മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പരസ്യ പ്രതികരണം: അനില്‍ അക്കര എംഎല്‍എയ്ക്കെതിരെ കടുത്ത നടപടിയുണ്ടാകില്ല
തൃശൂര്‍: കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പരസ്യ പ്രതികരണം നടത്തിയ അനില്‍ അക്കര എം.എല്‍.എ.യ്ക്ക് എതിരേ കടുത്ത നടപടിയുണ്ടാകില്ല. പേരിനു വിശദീകരണം തേടി വിഷയം അവസാനിപ്പിക്കുമെന്നാണ് സൂചന. നിലവില്‍ എ ഗ്രൂപ്പുമായി അടുത്തുനില്‍ക്കുന്ന അനിലിന്റെ നിലപാടിനു ജില്ലയിലെ ഭൂരിപക്ഷം നേതാക്കളുടെയും പിന്തുണയുണ്ടെന്നതാണ് മൃദുസമീപനത്തിനു കാരണം. വിവിധ നേതാക്കള്‍ ഡി.സി.സിക്കു പ്രസിഡന്റ് ഇല്ലാത്ത വിഷയത്തില്‍ അതൃപ്തിയിലാണ്. ഡിസിസി നേതൃനിരയില്‍ മുതിര്‍ന്നവരും യുവാക്കളും അടക്കമുള്ളവര്‍ അനില്‍ ഉയര്‍ത്തിയ വിമര്‍ശനം മാനസികമായി ഉള്‍ക്കൊളളുന്നവരാണ്. പ്രതിപക്ഷനേതാവ് രമേശ്‌ചെന്നിത്തല അനിലുമായി സംസാരിച്ചിരുന്നു. വിഷയം വലിച്ചുനീട്ടാന്‍ രമേശിനും താല്‍പര്യമില്ല. എന്നാല്‍ മുല്ലപ്പള്ളിയുടെ നിലപാട് അതല്ല.
രമ്യ ഹരിദാസിനു കാര്‍ വാങ്ങാന്‍ പണപ്പിരിവ് നടത്താമെന്ന ആശയം മുന്നോട്ടുവെച്ചത് അനില്‍ അക്കരയാണ്. അതു ജനകീയ പരിപാടിയായി നടത്താനായിരുന്നു കൂപ്പണ്‍ അടിച്ചു താഴേതട്ടില്‍നിന്നു പിരിവെടുത്തത്. പദ്ധതി സുഗമമായി മുന്നോട്ടുപോകുന്നതിനിടെ മുല്ലപ്പള്ളി എതിര്‍നിലപാടുമായി വന്നത് എം.എല്‍.എയെ മാനസികമായി തളര്‍ത്തി. അതില്‍നിന്നുണ്ടായ രോഷപ്രകടനമാണ് പരസ്യപ്രതികരണമായി വന്നതെന്നാണ് അറിയുന്നത്. അതിനിടെ ടി.എന്‍. പ്രതാപന്‍ നേതൃത്വം ഏറ്റെടുക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. ഡി.സി.സി. ഓഫീസില്‍ പ്രസിഡന്റിന്റെ ബോര്‍ഡുപോലും മാറ്റിയാണ് അദ്ദേഹം രാജിക്കത്തു നല്‍കിയത്. അതു വീണ്ടും എടുത്തുവെക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. അതേസമയം പാര്‍ട്ടി പറഞ്ഞാല്‍ എന്തു സ്ഥാനവും വഹിക്കുമെന്നത് എം.പി.യുടെ പ്രഖ്യാപിത നിലപാടാണ്. പ്രശ്‌നങ്ങളില്‍ നിന്നു ഓടിയൊളിക്കാനും പ്രതാപന്‍ തയ്യാറായിട്ടില്ല.

ഡല്‍ഹിയില്‍ പാര്‍ലമെന്റു സമ്മേളനത്തിനിടയില്‍ പനി മൂലം ശനി, ഞായര്‍ ദിവസങ്ങളിലെ സന്ദര്‍ശനം പ്രതാപന്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്നത്തെ നിലയില്‍ ഗ്രൂപ്പുകള്‍ പോരടിക്കുന്ന ജില്ലയില്‍ മികച്ചരീതിയില്‍ സംഘടനാപ്രവര്‍ത്തനം നടത്തുകയെന്നത് ബുദ്ധിമുട്ടാകും. എം.പി. എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകില്ലെന്നു ഉറപ്പുവരുത്താന്‍ പ്രതാപന്‍ ബാധ്യസ്ഥനാണ്.












Click it and Unblock the Notifications