തൃശൂരില്‍ പന്നിപ്പനി സ്ഥിരീകരിച്ചു; ഫാമിലേക്കുള്ള പ്രവേശനം വിലക്കി, ജാഗ്രതാ നിര്‍ദേശം
തൃശ്ശൂര്‍: തൃശൂര്‍ ജില്ലയിലെ ചേര്‍പ്പില്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ചേര്‍പ്പിന് അടുത്ത് എട്ടുമുനയിലെ ഒരു ഫാമിലെ പന്നികള്‍ കൂട്ടത്തോടെ ചത്തതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് പന്നിപ്പനി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ തൃശൂര്‍ ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ - മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ പാലിച്ച് രോഗബാധ കണ്ടെത്തിയ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പന്നികളേയും കൊല്ലാന്‍ യോഗം തീരുമാനിച്ചിരിക്കുകയാണ്.

പന്നിപ്പനി ബാധ കണ്ടെത്തിയ ഫാമിന്റെ പരിസരത്തേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം വിലക്കിയിരിക്കുകയാണ്. ചേര്‍പ്പില്‍ പന്നിയിറച്ചി വില്‍ക്കുന്നതിലും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചേര്‍പ്പിന് പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഫാമുകളെല്ലാം നിരീക്ഷണത്തിലാണ്.
അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. പന്നിപ്പനി മനുഷ്യരിലേക്ക് പടരില്ല. മാത്രമല്ല ഒരു ഫാമിലെ പന്നികള്‍ മാത്രമാണ് ചത്തത് എന്നും അധികൃതര്‍ വ്യക്തമാക്കി.
മുന്‍കരുതല്‍ നടപടി എന്ന നിലയിലാണ് ഒരു കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പന്നികളെയും കൊല്ലുന്നത്. ആഫ്രിക്കന്‍ പന്നിപ്പനിയാണ് തൃശൂരില്‍ സ്ഥിരീകരിച്ചത്. നേരത്തെ വയനാട്, കണ്ണൂര്‍ ജില്ലകളില്‍ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലും നിരീക്ഷണം ശക്തമായിരുന്നു. ഭോപ്പാലിലെ വൈറോളജി ലാബില്‍ നടത്തിയ സാമ്പിള്‍ പരിശോധനയിലാണ് ചേര്‍പ്പ് പഞ്ചായത്തിലെ പന്നിഫാമിലെ പന്നികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഈ ഫാമിന് 10 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതി ചെയ്യുന്ന ഫാമുകളിലെ പന്നികളുടെ രക്തം കൃത്യമായ ഇടവേളകളില്‍ പരിശോധിക്കുന്നതിനും ആരോഗ്യം നിരീക്ഷിക്കുന്നതിനും പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
രോഗബാധ കണ്ടെത്തിയ പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പന്നികള്‍, പന്നി മാംസം, പന്നിത്തീറ്റ എന്നിവ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും സ്ഥാപിച്ചിട്ടുണ്ട്












Click it and Unblock the Notifications