'കൊടുക്കാം നല്ലൊരു സല്യൂട്ട്'; ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പഞ്ചായത്തും പൊലീസും
തൃശൂര്‍: ബന്ധുക്കള്‍ ഉപേക്ഷിച്ച സഹോദരിമാര്‍ക്ക് തുണയായി പാവറട്ടി പോലീസിന്‍േറയും മുല്ലശ്ശേരി പഞ്ചായത്ത് പ്രതിനിധികളും. മുല്ലശ്ശേരിയില്‍ പതിനാലാം വാര്‍ഡില്‍ താമസിക്കുന്ന സഹോദരിമാരായ ചന്ദ്ര ( 93 ) കല്ല്യാണി ( 86 ) എന്നിവര്‍ക്കാണ് പാവറട്ടി പോലീസിന്റെയും പഞ്ചായത്ത് പ്രതിനിധികളുടേയും സഹായത്തോടെ ചേലക്കരയിലെ ശാന്തി സദന്‍, അമ്മവീട് എന്നീ അഭയകേന്ദ്രങ്ങളിലേക്കാണ് അമ്മമാരെ മാറ്റി പാര്‍പ്പിച്ചത്. സംരക്ഷണത്തിന് ആരുമില്ലാതെ പ്രായാധിക്യ അസുഖങ്ങളാല്‍ തളര്‍ന്ന് കഴിഞ്ഞിരുന്ന സഹോദരിമാരാണിവര്‍ .
നാട്ടുകാരായ പലരുടേയും സഹായത്തിലാണ് ആരോഗ്യപരമായ പല അസുഖങ്ങളുമുള്ള ഇവര്‍ കഴിഞ്ഞിരുന്നത് ഏറെ പ്രായമുള്ള ഇവരുടെ അടുത്തേക്ക് സന്ദര്‍ശനത്തിനായി പാവറട്ടി ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ പി.കെ സരില്‍, കെ.എന്‍ നിതിന്‍ എത്തിയതോടെ ഇവര്‍ക്ക് കൂടുതല്‍ ആശ്വാസമായി. ഭക്ഷണമായും മരുന്നായും പല സഹായങ്ങളും ഇടവിട്ട് അന്വേഷിച്ച് ഇവര്‍ എത്തിച്ചുകൊടുത്തിരുന്നു. മഴക്കാലത്ത് ചോര്‍ന്നൊലിച്ചിരുന്ന വീടിന് പാവറട്ടി പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പ്രയത്‌നഫലമായി ഷീറ്റുമേഞ്ഞു നല്‍കി സഹോദരിമാര്‍ക്ക് ആശ്വാസമേകി .
സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കാന്‍ പലവട്ടം പോലീസ് ഉദ്യോഗസ്ഥര്‍ അഭ്യര്‍ത്ഥിച്ചെങ്കിലും സഹോദരിമാരുടെ ഉറച്ച നിര്‍ബന്ധ പ്രകാരം ആ വീട്ടില്‍തന്നെ കഴിയുകയായിരുന്നു. അതിനാല്‍ ബീറ്റ് ഓഫീസര്‍മാരുടെ ക്ഷേമാന്വേഷണവും പതിവായിരുന്നു .
ഖത്തര്‍ കേരളത്തിന് പണി തന്നത് കോഴിമുട്ടയില്‍!! ദോഹയില്‍ ജനം ഒഴുകിയെത്തി, ആവശ്യം ഏറി...
ഭക്ഷണം പാകം ചെയ്തു കഴിക്കാനോ പ്രാഥമിക കാര്യങ്ങള്‍ക്കോ സാധിക്കാനാകാത്ത വിധത്തില്‍ കഴിഞ്ഞിരുന്ന ഇവരുടെ വിഷമകരമായ അവസ്ഥകണ്ട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി, ജീല്ലാ സാമൂഹ്യ നീതി വകുപ്പ് എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും മുല്ലശ്ശേരി പഞ്ചായത്ത് പ്രതിനിധികളും , പാവറട്ടി പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം കെ രമേഷിന്റെ നിര്‍ദ്ദേശപ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ പി എം രതീഷ്, ജനമൈത്രി ബീറ്റ് ഓഫസര്‍മാര്‍ എന്നിവരും സ്ഥലത്തെത്തി സഹോദരികളുമായി സംസാരിച്ച് സുരക്ഷയെ കുറിച്ച് ബോധ്യപെടുത്തിയപ്പോള്‍ സഹോദരിമാര്‍ ആശ്രയകേന്ദ്രത്തിലേക്കുമാറാന്‍ അവസാനം സമ്മതം മൂളുകയായിരുന്നു.
ആകെയുള്ള തുണികളും മരുന്നുകളും എടുത്ത് നാട്ടുകാരോടു യാത്രപറഞ്ഞ് വാഹനത്തില്‍ കയറുന്നതിനിടയില്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍മാരെ വാരിപുണര്‍ന്ന് ഉമ്മവച്ചാണ് അമ്മമാര്‍ കണ്ണുനിറഞ്ഞ് യാത്രപറഞ്ഞത്. കൂടുതല്‍ സുരക്ഷയുള്ള സ്ഥലത്തേക്കാണെന്ന ആശ്വാസത്തില്‍ നാട്ടുകാരും സഹോദരിമാരെ യാത്രയാക്കി.