തൃശൂരില്‍ 22 പേര്‍ എലിപ്പനി ഭീഷണിയില്‍: ചികിത്സയിലുള്ള ഒമ്പത് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു!
തൃശൂര്‍: മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കല്‍ കോളജില്‍ 22 പേര്‍ എലിപ്പനി ഭീഷണിയില്‍. നിരവധി പേര്‍ ഡങ്കിപ്പനിമൂലവും സാധാ പനിയും കാരണം ചികിത്സയിലാണ്. ചികിത്സയിലുള്ള ഒമ്പത് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. ബാക്കിയുള്ള 13 പേര്‍ ശനിയാഴ്ച ചികിത്സ തേടിയെത്തിയവരാണ്. ഇവരുടെ രക്തസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതിനിടെ ഇവരെ കൂടാതെ മൂന്ന് പേര്‍ എലിപ്പനി ബാധിച്ച് മരിച്ചു.
പുല്ലഴി സ്വദേശി നിഷാന്ത്, മലപ്പുറം കാഞ്ഞിരമുക്ക് സ്വദേശി ആദിത്യന്‍ (51), പഴയന്നൂര്‍ സ്വദേശി സജീവന്‍ (45) എന്നിവരാണ് മരിച്ചത്. പ്രളയത്തിന്റെ പച്ശാത്തലത്തില്‍ എലിപ്പനി പടരാനുള്ള സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജില്‍ സാധ്യമാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം മരിച്ച പുല്ലഴി സ്വദേശി നിഷാദിനു തക്കസമയത്ത് ചികിത്സ ലഭ്യമാക്കിയില്ലെന്നുള്ള ആരോപണം ഉയര്‍ന്നിട്ടുണ്ട്.

അതേസമയം പുല്ലഴി മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് എലിപ്പനി ലക്ഷണം കണ്ടതിനെ തുടര്‍ന്ന് നിഷാദിന്റെ ഒപ്പം എത്തിയവര്‍ സ്വകാര്യ ആശുപത്രിയിലേക്ക് ചികിത്സതേടി പോയിരിക്കുകയാണ്. മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും അനാസ്ഥ ഉണ്ടായെന്നാണ് ആരോപണം.