കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും, കോടതി ഉത്തരവ്
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ അഞ്ച് പ്രതികളുടെ സ്വത്ത് കണ്ടെത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. ബിജു കരീം, ജില്‍സ് ബിജോയ്, റെജി അനില്‍ കുമാര്‍ എന്നിവരുള്‍പ്പടെയുള്ള പ്രധാനപ്പെട്ട പ്രതികളുടെ സ്വത്ത് കണ്ടെത്തുന്നതിനാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. അന്വേഷണ സംഘത്തിന്റെ അപേക്ഷ അംഗീകരിച്ചാണ് കോടതി നടപടി. പ്രതികള്‍ 2011 മുതല്‍ 2021 വരെ സമ്പാദിച്ച 52 സര്‍വ്വ നമ്പറുള്ള ഭൂമിയാണ് കണ്ടുകെട്ടുക. കൂടാതെ ബിജോയുടെ പേരിലുള്ള പീരുമേട്ടിലെ ഒമ്പത് ഏക്കര്‍ ഭൂമിയും ഇതില്‍പ്പെടും.
തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്ന കാലത്ത് പ്രതികല്‍ 117 കോടിയുടെ വ്യാജ ലോണുകള്‍ തരപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് തൃശ്ശൂര്‍, ഇരിങ്ങാലക്കുട, ചാലക്കുടി, മതിലകം, അന്തിക്കാട്, കല്ലേറ്റിന്‍കര എന്നിവടങ്ങളിലായാണ് വസ്തുവകകളുള്ളത്.
അതേസമയം, ഒന്നാം പ്രതി സുനില്‍ കുമാറിന്റെ പേരില്‍ പരാതിക്കാലത്ത് സ്വത്ത് സമ്പാദനം നടന്നിട്ടില്ലാത്തതിനാല്‍ കണ്ടുകെട്ടല്‍ നടപടിയില്‍ ഉള്‍പ്പെടുത്തിയില്ല. എന്നാല്‍ ബിജോയുടെ 30 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ബിജോയിയുടെ നേതൃത്വത്തില്‍ 26.60 കോടി രൂപ വായ്പ നല്‍കിയതായും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ബാങ്കില്‍ 300 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് ആരോപണം ഉയര്‍ന്നിട്ടുള്ളത്.
2006 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് ക്രമക്കേട് നടന്നത്. 2017 ലാണ് ഇത് സംബന്ധിച്ച് സംശയം തോന്നി. വിഷയം അപ്പോള്‍ തന്നെ പ്രസിഡന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2019ല്‍ നേതൃത്വത്തിന് പരാതി നല്‍കിയെങ്കിലും യോഗം വിളിച്ചതല്ലാതെ മറ്റ് നടപടിപകളൊന്നും എടുത്തില്ല.