മണ്ണും മനസും പൂരലഹരിയില്‍, ആവേശത്തേരില്‍ തൃശൂര്‍ പൂരം; സാക്ഷിയാകാന്‍ ജനസാഗരം
തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരം ഇന്ന്. വടക്കുംനാഥ ക്ഷേത്രത്തിലും തേക്കിന്‍കാട് മൈതാനത്തിലുമായാണ് അരങ്ങേറുന്ന തൃശൂര്‍ പൂരത്തിന് ഇത്തവണത്തെ പ്രധാന ആകര്‍ഷണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ സാന്നിധ്യമാണ്. പൂര ദിവസം നെയ്തലകാവിന്റെ തിടമ്പേറ്റുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. നേരത്തെ പൂരവിളംബരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ നിയോഗിക്കണം എന്ന് വിവിധ കോണില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു.
എന്നാല്‍ എറണാകുളം ശിവകുമാര്‍ എന്ന കൊമ്പനാനയാണ് ഇത്തവണയും തെക്കേനട തള്ളിത്തുറക്കുക. നെയ്താലകാവിന്റെ തിടമ്പേറ്റുന്നതിനായി രാമചന്ദ്രന്‍ ഇന്ന് രാവിലെയോടെ പൂരനഗരിയില്‍ എത്തിയിട്ടുണ്ട്. ഇന്നലെ നെയ്തലക്കാവിലമ്മ വടക്കുന്നാഥനെ വണങ്ങി തെക്കേ ഗോപുരനട തുറന്ന് പൂര വിളംബരം നടത്തിയിരുന്നു. ഇതോടെയാണ് 48 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്ന പൂരാഘോഷം ആരംഭിച്ചത്.

എല്ലാ വര്‍ഷവും മേടമാസത്തിലെ പൂരം നാളിലാണ് തൃശൂര്‍ പൂരം നടക്കുക. രാവിലെ കണിമംഗലം ശാസ്താവിന്റെ പൂരമാണ് വടക്കുന്നാഥന്റെ സന്നിധിയിലേക്ക് ആദ്യമെത്തിയത്, പിന്നാലെ മറ്റ് ഏഴ് ഘടകപൂരങ്ങളും സന്നിധിയിലേക്ക് എത്തും. വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്താണ് എത്തുന്നത്.
നെയ്തലക്കാവ് ഭഗവതി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ ഭഗവതി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നാണ് ഘടകപൂരങ്ങളെത്തുന്നത്. തിരുവമ്പാടി ഭഗവതിയുചെ തിടമ്പേറ്റുന്നത് തിരുവമ്പാടി ചന്ദ്രശേഖരനാണ്.
Astro Tips: ചിങ്ങം രാശിയിലെ സ്ത്രീകളാണോ...? എങ്കില്‍ നിങ്ങള്‍ ഇങ്ങനെയാകും
ശേഷം മഠത്തില്‍ വരവ് പഞ്ചവാദ്യം ആരംഭിക്കും. കൊങ്ങാട് മധുവിന്റെ പ്രമാണത്തിലാണ് പഞ്ചവാദ്യം. എഴുന്നള്ളിപ്പ് നായ്ക്കനാലിലെത്തുന്നതോടെ പഞ്ചവാദ്യം അവസാനിച്ച് മേളം തുടങ്ങും. ചേരാനെല്ലൂര്‍ ശങ്കരന്‍ കുട്ടന്‍ മാരാരാണ് മേളൃ പ്രമാണി. ഈ സമയം ആനകളുടെ എണ്ണം പതിനഞ്ചാകും. ഉച്ചക്ക് 12 മണിയോടെയാണ് പാറമേക്കാവിന്റെ പൂരം പുറപ്പാട്. ഗുരുവായൂര്‍ നന്ദനാണ് പാറമേക്കാവ് ഭഗവതിയുടെ തിടമ്പേറ്റുന്നത്.
കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തില്‍ ആയിരിക്കും പാണ്ടിമേളം. രണ്ട് മണിയോടെ ക്ഷേത്ര മതിലിനകത്തെ ഇലഞ്ഞിച്ചുവട്ടിലെത്തി ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാകും. അഞ്ച് മണിയോടെ മേളം കലാശിക്കും. ശേഷം പാറമേക്കാവിലമ്മ കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും. പാറമേക്കാവാണ് ആദ്യം കുടമാറ്റത്തിനായി പുറത്തിറങ്ങുന്നത്. പിന്നാലെ തിരുവമ്പാടിയും കുടമാറ്റത്തിനായി തെക്കോട്ടിറങ്ങും.
മുപ്പത്തഞ്ചോളം സെറ്റ് കുടകളാണ് ഇരുവിഭാഗവും മാറുന്നത്. കുടമാറ്റം പൂര്‍ത്തിയായി ഇരുഭഗവതിമാരും മടങ്ങുന്നതോടെ രാത്രി പൂരം ആരംഭിക്കും. ഇതിന് ശേഷമാണ് വെടിക്കെട്ടിന് തുടക്കമാകുന്നത് തിങ്കളാഴ്ച രാവിലെ ഇരുഭഗവതിമാരും വീണ്ടും പതിനഞ്ചാനപ്പുറത്ത് എഴുന്നള്ളി ഉപചാരം ചൊല്ലിപ്പിരിയുന്നതോടെ ഇക്കൊല്ലത്തെ പൂരച്ചടങ്ങുകള്‍ അവസാനിക്കും.












Click it and Unblock the Notifications