'തൃശൂർ പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചന, ഉദ്യോഗസ്ഥർ വിചാരിച്ചാൽ നടക്കില്ല'; സുനിൽ കുമാർ
തൃശൂർ: പൂരം കലക്കിയതിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് സിപിഐ നേതാവും മുൻ മന്ത്രിയുമായ വിഎസ് സുനിൽ കുമാർ. എഡിജിപി എംആർ അജിത് കുമാറിനെതിരായ സർക്കാർ നടപടിയിൽ പ്രതികരിക്കവെയാണ് സുനിൽ കുമാർ തന്റെ നിലപാട് ആവർത്തിച്ചത്. തൃശൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ വിചാരിച്ചാൽ പൂരം മുടക്കാൻ കഴിയില്ലെന്നും വിഎസ് സുനിൽ പറഞ്ഞു. എഡിജിപിക്കെതിരെ എടുത്തത് ശിക്ഷാനടപടി ആണെന്ന് സുനിൽകുമാർ പറയുന്നു. ഇടതുപക്ഷ സർക്കാരിന് യോജിക്കാത്ത നടപടിയായിരുന്നു ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നുണ്ടായത്. ഗൗരവമുള്ള രാഷ്ട്രീയ വിഷയമാണ് ഇതെന്ന് തെളിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണ റിപ്പോര്‍ട്ട് വന്നതിനുശേഷം ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രി ഓഫീസിലെത്തി ആ ഫയല്‍ ഒപ്പിടണമെങ്കിൽ അത്രയേറെ ഗൗരവമുള്ള വിഷയമാണ് ഇതെന്നായിരുന്നു സുനിൽകുമാർ ചൂണ്ടിക്കാട്ടിയത്. വിഷയത്തിൽ സിപിഐ ശക്തമായ രാഷ്ട്രീയ അഭിപ്രായമാണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സമീപനത്തോടെ യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്എസിനെതിരെ ശക്തമായ നിലപാടായിരിക്കണം ഇടതുപക്ഷം സ്വീകരിക്കേണ്ടത്. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ മാത്രം നിലപാടല്ല. പരിഹാരം ഉണ്ടാവുക എന്നതാണ് പ്രധാനമെന്നും വൈകിയോ ഇല്ലയോ എന്നത് പ്രസക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഏറെനാളത്തെ ആവശ്യങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസമാണ് എഡിജിപി എംആർ അജിത്കുമാറിനെതിരെ സർക്കാർ നടപടി സ്വീകരിച്ചത്.
അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് ഒഴിവാക്കാനായിരുന്നു തീരുമാനം. നേരത്തെ ക്രമാസമാധാനത്തിന് പുറമേ ബറ്റാലിയൻ ചുമതല കൂടി വഹിച്ചിരുന്ന അജിത്കുമാറിന് നിലവിൽ ബറ്റാലിയൻ ചുമതല മാത്രമാണുള്ളത്. ആർഎസ്എസ് നേതാക്കൾക്ക് എതിരായ കൂടിക്കാഴ്‌ചയിലാണ് അജിത് കുമാറിനെതിരെ ഒടുവിൽ നടപടി ഉണ്ടായിരിക്കുന്നത്.
വിഷയത്തിൽ സിപിഐ നിലപാട് കടുപ്പിച്ചതോടെയാണ് സർക്കാരിനും മുഖ്യമന്ത്രിക്കും വഴങ്ങേണ്ടി വന്നത്. മുഖ്യമന്ത്രിയുമായി നല്ല അടുപ്പമുള്ള അജിത്കുമാറിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പിവി അൻവർ ഉൾപ്പെടെയുള്ളവർ രംഗത്ത് വന്നപ്പോഴും മുഖ്യമന്ത്രി കുലുങ്ങിയിരുന്നില്ല. എന്നാൽ ആവശ്യം ശക്തമായതോടെയാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സിപിഐയുടെ സമ്മർദ്ദം മാത്രമല്ല സർക്കാരിന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങുന്നത് മുൻകൂട്ടി കണ്ടുകൊണ്ട് സർക്കാർ ഒരുമുഴം മുന്നേ എറിയുകയായിരുന്നു എന്നാണ് ചില കോണുകളിൽ നിന്നുയരുന്ന അഭിപ്രായം. എന്നാൽ സഭയിൽ പ്രതിപക്ഷം വലിയ രീതിയിൽ വിഷയം ആയുധമാക്കിയിരുന്നു.












Click it and Unblock the Notifications