75 ലക്ഷത്തിന്റെ ലോട്ടറി അടിച്ചു, മതിയാകാതെ മോഷണം തുടർന്നു; തൃശൂരിൽ നാലര പവന്റെ മാല കവർന്നയാൾ പിടിയിൽ
തൃശൂർ: മാള കോട്ടമുറിയില്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടിയ പോലീസുകാർ ആദ്യമൊന്ന് ഞെട്ടി. അതിന് കൃത്യമായ കാരണവുമുണ്ടായിരുന്നു. പാറപ്പുറം സ്വദേശി ജോമോനാണ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായത്. മോഷ്‌ടിച്ച പണം ലോട്ടറി ടിക്കറ്റ് എടുക്കുന്നതിനും ആർഭാട ജീവിതം നയിക്കുന്നതിനുമാണ് പ്രതി ഉപയോഗിച്ചിരുന്നത്.
അങ്ങനെ 4 വർഷം മുൻപ് 75 ലക്ഷം രൂപയുടെ ലോട്ടറി ജോമോന് അടിച്ചിരുന്നു. അതും മതിയാവാതെ വന്ന ജോമോൻ പണം തീർന്നപ്പോൾ മോഷണത്തിന് ഇറങ്ങിയതോടെയാണ് ഇപ്പോൾ പോലീസ് പിടിയിലായിരിക്കുന്നത്. മാള വലിയപറമ്പ് കോട്ടമുറിയിൽ വടക്കൻ ഇട്ടീരയുടെ വീട്ടിൽ നിന്ന് നാലര പവന്‍ സ്വര്‍ണാഭരണം മോഷ്‌ടിച്ച കേസിലാണ് ജില്ലാ പോലീസ് മേധാവി നവനീത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ജോമോനെ പിടികൂടിയത്.

കേസിൽ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കെഷനും പരിശോധിച്ചിട്ടും പ്രതിയെ കുറിച്ച് സൂചനകളൊന്നും പോലീസിന് ആദ്യ ഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. തുടർന്ന് സമാനമായ കേസുകളില്‍ മുന്‍പ് പിടിക്കപ്പെട്ട പ്രതികളില്‍ നടത്തിയ നീരീക്ഷണത്തില്‍ നിന്നാണ് പ്രതിയായ ജോമോനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്.
രാത്രി കാലങ്ങളില്‍ നടക്കാനിറങ്ങി ജനലുകള്‍ തുറന്ന് കിടക്കുന്ന വീടുകള്‍ കണ്ടാല്‍ അവിടെ കയറി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. ജനലിലൂടെ കൈകടത്തിയും, ജനലിലൂടെ കൈ എത്തിച്ച് വാതിൽ തുറന്ന് അകത്തുകയറിയും മോഷണം നടത്തുക എന്നതാണ് പതിവ്. മോഷണ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ടവര്‍ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പോലീസിന് കണ്ടെത്താനാവില്ല.
ഇതാണ് പലപ്പോഴും ജോമോന് തുണയായിരുന്നത്. എന്നാൽ മാളയിലും പരിസര പ്രദേശങ്ങളിലും മോഷണം വ്യാപകമായതിനെ തുടർന്ന് ജില്ലാ പോലീസ് മേധാവി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് ജോമോനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചതും ഇയാൾ പിടിയിലായതും.












Click it and Unblock the Notifications