കുതിരാന്‍ പഴയ പാത: ഇടിഞ്ഞഭാഗത്ത് താല്‍ക്കാലിക സംരക്ഷണഭിത്തി, തടസ്സപ്പെട്ട നിര്‍മാണം ഉടന്‍..
തൃശൂര്‍: ദേശീയപാത കുതിരാനില്‍ പഴയ പാതയുടെ അടിഭാഗം ഇടിഞ്ഞഭാഗത്ത് താല്‍ക്കാലിക സംരക്ഷണഭിത്തി കെട്ടിത്തുടങ്ങി. പ്ലാസ്റ്റിക് ചാക്കില്‍ മണ്ണ് നിറച്ചാണ് നിര്‍മാണം. ആയിരത്തി മുന്നൂറോളം ചാക്കുകളാണ് നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ഇടിഞ്ഞ ഭാഗത്തെ മണ്ണ് ജെ.സി.ബി. ഉപയോഗിച്ച് പൂര്‍ണമായും നീക്കം ചെയ്‌താണ് നിര്‍മാണം നടക്കുന്നത്. കനത്ത മഴയില്‍ നിര്‍മാണം പലകുറി തടസപ്പെട്ടെങ്കിലും വ്യാഴാഴ്‌ച തന്നെ പണി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്‌ച മുന്‍പ് തൃശൂര്‍ ജില്ലാ കലക്‌ടര്‍ ടി.വി. അനുപമ തുരങ്കം സന്ദര്‍ശിക്കാനായി വന്നപ്പോള്‍ മണ്ണിടിഞ്ഞ പ്രദേശവും സന്ദര്‍ശിച്ചിരുന്നു. അപ്പോള്‍തന്നെ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തി വാഹന ഗതാഗതം സുരക്ഷിതമാക്കാന്‍ കമ്പനിയോട് കലക്‌ടര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്നത്. എന്നാല്‍ മണ്ണിടിഞ്ഞ പ്രദേശത്തിന്റെ തൊട്ടടുത്ത ഭാഗങ്ങളും മണ്ണിടിച്ചില്‍ ഭീഷണിയിലാണ്.
ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് മണ്ണിടിഞ്ഞത്. ഇരട്ടക്കുഴല്‍ തുരങ്കങ്ങളുടെ പണി പൂര്‍ത്തിയാവും മുമ്പുതന്നെ നിലവിലെ പാത തകര്‍ന്നുതുടങ്ങിയത് വരുംദിവസങ്ങളില്‍ കുതിരാനിലൂടെയുള്ള യാത്ര കൂടുതല്‍ ദുഷ്‌കരമാക്കും. മണ്ണിടിച്ചിലുണ്ടായ ഭാഗത്തിന് മുകളില്‍ നേരത്തെ നാല് മീറ്ററോളം നീളത്തില്‍ വലിയ വിള്ളലുകള്‍ രൂപപ്പെട്ടിരുന്നു. എന്നിട്ടും കരാര്‍ കമ്പനി ഇവിടെ യാതൊരു സുരക്ഷയും ഒരുക്കിയിരുന്നില്ല. റോഡിടിയുന്നത് തുടര്‍ന്നാല്‍ ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായി നിലയ്‌ക്കും.

നിലവിലെ റോഡ് പുതിയ പാതയേക്കാളും പത്തടിയിലേറെ ഉയരത്തിലാണ്. മഴ കനത്താല്‍ മണ്ണിടിച്ചില്‍ തുടരാനും നിലവിലെ റോഡ് നിലംപതിക്കാനും ഇടയുണ്ട്. നിലവിലെ അവസ്‌ഥയില്‍ വലിയ വാഹനങ്ങളും ചരക്കുവാഹനങ്ങളും റോഡരികിലൂടെ പോയാല്‍ പാതയിടിഞ്ഞ് അഗാധഗര്‍ത്തത്തിലേക്ക് വീഴും. ദേശീയപാത നിര്‍മാണ കമ്പനി തുരങ്കങ്ങളുടെ പണി പൂര്‍ത്തിയാവും മുമ്പ് നിലവിലുള്ള പാതയുടെ അടിഭാഗം മണ്ണുമാന്തി ഉപയോഗിച്ച് തുരന്നതുമൂലം വേനല്‍ക്കാലത്ത് റോഡ് ഇടിഞ്ഞിരുന്നു. തുടര്‍ന്ന് കുതിരാന്‍ ജനകീയ സമരസമിതിയുടെ പ്രതിഷേധംമൂലം പിന്നീട് ഇത് നിര്‍ത്തിവെയ്‌ക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications