• search
  • Live TV
തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

തൃശൂര്‍ ലോകസഭാ സീറ്റ്: മൂന്നു പേരുടെ സാധ്യതാലിസ്റ്റുമായി സിപിഐ, സിഎന്‍ ജയദേവന്‍, കെപി രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവർ പരിഗണനയിൽ

  • By Desk

തൃശൂര്‍: സി.പി.ഐ മത്സരിക്കുന്ന തൃശൂര്‍ പാര്‍ലമെന്റ് സീറ്റിലേക്ക് മൂന്നു പേരുടെ സാധ്യതാലിസ്റ്റ്. സി.എന്‍. ജയദേവന്‍, കെ.പി. രാജേന്ദ്രന്‍, രാജാജി മാത്യു തോമസ് എന്നിവരുടെ പേരുകള്‍ ഉള്‍പ്പെടുത്തിയ ലിസ്റ്റിനു സി.പി.ഐ. ജില്ലാ കൗണ്‍സില്‍ രൂപം നല്‍കി. കൗണ്‍സിലിലെ ചിലര്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ മത്സരിക്കണമെന്നു നിര്‍ദേശിച്ചെങ്കിലും അദ്ദേഹം ഒഴിഞ്ഞുമാറി. സ്ഥാനാര്‍ഥിയാകാനില്ലെന്നു മന്ത്രി അറിയിച്ചു.

ഉൾക്കടലിൽ ബോട്ടിന്റെ എഞ്ചിൻ നിലച്ചു; മത്സ്യത്തൊഴിലാളികൾ കുടുങ്ങി, രക്ഷകരായി ഫിഷറീസ് വകുപ്പും കോസ്റ്റൽ പോലീസും!!

സിറ്റിങ് എം.പിയായ ജയദേവന്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ പ്രഥമ പരിഗണന ലഭിക്കുമെന്നുറപ്പായി. മണ്ഡലത്തിലെ വികസനപ്രവൃത്തികള്‍ മുന്‍നിര്‍ത്തി ജയദേവന്‍ പത്രസമ്മേളനം നടത്തിയിരുന്നു. അതിനിടെയാണ് വീണ്ടും മത്സരിക്കുന്നതിനു താല്‍പര്യമുണ്ടെന്നു വ്യക്തമാക്കിയത്.

മുന്‍ മന്ത്രി കൂടിയായ കെ.പി.രാജേന്ദ്രനെ സ്ഥാനാര്‍ഥിയാക്കിയാല്‍ കൂടുതല്‍ ഗുണമുണ്ടാകുമെന്നും വാദമുണ്ടായി. രാജാജി മാത്യു തോമസ് മുന്‍ എം.എല്‍.എയും ജനയുഗം എഡിറ്ററുമാണ്. സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച സ്ഥാനാര്‍ഥിപട്ടിക ദേശീയ നേതൃത്വത്തിനു കൈമാറണം. മാര്‍ച്ച് എട്ടോടെ അന്തിമതീരുമാനമുണ്ടാകും. മണ്ഡലത്തില്‍ സി.പി.ഐ. തെരഞ്ഞെടുപ്പിനു ഒരുക്കം തുടങ്ങി.

2014 ല്‍ സി.പി.ഐയുടെ മാനം കാത്തത് തൃശൂരാണ്. ലോക്‌സഭയിലെ ഏക സീറ്റ് സി.എന്‍.ജയദേവനിലൂടെയാണ് അവര്‍ സ്വന്തമാക്കിയത്. അതു കൂടിയില്ലായിരുന്നുവെങ്കില്‍ തലയില്‍ മുണ്ടിടേണ്ടിവരുമായിരുന്നു. അക്കുറി കോണ്‍ഗ്രസ് ഉറപ്പിച്ചുവെച്ച സീറ്റാണ് സി.പി.ഐ. തട്ടിയെടുത്തത്. അന്നത്തെ സിറ്റിങ് എം.പിയായിരുന്ന പി.സി.ചാക്കോയും കെ.പിധനപാലനും തൃശൂരും ചാലക്കുടിയും വെച്ചുമാറിയിരുന്നു. രണ്ടിടത്തും കണക്കു തെറ്റി.

തൃശൂരില്‍ സുധീരനോ? കോണ്‍ഗ്രസില്‍ ചര്‍ച്ച

ലോക്‌സഭയിലേക്ക് തൃശൂരില്‍ വി.എം.സുധീരനെ രംഗത്തിറക്കണമെന്ന ആവശ്യം ശക്തമാണ്. കോണ്‍ഗ്രസിന്റെ ജനപ്രിയതാരമാണ് സുധീരന്‍ എന്നു എതിരാളികളും സമ്മതിക്കും. നിലപാടുകളുടെ പേരില്‍ കെ.പി.സി.സി പ്രസിഡന്റ് പദവി പോലും ഒഴിയേണ്ടിവന്ന അദ്ദേഹത്തിന് പാര്‍ട്ടിയിലേക്കാള്‍ സ്വീകാര്യത ജനമധ്യത്തിലുണ്ട്. അതേസമയം സുധീരന്‍വിരുദ്ധര്‍ അവസരം നോക്കിയിരിക്കുകയാണ്. മദ്യലോബികള്‍ ഉള്‍പ്പെടെ എതിര്‍ക്കാന്‍ പതിനെട്ടടവും പയറ്റും. ബാറുകള്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സുധീരന്‍ മുമ്പു കൈക്കൊണ്ട നിലപാടുകള്‍ വന്‍വിവാദമായിരുന്നു.

ഇതൊക്കെയാണെങ്കിലും സുധീരന്‍ വന്നാല്‍ ജനകീയ അടിത്തറ ശക്തമാകുമെന്നു കരുതുന്നവര്‍ കോണ്‍ഗ്രസ് ദേശീയനേതൃത്വത്തിലുണ്ട്. രാഹുല്‍ഗാന്ധിക്കും സുധീരന്‍ പ്രിയങ്കരനാണ്. സുധീരനെ രംഗത്തിറക്കണമെങ്കില്‍ ഹൈക്കമാന്‍ഡ് നേരിട്ടു സമ്മര്‍ദം ചെലുത്തേണ്ടിവരുമെന്നാണ് സൂചന. മത്സരത്തിന് അനുകൂലമല്ല സുധീരന്റെ ഇപ്പോഴത്തെ നിലപാട്. ജയസാധ്യത മാത്രമാണ് പരിഗണിക്കുകയെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

അതിനിടെ ഐ ഗ്രൂപ്പ് സീറ്റിനായി അവകാശവാദമുന്നയിക്കുന്നുണ്ട്. സീറ്റുകളുടെ തീരുമാനം എത്രയും വേഗമുണ്ടാകുമെന്നല്ലാതെ എന്നു പ്രഖ്യാപനമെന്നു പറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു കഴിയുന്നില്ല. ഗ്രൂപ്പിന്റെ പേരില്‍ നടക്കുന്ന വിലപേശലുകളോട് താഴേതട്ടില്‍ മുമ്പത്തെ പോലെ താല്‍പര്യമില്ല. എന്നാല്‍ സംസ്ഥാനതലത്തില്‍ നേതാക്കള്‍ കടുത്ത നിലപാടില്‍ തന്നെയാണ്.

തൃശൂരില്‍ മത്സരിക്കാനില്ലെന്നു പി.സി.ചാക്കോയും കോണ്‍. നേതൃത്വത്തെ അറിയിച്ചു. വരത്തനും വേണ്ട, വയസനും വേണ്ട എന്ന പേരില്‍ ഈയടുത്ത് വ്യാപകമായി നഗരത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഐ പക്ഷത്തുനിന്നുള്ളവരാണ് അത് ഒട്ടിച്ചതെന്നു പരാതിയുണ്ട്. പാര്‍ട്ടിക്കാര്‍ക്ക് ബന്ധമുണ്ടെന്നു കണ്ടാല്‍ നടപടിയുണ്ടാകുമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് വ്യക്തമാക്കിയത്. ശത്രുക്കളാണ് അതു ചെയ്തതെന്നും സി.സി.ടി.വി കാമറകള്‍ വഴി പോസ്റ്റര്‍ ഒട്ടിച്ചവരെ കണ്ടെത്തുമെന്നും ഡി.സി.സി. പ്രസിഡന്റ് ടി.എന്‍.പ്രതാപനും പറഞ്ഞിരുന്നു.

ഡീന്‍ കുര്യാക്കോസ്, പി.സി.ചാക്കോ എന്നിവരെയും സുധീരന്‍ ഉള്‍പ്പെടെയുള്ളവരേയും ലക്ഷ്യമിട്ടാണ് പോസ്റ്റര്‍ പ്രചാരണമുണ്ടായതെന്നു കരുതുന്നു. ഇടതുമുന്നണിയും ബി.ജെ.പിയും താമസിയാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നറിയുന്നു. തൃശൂര്‍ ഡി.സി.സി പ്രസിഡന്റിന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നു. ഇടതുപക്ഷത്തു സീറ്റ് സി.പി.ഐക്കാണ്. സിറ്റിങ് എം.പി. ജയദേവന്‍ തന്നെ വീണ്ടും മത്സരിച്ചേക്കും.

ബി.ജെ.പിയും പ്രതീക്ഷയോടെയാണ് തൃശൂരിനെ നോക്കുന്നത്. എന്‍.ഡി.എയ്ക്ക് ജയസാധ്യതയുള്ള എ പ്ലസ് മണ്ഡലമായാണ് കണക്കുകൂട്ടുന്നത്. 96 ല്‍ സാക്ഷാല്‍ കെ.കരുണാകരനെ മലര്‍ത്തിയിടച്ചു നേടിയ ജയം സി.പി.ഐയ്ക്ക് ഇന്നും മധുരമുള്ള ഓര്‍മയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 38,227 വോട്ടുകള്‍ക്കാണ് സി.എന്‍. ജയദേവന്‍ ജയിച്ചത്. അത്ര പരിചിതനല്ലാത്ത സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടും ബി.ജെ.പി തൃശൂരില്‍ 1,02,681 വോട്ടുകള്‍ നേടി വരവറിയിച്ചു. നാട്ടിക, മണലൂര്‍, തൃശൂര്‍, ഇരിങ്ങാലക്കുട, ഗുരുവായൂര്‍, ഒല്ലൂര്‍, പുതുക്കാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് തൃശൂര്‍ ലോക്‌സഭാ സീറ്റ്.

Thrissur

English summary
Lok Sabha election 2019: CPI Thrissure district committee display posibility list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X