താലൂക്ക് വനിതാ തഹസില്‍ദാര്‍ക്ക് നേരേ സിപിഐ സംഘത്തിന്റെ ഭീഷണി: ഓഫീസിലെത്തി അധിക്ഷേപിച്ചു
തൃശൂര്‍: കുന്നംകുളം താലൂക്ക് വനിതാ തഹസില്‍ദാരെ സിപിഐ സംഘം ഭീഷണിപ്പെടുത്തിയെന്ന് പരാതി. അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് നാലംഗ സംഘം ഓഫീസിൽ കയറി ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. തഹസില്‍ദാര്‍ ടി. ബ്രീജാകുമാരിക്കുനേരേയാണ് കഴിഞ്ഞ ദിവസം ഓഫീസിലെത്തിയ നാലംഗ സി.പി.ഐ. സംഘം അധിക്ഷേപിക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. തലപ്പിള്ളി താലൂക്ക് വിഭജിച്ച് എല്‍.ഡി.എഫ്. സര്‍ക്കാരാണ് മന്ത്രി എ.സി. മൊയ്തീന്റെ ശ്രമഫലമായി കുന്നംകുളം താലൂക്ക് രൂപീകരിച്ചത്.
വടക്കാഞ്ചേരി കേന്ദ്രമായ തലപ്പിള്ളി താലൂക്ക് തഹസില്‍ദാരായിരുന്ന കുന്നംകുളം ചൊവ്വന്നൂര്‍ സ്വദേശിനിയായ ടി. ബ്രീജകുമാരിയെയാണ് കുന്നംകുളം താലൂക്കിന്റെ പ്രഥമ തഹസില്‍ദാരായി സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം താലൂക്കാഫീസിലെ ഒരു ജീവനക്കാരനെ ജോലി സംബന്ധമായ ചുമതലകള്‍ക്കായി കടങ്ങോട് വില്ലേജ് ഓഫീസിലേക്ക് മാറ്റിയിരുന്നു. ഈ ജീവനക്കാരനെ കടങ്ങോട് വില്ലേജ് ഓഫീസിലേക്ക് മാറ്റരുതെന്ന് സി.പി.ഐ. സംഘം തഹസില്‍ദാരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു വഴങ്ങാന്‍ തഹസില്‍ദാര്‍ തയാറാവാതെ വന്നപ്പോഴാണ് ഭീഷണിയും വിരട്ടലുമായി സി.പി.ഐ. സംഘം രംഗത്തുവന്നത്.

കഴിഞ്ഞ ദിവസം നാലംഗ സി.പി.ഐ. സംഘം താലൂക്കാഫീസില്‍ വന്ന് തഹസില്‍ദാര്‍ക്കു നേരേ ആക്ഷേപകരമായി സംസാരിച്ചത്. തഹസില്‍ദാര്‍ അനധികൃത ക്വാറി, മണ്ണ് മാഫിയാ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്നതായി സി.പി.ഐ. കുന്നംകുളം നിയോജകമണ്ഡലം സെക്രട്ടറി കെ.ടി. ഷാജന്‍, ആരോപിച്ചു.
കടങ്ങോട്, എരുമപ്പെട്ടി പഞ്ചായത്തുകളിലെ ക്വാറി ഉടമകളുമായി തഹസില്‍ദാര്‍, അഡീഷണല്‍ തഹസില്‍ദാര്‍, ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവര്‍ ഒത്തുകളിക്കുന്നുവെന്നാണ് സി.പി.ഐ. യുടെ ആക്ഷേപം. കുന്നംകുളം താലൂക്ക് പരിധിയില്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി കൈയേറ്റവും ഇവരുടെ ഒത്താശയോടെ നടക്കുന്നുവെന്നും സി.പി.ഐ. നിയോജകമണ്ഡലം കമ്മിറ്റി സെക്രട്ടറി കെ.ടി. ഷാജന്‍ ആരോപിച്ചു.
എന്നാല്‍ ക്വാറി മണ്ണ് മാഫിയകള്‍ക്ക് എന്തു സഹായമാണ് താലൂക്ക് അധികൃതര്‍ ചെയ്തുകൊടുക്കുന്നതെന്നും എവിടെയാണ് സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിന് കൂട്ടുനില്‍ക്കുന്നതെന്നും സി.പി.ഐ. വ്യക്തമാക്കിയിട്ടില്ല. അനധികൃത ക്വാറികള്‍ക്കും മണ്ണു മാഫിയകള്‍ക്കുമെതിരേ നടപടിയെടുത്ത് 15 ടിപ്പര്‍ ലോറികള്‍ കടങ്ങോട് - എരുമപ്പെട്ടി മേഖലയില്‍നിന്ന് പിടിച്ചെടുത്ത കുന്നംകുളം താലൂക്കിലെ അഡീഷണല്‍ തഹസില്‍ദാര്‍ (ഭൂരേഖ തഹസില്‍ദാര്‍) അനില്‍ ഫിലിപ്പിനെ റവന്യുവിഭാഗം തൃശൂര്‍ താലൂക്കിലേക്കാണ് സ്ഥലംമാറ്റിയത്. പ്രമോഷന്‍ ലഭിച്ച് സ്ഥലം മാറ്റം പ്രതീക്ഷിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ് അനില്‍ ഫിലിപ്പ്. സംഭവം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് തഹസില്‍ദാര്‍ ടി. ബ്രീജാകുമാരി അറിയിച്ചു.












Click it and Unblock the Notifications