തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃശൂരില്‍ പെണ്‍കോട്ടയായി വന്‍മതില്‍; മൂന്നര ലക്ഷം പേർ അണിനിരന്നു!! കെപിഎസി ലളിത അടക്കം നിരവധി പേർ..

  • By Desk
Google Oneindia Malayalam News

തൃശൂര്‍: തൃശൂര്‍ ജില്ലയില്‍ പെണ്‍കരുത്തിന്റെ കോട്ട തീര്‍ത്തു വനിതാ മതില്‍. തൃശൂര്‍ നഗരസഭാ കാര്യാലയത്തിന് മുന്‍വശം മുതല്‍ അണിനിരന്ന മിക്ക സ്ഥലങ്ങളിലും മതില്‍ സ്ത്രീ പങ്കാളിത്തം കൊണ്ട് വന്‍മതിലായി. രണ്ടോ മൂന്നോ വരികളായി നിര്‍ത്താവുന്ന വിധത്തിലാണ് വനിതകള്‍ തിങ്ങിക്കൂടിയത്. വനിതാ ശക്തിയുടെ പ്രഖ്യാപനമായി ചെറുതുരുത്തി മുതല്‍ പൊങ്ങംവരെ എഴുപത്തിമൂന്നു കിലോമീറ്റര്‍ നീളത്തിലാണ് തൃശൂരില്‍ വനിതാ മതില്‍ ഉയര്‍ന്നത്.

വനിതാ മതില്‍, മലപ്പുറം ജില്ലയില്‍ രണ്ടുലക്ഷം പേര്‍ അണി നിരന്നു, മുസ്ലിംലീഗിന്റെ വിലക്ക് ലംഘിച്ച് മലപ്പുറത്തെ വനിതാ ലീഗ് നേതാക്കളും കണ്ണിയായി

മൂന്നരലക്ഷത്തോളംപേര്‍ പങ്കെടുത്തു. നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക, ലിംഗസമത്വവും സ്ത്രീശാക്തീകരണവും ഉറപ്പാക്കുക, പെണ്‍മനസുകള്‍ ഒറ്റക്കെട്ടാണെന്ന പ്രഖ്യാപനം, വര്‍ഗീയതയ്‌ക്കെതിരെയുള്ള സമരം എന്നിവയാണു ജില്ലയിലെ വനിതാ മതിലില്‍ പ്രകടമായത്. വനിതാമതിലിനെ ലോക റെക്കോഡ് പരിഗണിക്കുന്നതിനുളള യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറവും ജില്ലയില്‍ മതിലിന്റെ ശക്തി നിരീക്ഷിച്ചു. വൈകീട്ട് 3.45 റിഹേഴ്‌സിന് ശേഷം നാലോടെയാണു വനിതാ മതില്‍ അണിനിരന്നത്.

Woman wall

ജില്ലയുടെ വടക്കേ അതിര്‍ത്തിയായ ചെറുതുരുത്തിയില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസും തെക്കേ അതിര്‍ത്തിയായ പൊങ്ങത്തു ഗീതാ ഗോപി എം.എല്‍.എയും ഇരുതലകളിലെ കണ്ണികളായി. വിവിധയിടങ്ങളില്‍ വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാംസ്‌കാരിക, സാഹിത്യ, പൊതുപ്രവര്‍ത്തകരും അണിനിരന്നു. തൃശൂര്‍ കോര്‍പ്പറേഷനു മുന്നില്‍ മേയര്‍ അജിത വിജയന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

മുന്‍ മേയര്‍ പ്രൊഫ. ആര്‍. ബിന്ദു, സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി ലളിത, പാര്‍വതി പവനന്‍, പ്രൊഫ. പി.ഭാനുമതി, ലളിതാലെനില്‍, പ്രഫ. ടി.എ. ഉഷാകുമാരി, ഷീബ അമീര്‍, ഡോ. ഡി. ഷീല, നോവലിസ്റ്റ് ലിസി, ശ്രീലതാവര്‍മ, ഗായിക പുഷ്പാവതി, അഡ്വ. ആശ, സിനിമാനടിയും സാമൂഹ്യപ്രവര്‍ത്തകയുമായ മാല പാര്‍വതി, ജില്ലാ കളക്ടര്‍ ടി.വി. അനുപമ, എ.ഡി.എം സി. ലതിക, എ കൃഷ്ണാകുമാരി, ബിലു പത്മിനി നാരായണന്‍, റീബാപോള്‍, ട്രാന്‍സ്‌ജെന്‍ഡറും കവിയുമായ വിജയരാജമല്ലിക, കെ.എ.യു രജിസ്ട്രാര്‍ പി.എസ്. ഗീതക്കുട്ടി, വിവിധ നവോത്ഥാന സംഘടനാ വനിതാപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് പൊതുസമ്മേളനം മുന്‍ മേയര്‍ പ്രൊഫ.ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. മേയര്‍ അജിത വിജയന്‍ അധ്യക്ഷത വഹിച്ചു.

വടക്കേ ജില്ലാതിര്‍ത്തിയായ ചെറുതുരുത്തിയില്‍ പഴയ കൊച്ചിന്‍ പാലത്തിന് മുകളില്‍ നിന്നാണ് വനിതാമതില്‍ ആരംഭിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ്് പി. പത്മജ പങ്കെടുത്തു. തുടര്‍ന്ന് പൊതുസമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരിതോമസ് ഉദ്ഘാടനം ചെയ്തു. വടക്കാഞ്ചേരിയില്‍ ഗ്രീഷ്മ അജയഘോഷ് പ്രതിജ്ഞ ചൊല്ലുകയും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സന്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷത വഹിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡണ്ട് എം.കെ ശ്രീജ പങ്കെടുത്തു.

കോലഴിയില്‍ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാല്‍ പ്രതിജ്ഞ ചൊല്ലി. ജില്ലാപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷ ജെന്നി ജോസഫ് പങ്കെടുത്തു. ഒല്ലൂരില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സത്യപ്രതിജ്ഞ ചൊല്ലി. ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഷീല വിജയകുമാര്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സുഭാഷിണി മഹാദേവന്‍, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.സി. ശ്രീദേവി, ചാഴൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ജ്യോതി കനകരാജ്, സുരേഷ്ണി സുരേഷ്, പ്രേസിഗ്നേഷ്, വിലാസിനി ചന്ദ്രന്‍, മേരി പോള്‍, റജില കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗമായ പത്മിനി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്തു.

കൊടകരയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ പ്രതിജ്ഞ ചൊല്ലി. കെ.എസ്. ജയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. ചാലക്കുടിയില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ പ്രതിജ്ഞ ചൊല്ലി. തുടര്‍ന്ന് പൊതുസമ്മേളനം കെ.ആര്‍. വിജയ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ഗീതാബാബു, ബിജി സദാനന്ദന്‍, കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷ ശശിധരന്‍ എന്നിവര്‍ പങ്കെടുത്തു. തെക്കേ അതിര്‍ത്തിയായ പൊങ്ങത്ത് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ പ്രതിജ്ഞ ചൊല്ലി. ഗീതാഗോപി എംഎല്‍എ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. വനിതാമതിലിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുയോഗവും ചേര്‍ന്നു.

വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മന്ത്രിമാരായ പ്രഫ. സി.രവീന്ദ്രനാഥ്, അഡ്വ. വി.എസ്. സുനില്‍കുമാര്‍, മുന്‍ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍, ബിഷപ്പ് ഡോ. യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, കല്‍ദായ സുറിയാനി സഭ മാര്‍ ഓഗിന്‍ കുരിയാക്കോസ്, മാര്‍ യോഹന്നാന്‍ യോസഫ് എന്നിവര്‍ കോര്‍പ്പറേഷന്‍ ഓഫീസിനു മുന്നില്‍ അണിനിരന്നു. സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖന്‍, സെക്രട്ടറി ഡോ. കെ.പി. മോഹനന്‍, സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍, അശോകന്‍ ചെരുവില്‍, അഷ്ടമൂര്‍ത്തി, ടി.ഡി. രാമകൃഷ്ണന്‍, എന്‍. ആര്‍. ഗ്രാമപ്രകാശ്, പ്രിയനന്ദനന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, കാംപ്‌കോ ചെയര്‍മാന്‍ പി. ബാലചന്ദ്രന്‍, യുവകലാസാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എം.സതീശന്‍, പ്രൊഫ. വിജയകുമാര്‍, പ്രൊഫ. പി.സി. തോമസ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. എം എന്‍ വിനയകുമാര്‍, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍, ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്, സിപിഎം ജില്ലാസെക്രട്ടറിയേറ്റംഗം പി.കെ. ഷാജന്‍, സാഹിത്യ അക്കാദമി പബ്ലിക്കേഷന്‍ മാനേജര്‍ ഇ.ഡി. ഡേവിസ്, തുടങ്ങിയവരും വിവിധ നവോത്ഥാന പ്രസ്ഥാനങ്ങളിലെ നേതാക്കളും കോര്‍പ്പറേഷനു മുന്നില്‍ അണിനിരന്നു. കവി സി.രാവുണ്ണി കോലഴിയിലും നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്‍ വടക്കാഞ്ചേരിയിലുമാണ് പങ്കാളികളായത്. എം.എല്‍.എമാരായ മുരളി പെരുനെല്ലി കോലഴിയിലും അഡ്വ. കെ. രാജന്‍ ചിയ്യാരം ഓവര്‍ ബ്രിഡ്ജിലും ബി.ഡി. ദേവസി ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനിലും കെ.യു. അരുണന്‍ മാസ്റ്റര്‍ പേരാമ്പ്ര അപ്പോളോ ടയേഴ്‌സിനു സമീപവും യു.ആര്‍. പ്രദീപ് ചെറുതുരുത്തി ചുങ്കത്തും അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ കൊരട്ടി-പൊങ്ങത്തും കെ.വി. അബ്ദുള്‍ഖാദര്‍ വടക്കാഞ്ചേരിയിലും ഇ.ടി. ടൈസണ്‍ മാസ്റ്റര്‍ ചാലക്കുടി മുനിസിപ്പല്‍ ജംഗ്ഷനിലും വനിതാമതിലില്‍ പങ്കെടുത്തു.

ആചാരവും അന്ധവിശ്വാസവും സംരക്ഷിക്കാനായി മാത്രമല്ല മതനിരപേക്ഷത സംരക്ഷിക്കാനും പ്രതിജ്ഞാബദ്ധരാണ് കേരളത്തിലെ വനിതകളെന്ന് വനിതാ മതില്‍ തെളിയിച്ചുവെന്ന് സാമൂഹികപ്രവര്‍ത്തകയും സിനിമാതാരവുമായ മാലാ പാര്‍വതി. ഹിന്ദു വിശ്വാസത്തെയും ആചാരങ്ങളെയും നശിപ്പിക്കാനാണ് ഇടതുപക്ഷം ശ്രമിക്കുന്നതെന്ന കുപ്രചാരണത്തിന് ശക്തമായ തിരിച്ചടിയാണ് വനിതാമതിലിലെ സ്ത്രീ പങ്കാളിത്തം.

കുപ്രചാരണങ്ങള്‍കൊണ്ട് വര്‍ഗീയത പടര്‍ത്താനുള്ള ഫാസിസ്റ്റ് ശ്രമം ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ശബരിമല പ്രശ്‌നത്തില്‍ ദീപക് മിശ്രയുടെ വിധി സംശയാസ്പദമാണ്. കേരളത്തില്‍ ഇത്രയും കാലം ഇടതുപക്ഷം ഭരിച്ചിട്ടും ഏതൊരു ക്ഷേത്രത്തിന്റെയും ആചാരത്തിനെയോ നിലനില്‍പ്പിനെയോ വെല്ലുവിളിച്ചിട്ടില്ല. ഇനിയും ആ സ്ഥിതി തുടരും. കേരളത്തിന്റെ മതനിരപേക്ഷത വിട്ടുകൊടുക്കാന്‍ സ്ത്രീകള്‍ തയാറല്ല. കേരളത്തില്‍ വര്‍ഗീയത വര്‍ധിക്കുകയും മനുഷ്യര്‍ ജാതി, മതം പറയുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വനിതാ മതില്‍ ശക്തമായ പ്രതിരോധമാണ്.

ശ്രീനാരായണഗുരുവും അയ്യന്‍കാളിയും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച കേരളം വടക്കേഇന്ത്യയെ തോല്‍പ്പിച്ച് ജാതി, മത വൈരം പുലര്‍ത്തുന്നവരായി. മനുഷ്യര്‍ ഹിന്ദുവും മുസല്‍മാനുമായി കേരളത്തെ പിന്നോട്ട് വലിച്ച സാഹചര്യത്തില്‍ കേരളം മാറരുതെന്ന സന്ദേശമാണ് വനിതാമതില്‍ മുന്നോട്ടുവച്ചതെന്നും മാലാപാര്‍വതി പറഞ്ഞു.

കേരളത്തിലെ സ്ത്രീകള്‍ പൊരുതിനേടിയ സ്വാതന്ത്ര്യവും സ്വന്തമായ ഇടവും ആര്‍ക്കും വിട്ടുകൊടുക്കുകയില്ലെന്ന് സാമൂഹിക പ്രവര്‍ത്തക ഷീബ അമീര്‍. ഒരിക്കലും കേരളം പിറകോട്ട് സഞ്ചരിക്കില്ലെന്നും അഭിമാനത്തോടെ സ്ത്രീകള്‍ സമൂഹത്തില്‍ നിലകൊള്ളുമെന്നും ഷീബ അമീര്‍ പറഞ്ഞു.വനിതാ മതിലിന്റെ വനിതാ പങ്കാളിത്തത്തില്‍ വളരെയധികം സന്തോഷമെന്ന് കെ.പി.എ.സി. ലളിത. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന ഭയം കുറഞ്ഞുകിട്ടാന്‍ വനിതാമതില്‍ പോലെയുള്ള സ്ത്രീ ശാക്തീകരണ പരിപാടികള്‍ സഹായിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും കെ.പി.എ.സി. ലളിത പറഞ്ഞു.

ആര്‍ത്തവമില്ലാത്ത സ്ത്രീയായ ട്രാന്‍സ്‌വിമന്‍ വിജയരാജമല്ലിക ആര്‍ത്തവത്തിന്റെ പേരില്‍ നടന്ന ലഹളക്കെതിരേ പ്രതികരിക്കാനാണ് വനിതാ മതിലില്‍ അണിചേര്‍ന്നത്. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ഒരിടത്തുനിന്നും മാറ്റി നിര്‍ത്തുന്നതിനോട് യോജിപ്പില്ലെന്ന്് വിജയരാജ മല്ലിക പറഞ്ഞു. നവോത്ഥാന മൂല്യങ്ങളെ കുറിച്ച് സ്ത്രീകളെ ഓര്‍മപ്പെടുത്താന്‍ വനിതാ മതിലിന് കഴിഞ്ഞു. നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്തതിന്റെ ഇരകളാകുകയായിരുന്നു ട്രാന്‍സ് വിമനുകള്‍. ഇത് ട്രാന്‍സ്‌ജെന്റര്‍ എന്ന മനോഹരമായ അവസ്ഥ ആസ്വദിക്കാന്‍ കഴിയാത്തവിധം ട്രാന്‍സ് വിമണുകളെ നിസഹായരാക്കുകയായിരുന്നു എന്നും അവര്‍ വ്യക്തമാക്കി.

കേരളം ഭ്രാന്താലയമാക്കരുതെന്ന ആവശ്യവുമായി സമസ്ത മേഖലകളിലെയും സ്്ത്രീകള്‍ ഒന്നിച്ച് അണിനിരന്ന വന്‍മതിലാണ് വനിതാ മതിലെന്ന്് മേയര്‍ അജിത വിജയന്‍. തുല്യനീതിയ്ക്കായി സ്ത്രീകള്‍ സംഘടിക്കേണ്ടതുണ്ട്. ഒത്തുപിടിച്ചാല്‍ എന്തും നേടാന്‍ സ്ത്രീകള്‍ക്ക് സാധിക്കും. വര്‍ഗീയതക്കെതിരേയുള്ള ചെറുത്തുനില്‍പ്പാണ് വനിതാ മതില്‍ നില്‍പ് സമരത്തിലൂടെ മുന്നോട്ട് വെക്കുന്നത്.

Recommended Video

cmsvideo
ചരിത്രമായി വനിതാമതിൽ ഉയർന്നു | News Of The Day | Oneindia Malayalam

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശൂര്‍ ജില്ലാ കലക്ടര്‍ അനുപമ പങ്കുചേര്‍ന്നു. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സംഘടിപ്പിച്ച വനിതാ മതിലില്‍ തൃശൂരിലാണ് ടി.വി. അനുപമ ഐ.എ.എസ്. പങ്കു ചേര്‍ന്നത്. രാഷ്ട്രീയ-കലാ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വനിതകള്‍ക്കൊപ്പമാണ് അനുപമയും പങ്കുചേര്‍ന്നത്. വനിതാ മതിലിന്റെ ഭാഗമായുള്ള പ്രതിജ്ഞയും കലക്ടര്‍ ഏറ്റുചൊല്ലി. വൈകിട്ട് 3.45ന് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി നാല് മണിക്ക് തന്നെ മതില്‍ തുടങ്ങി. വനിതാ മതിലിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ടി.വി. അനുപമ.

Thrissur
English summary
Woman wall in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X