്ത് ബാരിക്കേഡ് ഉപയോഗിച്ച് ഗതാഗതം നിയന്ത്രിക്കും.
11. ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാകുന്ന മുറയ്ക് രണ്ടാം തുരങ്കത്തിലേക്കുള്ള നിലവിലുള്ള റോഡ് പൊളിച്ച് പുതിയ റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതാണ്.
തുരങ്കത്തിനകത്ത് മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭ്യമല്ല. അത്യാവശ്യഘട്ടത്തില്‍ തുരങ്കത്തിനകത്ത് ഡ്യൂട്ടിയിലുള്ള പോലീസുദ്യോഗസ്ഥരുടെ സഹായം തേടുക. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പോലീസ് നടപ്പാക്കിയിട്ടുള്ള ക്രമീകരണങ്ങളോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.












Click it and Unblock the Notifications