Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ആനവണ്ടിയല്ല' ഇ-ബസ്‌'... ഇലക്ട്രിക്ക് ബസ് വടക്കുംനാഥന്റെ മണ്ണിലും...

തൃശൂര്‍: കെഎസ്‌ആര്‍ടിസിയുടെ ഇ ബസ്‌' തൃശുരിലെത്തി. ഒരുമാസത്തെ പരീക്ഷണഓട്ടത്തിനു ശേഷം 300 ബസുകള്‍ സംസ്‌ഥാനത്തു നിരത്തിലിറക്കാനാണ്‌ ആലോചന. പുകശല്യം, ശബ്‌ദമലിനീകരണം, കുലുക്കം എന്നിവയൊന്നുമില്ലാത്ത സുഖയാത്രയാണ്‌ ബസ്‌ പ്രദാനം ചെയ്യുന്നത്‌. 12 മീറ്റര്‍ നീളമുള്ള ബസ്‌ ഇതര യാത്രാബസുകള്‍ക്കു സമാനമാണ്‌. സംസ്‌ഥാനത്തെ ആദ്യ ഇലക്‌ട്രിക്‌ ബസാണിത്‌.

നാലുമണിക്കൂര്‍ വൈദ്യുതി ചാര്‍ജ്‌ ചെയ്‌താല്‍ 300 കി.മീറ്റര്‍ വരെ യാത്ര ചെയ്യാം. ലോ ഫ്‌ളോര്‍ ബസിന്റെ നിരക്കിനു താഴേയാണ്‌ ഇതിനു ചെലവു വരുന്നത്‌. സീറ്റുകള്‍ പുഷ്‌ബാക്‌ ആക്കുന്നതുള്‍പ്പെടെയുള്ള കൂടുതല്‍ സൗകര്യങ്ങള്‍ക്കും ആലോചിക്കുന്നു. യാത്രക്കാര്‍ കയറിയാല്‍ ശബ്‌ദശല്യമുണ്ടാകില്ല എന്നതു വലിയ നേട്ടമാണ്‌.

E-bus

പരിസ്‌ഥിതി സൗഹൃദമായതിനാല്‍ യാത്രയും സുഖകരം. കുടിവെള്ളസംവിധാനവും ഇതില്‍ ഏര്‍പ്പെടുത്തണമെന്ന്‌ ആവശ്യമുണ്ട്‌. കയറ്റം കയറുമ്പോള്‍ വേഗം കുറയുന്ന പ്രവണതയുണ്ടെങ്കിലും ഇറക്കത്തില്‍ കൂടുതല്‍ സുരക്ഷിതയാത്രയാണ്‌. എ.സി, ജി.പി.എസ്‌. സംവിധാനങ്ങളും ബസിലുണ്ട്‌. ഇരുപത്‌ രൂപയാണ്‌ മിനിമം ചാര്‍ജ്‌.

ഗോള്‍ഡ്‌ സ്‌റ്റോണ്‍ കമ്പനി ഇറക്കിയ ബസ്‌ പരീക്ഷണഓട്ടത്തിനിടെയാണ്‌ സാംസ്‌കാരിക നഗരിയിലെത്തിയത്‌. കൊടുങ്ങല്ലൂര്‍, തൃപ്രയാര്‍, വാടാനപ്പിള്ളി, ചാവക്കാട്‌, ഗുരുവായൂര്‍, ചൂണ്ടല്‍, കേച്ചേരി വഴിയാണ്‌ തൃശൂരിലെത്തിയത്‌. കഴിഞ്ഞമാസം 18 ന്‌ തലസ്‌ഥാനത്താണ്‌ ഇ ബസ്‌ നിരത്തിലിറക്കിയത്‌. ഡീസല്‍ബസുകളേക്കാള്‍ നിരക്കു കുറവ്‌. ബസ്‌ ഒന്നിനു രണ്ടരകോടി രൂപയോളം നിര്‍മാണ ചെലവു വരും. ഒരുകോടി സബ്‌സിഡിയുണ്ട്‌. 35 സീറ്റുകളാണുള്ളത്‌.

തൃശൂര്‍ കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്റ്റാന്‍ഡില്‍ ഇന്നലെ ഉച്ചയ്‌ക്കു രണ്ടരയോടെ എത്തിയ ബസിനെ മന്ത്രി വി.എസ്‌.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അരമണിക്കൂറിനുശേഷം കൊച്ചിയിലേക്കു തിരിച്ച ബസിനു മേയര്‍ അജിത ജയരാജന്‍ ഫ്‌ളാഗ്‌ ഓഫ്‌ നല്‍കി. ഡി.ടി.ഒ: സെബി സംബന്ധിച്ചു. യാത്രക്കാര്‍ക്കു പൊതുവെ നല്ല പ്രതികരണമാണുള്ളത്‌.

ഗുരുവായൂരില്‍ നിന്നാരംഭിച്ച്‌ കുന്നംകുളം വഴി തൃശൂര്‍ - എറണാകുളത്തേക്ക്‌ സര്‍വീസ്‌ നടത്തുന്ന കെ.എസ്‌.ആര്‍.ടി.സി യുടെ പുതിയ ഇലക്‌ട്രിക്കല്‍ ബസിന്‌ കുന്നംകുളത്ത്‌ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഫ്‌ളാഗ്‌ ഓഫ്‌ നല്‍കി. ഉച്ചയ്‌ക്ക്‌ 1.30 ന്‌ നഗരത്തിലെത്തിയ ബസിന്‌ കെ.എസ്‌.ആര്‍.ടി.സി. സ്‌റ്റോപ്പില്‍ വച്ചാണ്‌ സ്വീകരണം നല്‌കിയത്‌. കൗണ്‍സിലര്‍ മിഷ ജയേഷ്‌, ഓട്ടോ - ടാക്‌സി ഡ്രൈവര്‍മാര്‍ എന്നിവരും പങ്കെടുത്തു. ചെയര്‍പേഴ്‌സണടക്കമുള്ളവര്‍ ബസില്‍ കയറി അല്‍പ്പദൂരം യാത്ര ചെയ്‌തു.

ബസിന്‌ കേച്ചേരിയില്‍ വരവേല്‍പ്പ്‌ നല്‍കി. മുരളി പെരുനെല്ലി എം.എല്‍.എ. ബസിന്‌ ഫ്‌ളാഗ്‌ ഓഫ്‌ നല്‍കി. ചൂണ്ടല്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.എസ്‌. കരീം, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. എം.എല്‍.എ യടക്കമുള്ളവര്‍ ബസില്‍ കയറി കുറച്ചുദൂരം സഞ്ചരിച്ചു.

കെ.എസ്‌.ആര്‍.ടി.സിയുടെ വൈദ്യുതി ബസിന്റെ പരീക്ഷണ ഓട്ടത്തിനു തീരദേശത്ത്‌ വന്‍ സ്വീകരണം. ഇന്നലെ രാവിലെ എറണാകുളത്തുനിന്നു സര്‍വീസ്‌ ആരംഭിച്ച്‌ 10.50നു തൃപ്രയാറിലെത്തിയ ബസിന്‌ ഗീതാ ഗോപി എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികളും നാട്ടുകാരും വരവേല്‌പ്‌ നല്‍കി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. എം. ആര്‍. സുഭാഷിണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെ.എസ്‌. ആര്‍.ടി.സി. സോണല്‍ ഓഫീസര്‍ കെ.ടി. സെബി പ്രവര്‍ത്തനം വിശദീകരിച്ചു. തുടര്‍ന്ന്‌ വാടാനപ്പള്ളിയിലും വരവേല്‍പ്പ്‌ നല്‍കി.

മുരളി പെരുനെല്ലി എം.എല്‍.എ. ഗുരുവായൂരിലേക്കുള്ള സര്‍വീസിനു പച്ചക്കൊടി വീശി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷിജിത്ത്‌ വടക്കുഞ്ചേരി, സി.പി.എം. പഞ്ചായത്തംഗങ്ങള്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ എന്നിവരും സ്വീകരിക്കാനെത്തി. എന്നാല്‍ സി.പി.ഐ. സ്വീകരണ പരിപാടി ബഹിഷ്‌കരിച്ചു. തങ്ങളെ അറിയിച്ചത്‌ ഇന്നലെരാവിലെ പത്തിനാണെന്നും ബുധനാഴ്‌ച രാത്രി സി.പി.എം. പ്രവര്‍ത്തകര്‍ വിവരം അറിഞ്ഞിരുന്നുവെന്നും സി.പി.ഐ. ലോക്കല്‍ സെക്രട്ടറി അഷറഫ്‌ വലിയകത്ത്‌ പറഞ്ഞു. ഗുരുവായൂര്‍, കുന്നംകുളം, കേച്ചേരി, തൃശൂര്‍, പുതുക്കാട്‌ വഴിയാണ്‌ ബസ്‌സര്‍വീസ്‌ തുടരുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+