കുട്ടിക്കാലത്ത് സര്‍ക്കസില്‍; 21 വര്‍ഷം തൃശൂര്‍ പൂരത്തില്‍; കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു
തൃശൂര്‍: വര്‍ഷങ്ങളായി എഴുന്നള്ളിപ്പുകളില്‍ തലയെടുപ്പോടെ നിന്ന പാറമേക്കാവ് ദേവസ്വത്തിന്റെ കൊമ്പന്‍ പാറമേക്കാവ് ദേവീദാസന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് ആന ചരിഞ്ഞത്. 60 വയസുണ്ടായിരുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. ഒരു വര്‍ഷത്തോളമായി എഴുന്നള്ളിപ്പില്‍ പങ്കെടുപ്പിച്ചിരുന്നില്ല.
2001ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരുവില്‍ നിന്നാണ് പാറമേക്കാവ് ദേവസ്വം ദേവീദാസനെ വാങ്ങിയത്. ആ വര്‍ഷത്തെ പൂരം കൊടിയേറ്റ് ദിവസമാണ് നടയിരുത്തിയത്. അന്നാണ് ദേവീദാസന്‍ ആദ്യമായി നെറ്റിപ്പട്ടം കെട്ടുന്നത്. അതുവരെ മരക്കൂപ്പിലെ ജോലിയായിരുന്നു.

ചെറുപ്പത്തില്‍ സര്‍ക്കസില്‍ എത്തിയ ആന പിന്നീട് കൂപ്പിലെത്തുകയായിരുന്നു. തുടര്‍ച്ചയായി 21 വര്‍ഷവും തെക്കോട്ടിറങ്ങുന്ന 15 ആനകളിലൊന്നായിരുന്നു ദേവീദാസന്‍. കഴിഞ്ഞ വര്‍ഷം അസുഖത്തെ തുടര്‍ന്ന് എഴുന്നള്ളിക്കാന്‍ സാധിച്ചിരുന്നില്ല. 2001ല്‍ രാത്രി പൂരത്തിന് കോലമേന്തിയും ദേവീദാസനാണ്. ശാന്തസ്വഭാവക്കാരനായിരുന്നു. ഇതുവരെ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഉണ്ടാക്കിയിട്ടില്ല.
ഒന്നും രണ്ടും പാപ്പാന്മാരെ ഒരുപോലെ അനുസരിക്കുന്ന ആന കൂടിയാണ് ദേവീദാസന്‍. ഒട്ടേറെ ആരാധകരുള്ള ആന കൂടിയാണ് ദേവീദാസന്‍. പ്രത്യേക താളത്തില്‍ ആടിയാടിയുള്ള നടത്തമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായിരുന്നു. തൃശൂര്‍ പൂരത്തിന് തിടമ്പേറ്റാന്‍ അവസരം ലഭിച്ചിട്ടില്ല. ശാന്തസ്വഭാവകാരനായതിനാല്‍ തട്ടകക്കാരുടെ പ്രിയപ്പെട്ടവനായിരുന്നു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ദേവീദാസന്‍ നിറ സാന്നിദ്ധ്യമായിരുന്നു.












Click it and Unblock the Notifications