മുൻപിൽ സിഗ്നൽ നൽകാൻ പൈലറ്റ് വാഹനം, പിന്നാലെ ആഡംബര കാറിൽ കഞ്ചാവും; യുവാക്കൾ പിടിയിൽ
തൃശൂർ: കുതിരാൻ തുരങ്കത്തിൽ ആഡംബരക്കാറിൽ വച്ച് കടത്താൻ ശ്രമിച്ച 77 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. പുത്തൂർ സ്വദേശി അരുൺ അഖിൽ (29) എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡും പീച്ചി പോലീസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്. ഏകദേശം മൂന്നേ മുക്കാൽ കോടി രൂപ വില വരുന്ന ലഹരിമരുന്ന് പിടികൂടിയത്.
ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് ഹഷിഷ് ഓയിലും കഞ്ചാവും. മൂന്നു കിലോഗ്രാം ഹഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കഞ്ചാവിൽ നിന്ന് വാറ്റിയെടുക്കുന്ന ഹഷിഷ് ഓയിലിന് വിപണിയിൽ മോഹവിലയുണ്ട്. അരുൺ നേരത്തെ ലഹരിക്കടത്തിന് പിടിക്കപ്പെട്ടയാളാണ്. ഇയാളുടെ ഫോൺ പോലീസ് നിരീക്ഷണത്തിലുമായിരുന്നു. കൂടാതെ സ്ഥിരം നോട്ടപ്പുള്ളിയുമായിരുന്നു ഇയാൾ.

ആദ്യം പൈലറ്റ് വാഹനമാണ് പിടികൂടിയത്. കോലഴി സ്വദേശി അഖിലായിരുന്നു പൈലറ്റ്. പിന്നിലുള്ള വണ്ടിയിലായിരുന്നു മുഖ്യപ്രതി അരുൺ. രണ്ട് പേരും അറസ്‌റ്റിലായി. ഇവരുടെ കൈയ്യിൽ നിന്നും ചരക്കു വാങ്ങുന്നവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പിടിയിലായ അരുണിന്റെ അടുത്ത ബന്ധുവാണ് അഖിൽ.
ഇതിന് പുറമെ കൊടുങ്ങല്ലൂരിലും ലഹരിവേട്ട നടന്നു. എംഡിഎംഎയുമായി രണ്ട് പേരെ തൃശൂർ റൂറൽ ഡൻസാഫ് ടീമും, കൊടുങ്ങല്ലൂർ പോലീസും ചേർന്നാണ് പിടികൂടിയത്. എടവിലങ്ങ് സ്വദേശികളായ പുന്നക്കാപറമ്പിൽ ശിവകൃഷ്‌ണ, പറക്കാട്ട് വീട്ടിൽ അഭിനവ് എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവി നവനീത് ശർമ്മക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സംഭവം കണ്ടെത്തിയത്.
ജില്ലയുടെ തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപന നടത്തുന്ന ശൃംഖലയിലെ കണ്ണികളാണിവരെന്നും, മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ് പിടികൂടിയ എംഡിഎംഎയെന്നും പോലീസ് പറയുന്നു. അന്വേഷണത്തിൽ പ്രതികൾ ബാംഗ്ലൂർ നിന്നുമാണ് മയക്കുമരുന്ന് കൊണ്ടുവന്നത് എന്ന് വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.












Click it and Unblock the Notifications