സുരേഷ് ഗോപിയുടെ വിഷുകൈനീട്ടത്തിന് പിന്നിൽ രാഷ്ട്രീയം?; തുക സ്വീകരിക്കാൻ മേൽശാന്തിമാർക്ക് വിലക്ക്, വിവാദം
തൃശൂര്‍: ക്ഷേത്രത്തില്‍ എത്തുന്നവര്‍ക്ക് വിഷു ദിവസം കൈനീട്ടം കൊടുക്കാനെന്ന പേരില്‍ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി മേല്‍ശാന്തിമാര്‍ക്ക് പണം നല്‍കിയത് വിവാദമായതിന് പിന്നാലെ നടപടിയുമായി കൊച്ചിന്‍ ദേവസ്വം രംഗത്ത്. മേല്‍ശാന്തിമാര്‍ ഇത്തരത്തില്‍ തുക സ്വീകരിക്കുന്നതിന് ദേവസ്വം ബോര്‍ഡ് വിലക്കേര്‍പ്പെടുത്തി. വടക്കുംനാഥ ക്ഷേത്രത്തില്‍ 1000 രൂപയ്ക്കുള്ള ഒരു രൂപ നോട്ടുകള്‍ നല്‍കിയ സംഭവത്തിലാണ് ദേവസ്വം ബോര്‍ഡ് ഇടപെട്ടത്.

ഈ തുകയില്‍ നിന്ന് മേല്‍ശാന്തി ആര്‍ക്കും കൈനീട്ടം നല്‍കിയിട്ടില്ലെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്. എന്നാല്‍ പലര്‍ക്കും പണം കിട്ടിയെന്നാണ് പുറത്തുവരുന്ന വിവരം. പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രത്തിലെ മേല്‍ശാന്തിമാര്‍ക്കും സുരേഷ് ഗോപി പണം നല്‍കിയെന്നാണ് വിവരം. എന്നാല്‍ ഈ ക്ഷേത്രങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളതല്ല.

കൈനീട്ട നിധി മേല്‍ശാന്തിമാരെ എല്‍പ്പിക്കുന്നത് ക്ഷേത്രങ്ങളെ ദുരുപയോഗം ചെയ്യുന്നതിന് തുല്യമാണെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. അതേസമയം, ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ സുരേഷ് ഗോപിയുടെ പേര് എടുത്തുപറഞ്ഞിട്ടില്ല. ചില വ്യക്തികളില്‍ നിന്ന് പണം ശേഖരിക്കുന്നതില്‍ നിന്ന് മേല്‍ശാന്തിമാരെ വിലക്കുന്നു എന്ന് മാത്രമാണുള്ളത്.

കഴിഞ്ഞ ഞായറാഴ്ച മുതല്‍ വിഷുക്കൈനീട്ട പരിപാടിയുമായി തൃശൂര്‍ ജില്ലയിലുണ്ട്. തിരവമ്പാടി, പാറമേക്കാവ്, വടക്കുംനാഥ് ക്ഷേത്രങ്ങളില്‍ അദ്ദേഹം മേല്‍ശാന്തിമാര്‍ക്കാണ് ദക്ഷിണ നല്‍കിയത്. ഈ നിധിയില്‍ നിന്ന് കൈനീട്ടം നല്‍കുമ്പോള്‍ കുട്ടികളെ ഒഴിവാക്കരുതെന്ന് അദ്ദേഹം പ്രത്യേകം പറഞ്ഞിരുന്നു.

ഒരു ലക്ഷം രൂപ വിലവരുന്ന ഒരു രൂപ നോട്ടുകളാണ് അദ്ദേഹം കൈനീട്ട പരിപാടിക്കായി കൊണ്ടുവന്നത്. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വാങ്ങിയതാണിത്. ഇപ്പോഴുള്ള വിഷുക്കൈനീട്ട പരിപാടിക്ക് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉയരുന്ന ആരോപണം. വിഷുക്കൈനീട്ടത്തെ മറയാക്കിയുള്ള രാഷ്ട്രീയത്തിനാണെന്നാണ് ഉയരുന്ന ആരോപണം.












Click it and Unblock the Notifications