മൂന്നേമുക്കാൽ കോടി ? ഗുണ നിലവാരമില്ല, സ്കൂൾ കെട്ടിടം പൊളിക്കുന്നു; സിപിഎമ്മിനെതിരെ പ്രതിപക്ഷനേതാവ്
തൃശ്ശൂർ: മൂന്നേ മുക്കാൽ കോടി ചിലവിട്ട് നിർമ്മിച്ച സ്കൂൾ കെട്ടിടം പൊളിക്കുന്നു. കെട്ടിടത്തിന് ഗുണ നിലവാരം ഇല്ലെന്ന് കാണിച്ചാണ് നടപടി. സംഭവത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്തെത്തി.
ഇത്ര വലിയ തുക മുടക്കി നിർമ്മിച്ച കെട്ടിടം പൊളിക്കുമ്പോൾ ആർക്കെതിരെയും കേസ് എടുക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയത്. സ്കൂൾ കെട്ടിടം പൊളിക്കലിൽ സി പി എം നേതാക്കൾ ഉൾപ്പെടുന്ന അഴിമതി ആണ്. അതിനാലാണ് ആർക്കെതിരെയും കേസ് എടുക്കാത്തത് എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്കൂൾ പൊളിക്കൽ വിഷയത്തിൽ സി പി എമ്മിലെ പ്രമുഖ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ആരുടെയും പേര് പറയാം താല്പര്യപ്പെടുന്നില്ല എന്നും വി.ഡി. സതീശൻ വ്യക്തമാക്കി. കെട്ടിടം പൊളിച്ച് മാറ്റുന്നതിന്റെ ഭാഗമായി പരിശോധനയ്ക്ക് വേണ്ടി സ്ഥലത്ത് എത്തിയതായിരുന്നു പ്രതിപക്ഷ നേതാവ്. ഇതിന് പിന്നാലെ ആയായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
തിരഞ്ഞെടുപ്പിന്റെ കാലത്ത് പാലാരിവട്ടം പാലം വിഷയത്തിൽ എന്തൊക്കെ തരത്തിലുള്ള ബഹളം ഉണ്ടായെന്ന് കണ്ടതാണ്. ഇപ്പോൾ കാണുന്നത് ഇരട്ടത്താപ്പാണ്. കെട്ടിടം പൊളിച്ച് മാറ്റിയാൽ തീരുന്ന പ്രശ്നമല്ല ഇതെന്നും സതീശൻ വ്യക്തമാക്കി. വലിയ രീതിയിലുള്ള ഗുണ നിലവാര പരിശോധനകൾ ആണ് കിഫ്ബിയിൽ നടക്കുന്നതെന്ന് പറയുന്നത് കേൾക്കാറുണ്ട്. പത്ത് നാല്പത് പേർ ഗുണ നില വാരം പരിശോധിക്കുന്നതിന് വേണ്ടി അവിടെ ചീഫ് സെക്രട്ടറി യെക്കാൾ ശമ്പളം വാങ്ങി ജോലി ചെയ്യുന്നു.
അതിനാൽ തന്നെ സ്വാഭാവികമായും ജോലി ചെയ്യുന്നവർക്ക് ഇതിൽ ഉത്തരവാദിത്വം ഉണ്ട്. എന്നാൽ , പുറത്തുള്ള ഏജൻസികൾക്ക് പരിശോധന ഏൽപ്പിക്കുകയാണ് ജോലിക്കാർ ചെയ്യുന്നത്. വലിയ തുക ശമ്പളം കൊടുത്ത് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് സംബന്ധിച്ച് നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു.
ഉത്തരവാദിത്തപ്പെട്ട ആളുകൾക്ക് എതിരെ നടപടി സ്വീകരിക്കണം. വിഷയം സംബന്ധിച്ച് അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയനോടും മരാമത്ത് മന്ത്രിയോടും സംസാരിക്കും. നടപടി എടുക്കാൻ ആവശ്യപ്പെടും. അതേസമയം നടപടി ഉണ്ടായില്ല എങ്കിൽ കോൺഗ്രസ് സമര രംഗത്തേക്ക് പുറപ്പെടും എന്നും സതീശൻ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവിനൊപ്പം, സനീഷ് കുമാർ ജോസഫ് എംഎൽഎ, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രവീൺ എം.കുമാർ കെപിസിസി സെക്രട്ടറി സുനിൽ അന്തിക്കാട്, യുഡിഎഫ് കൺവീനർ ജോസഫ് ചാലിശേരി, ഡിസിസി സെക്രട്ടറിമാരായ ടി.എം.ചന്ദ്രൻ, കെ.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സ്ഥലം സന്ദർശിക്കാൻ എത്തിയിരുന്നു.












Click it and Unblock the Notifications