തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആശങ്കകള്‍ ഒഴിയുന്നു; കര്‍ശന ഉപാധികളോടെ കുന്നംകുളത്ത് ബുധനാഴ്ച മുതല്‍ കടകള്‍ തുറക്കും

Google Oneindia Malayalam News

തൃശൂര്‍: കഴിഞ്ഞ ദിവസം വരെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണായിരുന്ന കുന്നംകുളം നഗരസഭയിലെ എല്ലാ കച്ചവട സ്ഥാപനങ്ങളും ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ.

covid

കലക്ടറുടെ നിര്‍ദേശ പ്രകാരം ചൊവ്വാഴ്ച നഗരസഭയില്‍ താലൂക്ക്, നഗരസഭ, ഗവ. ആശുപത്രി, പോലീസ്, കച്ചവട സംഘടന പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ബുധനാഴ്ച മുതല്‍ നഗരത്തില്‍ നടപ്പാക്കേണ്ട നടപടിക്രമങ്ങളും യോഗം ചര്‍ച്ച ചെയ്തു.

ചൊവ്വാഴ്ച ചില വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കിയതോടെ നഗരത്തിലെ മുഴുവന്‍ കടകളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് വ്യാപാര സംഘടനകള്‍ നഗരസഭ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രനോട് അഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് കലക്ടറെ ചെയര്‍പേഴ്സന്‍ കാര്യങ്ങള്‍ ധരിപ്പിച്ചു. ഇതുപ്രകാരമാണ് കടകള്‍ കര്‍ശന നിയന്ത്രണങ്ങളോടെ തുറക്കാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്.

യോഗ തീരുമാനമനുസരിച്ച് നാലു സ്‌ക്വാഡുകളെ കോവിഡ് ചട്ടലംഘനം കണ്ടെത്താന്‍ ചുമതലപ്പെടുത്തി. സെക്ടറല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ്, നഗരസഭ ആരോഗ്യ വിഭാഗം-താലൂക്ക് ആശുപത്രി വിഭാഗം സ്‌ക്വാഡുകള്‍, പോലീസ് സ്‌ക്വാഡ്, കച്ചവട സംഘടന പ്രതിനിധികളുടെ സ്‌ക്വാഡ് എന്നിവയാണിവ.

ഇതേവരെ കുന്നംകുളം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 27 കോവിഡ് മരണങ്ങള്‍ സംഭവിച്ചതായും വരും ദിവസങ്ങളില്‍ അതീവ ജാഗ്രത വേണമെന്നും യോഗം നിര്‍ദേശിച്ചു. എല്ലാ വ്യാപാര സ്ഥാപനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. നഗരസഭയില്‍ വഴിയോര കച്ചവടം പാടില്ല. കടകളിലും ബാങ്കുകളിലെ എടിഎമ്മുകളിലും സാമൂഹിക അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, മാസ്‌ക് ധരിക്കല്‍ എന്നിവ നിര്‍ബന്ധമാക്കി. കടകളിലും ഹോട്ടലുകളിലും വരുന്നവരുടെ പേരുവിവരങ്ങളും ഫോണ്‍ നമ്പറുകളും കടമുടമകള്‍ രേഖയായി സൂക്ഷിക്കണം. കടകളിലെ ജീവനക്കാര്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ കടകള്‍ അടച്ചു പൂട്ടുന്നതടക്കമുള്ള നടപടികള്‍ എടുക്കും. ഹോട്ടലുകളില്‍ രാത്രി ഏഴിനു ശേഷം ഓണ്‍ലൈന്‍ പാര്‍സല്‍ വിതരണത്തിന് അനുമതിയുണ്ട്. നഗരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താന്‍ പോലീസ് പരിശോധന കര്‍ശനമാക്കും.

കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചില്ലെങ്കില്‍ നഗരം വീണ്ടും അടച്ചു പൂട്ടും. അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടം കൂടിയാലും ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാനദണ്ഡങ്ങള്‍ തെറ്റിച്ചാലും പൊതുജനങ്ങള്‍ക്ക് 9400063428 എന്ന വാട്ട്സ് ആപ് നമ്പരില്‍ അറിയിക്കാമെന്നും യോഗത്തില്‍ ധാരണയായി.

നഗരസഭ ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍, വൈസ് ചെയര്‍മാന്‍ പി എം സുരേഷ്, തഹസില്‍ദാര്‍ പി എസ് ജീവ, എ സി പി ടി എസ് സിനോജ്, താലൂക്ക് ആശുപത്രി സൂപ്രണ്ട് എ വി മണികണ്ഠന്‍, നഗരസഭ സെക്രട്ടറി ബി അനില്‍കുമാര്‍, വ്യാപാര സംഘടനാ പ്രതിനിധി കെ പി സാക്സന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Thrissur
English summary
Shops in Kunnamkulam will be open from Wednesday with strict conditions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X