തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്രളയക്കെടുതി: ലോകബാങ്ക്- എഡിബി സംഘം തൃശൂരില്‍, നാശനഷ്ടങ്ങള്‍ വിലിയിരുത്തി!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: ലോകബാങ്ക്, എ.ഡി.ബി. എന്നിവയുടെ പ്രത്യേക സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. പ്രളയക്കെടുതി മൂലം ജില്ലയിലുണ്ടായ നഷ്ടങ്ങള്‍ വിലയിരുത്താനും ആവശ്യമുള്ള സഹായം നല്‍കുവാനും എട്ടംഗസംഘമാണ് എത്തിയത്. രാവിലെ ഏട്ടരയോടെ ഹോട്ടല്‍ ലൂസിയ പാലസില്‍ പ്രത്യേക അവലോകന യോഗത്തില്‍ പ്രളയക്കെടുതി മൂലം ജില്ലയ്ക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ സംഘം വിലയിരുത്തി.

നാശനഷ്ടങ്ങള്‍ സംബന്ധിച്ച പ്രത്യേക പവര്‍ പോയിന്റ് പ്രസന്റേഷന്‍ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടന്നു. കെടുതികള്‍ സംബന്ധിച്ച ഏകദേശചിത്രം കലക്ടര്‍ ടി.വി. അനുപമ വിവരിച്ചു. തുടര്‍ന്ന് ഓരോ വകുപ്പ് മേധാവികളും വകുപ്പുകള്‍ക്ക് കീഴിലെ നാശനഷ്ടകണക്കുകളും ആവശ്യങ്ങളും വിവരിച്ചു.

kurancheryadb-1

ലോകബാങ്കിനെ പ്രതിനിധീകരിച്ച് സീനിയര്‍ റൂറല്‍ ഡവലപ്പ്‌മെന്റ് സ്‌പെഷ്യലിസ്റ്റ് വിനായക് ഘട്ടാട്ടെ, ക്ലൈമറ്റ് റിസ്‌ക് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് യഷിക മാലിക്, എന്‍വിറോണ്‍മെന്റ് സ്‌പെഷ്യലിസ്റ്റ് ദീപ ബാലകൃഷ്ണന്‍, ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് സ്‌പെഷ്യലിസ്റ്റുകളായ പീയുഷ് ഷേക്‌സരിയ, പ്രിയങ്ക ദിസനായകെ, വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ കണ്‍സള്‍ട്ടന്റ് പി.കെ. കുര്യന്‍, എ.ഡി.ബി. പ്രതിനിധികളായ ട്രാന്‍സ്‌പോര്‍ട്ട് സെക്ടര്‍ സ്‌പെഷ്യലിസ്റ്റ് അലോക് ഭരദ്വാജ്, സീനിയര്‍ അര്‍ബന്‍ സ്‌പെഷ്യലിസ്റ്റ് അശോക് ശ്രീവാസ്തവ എന്നിവരാണ് പങ്കെടുത്തത്.


മൂന്നുസംഘമായി പിരിഞ്ഞാണ് ലോകബാങ്ക് പ്രതിനിധികള്‍ ജില്ലയുടെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്. ആദ്യസംഘം കൃഷി നാശമുണ്ടായ മുല്ലശ്ശേരി എലവത്തൂര്‍ കിഴക്കെ കോള്‍പടവ്, വീടുകള്‍ക്ക് നാശം സംഭവിച്ച വടക്കന്‍ പുളള് പ്രദേശം, എട്ടുമുന ഇല്ലിക്കല്‍ ബണ്ട്, ആറാട്ടുപുഴ റോഡ് തകര്‍ന്ന പ്രദേശം, കുറാഞ്ചേരി ഉരുള്‍പൊട്ടല്‍ നടന്നയിടം, ചീരക്കുഴി ഡാം മേഖല എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. കലക്ടര്‍ ടി.വി. അനുപമ, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ജയശ്രീ, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത് പി.ജെ. ജെയിംസ് തുടങ്ങിയവര്‍ അനുഗമിച്ചു.


മറ്റുരണ്ട് സംഘങ്ങള്‍ പ്രളയം ഏറ്റവുമധികം ബാധിച്ച ചാലക്കുടി എസ്.എച്ച്. കോളേജ്, ചാലക്കുടി താലൂക്ക് ഗവണ്‍മെന്റ് ആശുപത്രി, മേലൂര്‍ റാപോള്‍ സാനിപ്ലാസ്റ്റ്, വൈയ്യന്തല, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് പ്രദേശം, പാണഞ്ചേരി ജലനിധി പദ്ധതി എന്നിവ സന്ദര്‍ശിച്ച് വിലയിരുത്തി. സബ് കലക്ടര്‍ ഡോ. രേണുരാജ്, ഇരിങ്ങാലക്കുട ആര്‍.ഡി.ഒ ഡോ. റജില്‍ തുടങ്ങിയവര്‍ അനുഗമിച്ചു. വൈകീട്ട് സംഘം പാലക്കാട്ടേക്ക് യാത്ര തിരിച്ചു.


പ്രളയക്കെടുതിയെ തുടര്‍ന്ന് ജില്ലയില്‍ ഏകദേശം 1392.3 കോടിയുടെ നാശനഷ്ടമുണ്ടായതായി കണക്ക്. അസംഘടിത മേഖലകളിലെ വ്യക്തിഗത തലത്തിലും മറ്റുമുണ്ടായ നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ തുക ഇനിയും ഏറും. പല മേഖലകളിലും കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല.

ജില്ലയിലെ പ്രളയനാശനഷ്ടം വിലയിരുത്താനും മറ്റും എത്തിയ ലോകബാങ്ക്, എ.ഡി.ബി. പ്രതിനിധികള്‍ പങ്കെടുത്ത അവലോകന യോഗത്തിലെ പവര്‍ പോയിന്റ് അവതരണത്തിലാണ് 1392.3 കോടിയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ ഭരണകൂടം വ്യക്തമാക്കിയത്. ഓരോ മേഖലയ്ക്കും നേരിട്ട നാശനഷ്ടങ്ങള്‍ സംബന്ധിച്ച ഏകദേശ ചിത്രം വകുപ്പു മേധാവികള്‍ വ്യക്തമാക്കി. പ്രളയക്കെടുതി സംബന്ധിച്ച ദൃശ്യങ്ങളടങ്ങിയ ഫോട്ടോ ആല്‍ബവും കൈമാറി.

വീടുകള്‍ക്കുണ്ടായ നാശത്തെതുടര്‍ന്ന് 24.937 കോടി, പൊതു കെട്ടിടങ്ങള്‍ തകര്‍ന്ന വകയില്‍ 20.4185 കോടി, റോഡുകളും പാലങ്ങളും ഉള്‍പ്പെടെ ഗതാഗത സംവിധാനങ്ങള്‍ക്കുണ്ടായ നാശത്തെ തുടര്‍ന്ന് 480.6309 കോടി എന്നിങ്ങനെയാണ് നാശനഷ്ടം. പൈപ്പുകള്‍ ഒഴുകിയും മോട്ടോറുകള്‍ ജലവിതരണ നിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലായും കേരള വാട്ടര്‍ അതോറിറ്റിക്ക് 9.87 കോടിയുടെ നഷ്ടമുണ്ടായി. കക്കൂസ് ടാങ്കുകള്‍ തകര്‍ന്നതിനെ തുടര്‍ന്ന് 5.718 കോടിയുടെ നഷ്ടവും ജലസ്രോതസുകളും ജലസേചനമുള്‍പ്പെടെയുള്ള മേഖലയില്‍ 133.1813 കോടിയുടെ നഷ്ടമുണ്ടായി. ഫിഷറീസ്, ടൂറിസം, ചെറുകിട വ്യവസായ മേഖല തുടങ്ങിയവയെല്ലാം ചേര്‍ന്ന് 251.207 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. കാര്‍ഷിക-മൃഗസംരക്ഷണ മേഖലയില്‍ 145 കോടി രൂപയുടെ നഷ്ടമുണ്ടായി. ഊര്‍ജ്ജരംഗത്ത് 82.2441 കോടി രൂപയുടെ നഷ്ടം. ജൈവ വൈവിധ്യ പാരിസ്ഥിതിക രംഗത്ത് 5.0155 കോടിയുടെ നഷ്ടമുണ്ടായി. ആരോഗ്യം, സിവില്‍ സ്‌പ്ലൈസ് തുടങ്ങിയ മേഖലയില്‍ 9.7 കോടിയുടെ നഷ്ടം.

മഴക്കെടുതിയിലും പ്രളയത്തിലുമായി ജില്ലയിലെ എഴ് താലൂക്കുകളിലായി 3597 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 23172 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയിലെ 1,83,033 വീടുകളാണ് പ്രളയത്തില്‍പ്പെട്ടത്. ചാലക്കുടി താലൂക്കില്‍ 54,710 വീടുകളും, തൃശൂര്‍ താലൂക്കില്‍ 44,092 വീടുകളും, കൊടുങ്ങല്ലൂര്‍ താലൂക്കില്‍ 31,324 വീടുകളും, ചാവക്കാട് താലൂക്കില്‍ 28,301 വീടുകളും മുകുന്ദപുരം താലൂക്കില്‍ 20,776 വീടുകളും കുന്നംകുളം താലൂക്കില്‍ 2,535 വീടുകളും തലപ്പിള്ളി താലൂക്കില്‍ 1,295 വീടുകളുമാണ് പ്രളയത്തില്‍പ്പെട്ടത്.

Thrissur
English summary
thrissur local news about adb and world bank team visit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X