തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട; കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടം
തൃശൂര്‍: തൃശൂരില്‍ വന്‍ കഞ്ചാവ് വേട്ട. മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് അപകടമുണ്ടായി. അപകടത്തില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന് പരിക്കേറ്റു. തുടര്‍ന്ന് കാര്‍ യാത്രക്കാരെ നാട്ടുകാര്‍ പിടികൂടിയതോടെയാണ് കഞ്ചാവ് കണ്ടത്. തുടര്‍ന്ന് എക്‌സൈസ് ഇവരെ കസ്റ്റഡിയില്‍ എടുത്തു. ഈ സമയത്ത് കയ്യിലുണ്ടായിരുന്ന കഞ്ചാവ് സമീപത്തെ കാട്ടില്‍ വലിച്ചെറിഞ്ഞെങ്കിലും എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
മകളെ ബസ് കയറ്റിവിടാന്‍ എത്തിയ യുവാവാണ് അപകടത്തില്‍പ്പെട്ടത്. വണ്ടി വഴിയരികില്‍ നിര്‍ത്തിയ സമയത്തായിരുന്നു എതിര്‍ദിശയില്‍ പാഞ്ഞെത്തിയ കാര്‍ ഇടിച്ചു വീഴ്ത്തിയത്. യുവാവിനെ വലിച്ച് കുറച്ചുദൂരം കൊണ്ടുപോവുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാറിലുണ്ടായിരുന്ന യുവാവ് കഞ്ചാവ് പൊതിയെടുത്ത് കാട്ടിലേക്ക് വലിച്ചെറിയുകയായിരുന്നു. 250 ഗ്രാം കഞ്ചാവാണ് കാറിലുണ്ടായിരുന്നത്.

അതേസമയം, കോതമംഗലത്തും വന്‍ ലഹരി വേട്ട നടന്നു. നെല്ലിക്കുഴി സ്‌കൂള്‍ പടി ജംഗ്ഷനില്‍ നിന്നും ഒരാളെ ബ്രൗണ്‍ഷുഗറുമായി എക്‌സൈസ് പിടികൂടി. ആസാം നാഗോണ്‍ ജില്ലയില്‍ ജറമാരി ഗ്രാമത്തില്‍ മൊയ്രാബാരി പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള നൂര്‍ മുഹമ്മദ് (27 വയസ്സ് ) ആണ് പിടിയിലായത്.
വില്പനയ്ക്കായി ചെറിയ ഡപ്പികളില്‍ നിറച്ച ഉദ്ദേശം 12.32 ഗ്രാം ബ്രൗണ്‍ ഷുഗര്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ ജോസ് പ്രതാപും സംഘവുമാണ് കേസ് എടുത്തത്. പ്രിവന്റീവ് ഓഫീസര്‍മാരായ നിയാസ്, സിദ്ധിഖ്, സി.ഇ.ഒമാരായ ബിജു, നന്ദു, എല്‍ദോ, ഉമ്മര്‍ എന്നിവര്‍ സംഘത്തില്‍ പങ്കെടുത്തു.
ഇതിനിടെ, കൊട്ടാരക്കര സര്‍ക്കിള്‍ ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ കെ. ആറും സംഘവും ചേര്‍ന്ന് കൊട്ടാരക്കര കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ നിന്നും മയക്കുമരുന്നുമായി യുവാവിനെ പിടികൂടി. കുന്നത്തൂര്‍ താലൂക്കില്‍ മൈനാഗപ്പള്ളി കുമ്പള കോളനി സ്വദേശി ലിയോ.ഡി ജോണ്‍(22 വയസ്സ് ) ആണ് അറസ്റ്റില്‍ ആയത്. ഇയാളുടെ കൈവശം 2.15 ഗ്രാം എം ഡി എം എ , 20 ഗ്രാം കഞ്ചാവ്, 2 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ ഉണ്ടായിരുന്നു. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ ഷിലു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ നഹാസ്, അനില്‍കുമാര്‍, കൃഷ്ണരാജ് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications