തൃശൂർ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മൂന്നര മാസംകൊണ്ട് പൊട്ടിച്ചത് 20 മാലകൾ, സംശയം തോന്നിയ വാഹനങ്ങലിൽ രഹസ്യമായി ജിപിഎസ് ഘടിപ്പിച്ചു, തൃശൂരിൽ 20കാരൻ പോലീസ് പിടിയിൽ!!

  • By Desk
Google Oneindia Malayalam News

തൃശൂര്‍: മൂന്നര മാസത്തിനിടെ 20 പേരുടെ മാലപൊട്ടിച്ച യുവാവ് അറസ്റ്റില്‍. കുറ്റിച്ചിറ കുണ്ടുകുഴിപ്പാടം സ്‌കൂളിനു സമീപം താമസിക്കുന്ന പണ്ടാരപ്പറമ്പില്‍ ഭാസിയുടെ മകന്‍ അമലിനെയാണു (20) പിടിയിലായത്. ചാലക്കുടി ഡിവൈ.എസ്.പി. സി.ആര്‍. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്.

<strong>മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടിതട്ടിപ്പ്; നടത്തിപ്പുകാരനും കുടുംബവും മുങ്ങി, 400 പേര്‍ക്കു പണം നഷ്ടമായെന്നു സൂചന, പോലീസിനു തണുപ്പന്‍മട്ട്!!</strong>മണ്ണുത്തിയില്‍ ലക്ഷങ്ങളുടെ ചിട്ടിതട്ടിപ്പ്; നടത്തിപ്പുകാരനും കുടുംബവും മുങ്ങി, 400 പേര്‍ക്കു പണം നഷ്ടമായെന്നു സൂചന, പോലീസിനു തണുപ്പന്‍മട്ട്!!

ഒക്‌ടോബര്‍ പകുതിയോടെ ചാലക്കുടി ബ്രൈറ്റ് സ്റ്റാര്‍ ക്ലബിനു സമീപത്താണ് ആദ്യമായി മാലപൊട്ടിച്ചത്. 69 വയസുള്ള സ്ത്രീയാണ് ആദ്യ ഇര. തുടര്‍ന്നു മേലൂര്‍, കൂടപ്പുഴ, പരിയാരം, കൂവക്കാട്ടുകുന്ന്, കടുങ്ങാട്, ചാലക്കുടി ലൂസിയ ബാറിനു പുറകുവശം, മേച്ചിറ, നായരങ്ങാടി, പനമ്പിള്ളി കോളജിനു പിന്‍വശം, തേശ്ശേരി, മണ്ണുത്തി മുതലായ സ്ഥലങ്ങളില്‍വച്ചു സ്ത്രീകളുടെ മാല പൊട്ടിച്ചു.

Amal

ആദ്യ രണ്ട് മാല പൊട്ടിക്കല്‍ സംഭവത്തിലും കറുത്ത ബൈക്കില്‍ ഹെല്‍മറ്റും പുറത്ത് ബാഗും ധരിച്ചെത്തിയ ആളാണ് ഉള്‍പ്പെട്ടതെന്ന് തിരിച്ചറിഞ്ഞതോടെ തൃശൂര്‍ റേഞ്ച് ഐജിയുടെയും ജില്ലാ പോലീസ് മേധാവിയുടെയും നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു.

തുടര്‍ന്ന് പ്രത്യേകാന്വേഷണ സംഘം ഇവിടങ്ങളില്‍ എത്തി ഇരകളെ കണ്ട് വിവരങ്ങള്‍ ചോദിച്ചതിലും പ്രദേശങ്ങളില്‍ ലഭ്യമായ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലും ഹെല്‍മറ്റ് ധരിച്ച് ആധുനിക ബൈക്കിലെത്തിയ ആളാണ് മാല പൊട്ടിക്കുന്നതെന്ന് വ്യക്തമായി.എങ്കിലും വാഹനത്തെക്കുറിച്ചോ ആളെക്കുറിച്ചോ വ്യക്തമായ വിവരം ലഭിച്ചില്ല. ആദ്യം 'പള്‍സര്‍' ബൈക്കുകള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.

മേലൂരില്‍ മാലപൊട്ടിച്ചതോടെയാണു നമ്പര്‍പ്ലേറ്റുകള്‍ മറച്ച വാഹനം യമഹ എഫ്.സെഡ് ആണെന്നു തിരിച്ചറിഞ്ഞത്. പെരുമ്പാവൂര്‍, കാലടി, അങ്കമാലി, ആലുവ, പറവൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ചാലക്കുടി, കൊടകര, ചിയ്യാരം, തൃശൂര്‍, മണ്ണുത്തി മുതലായ സ്ഥലങ്ങളിലെ യമഹ ഡീലര്‍മാരില്‍നിന്നു 2017 ആദ്യമാസം മുതല്‍ വില്പന നടത്തിയ കറുപ്പു നിറത്തിലുള്ള എഫ്.സെഡ്.

ഇരുചക്രവാഹനങ്ങളുടെ പൂര്‍ണവിവരം ശേഖരിച്ചു. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളില്‍നിന്നു സമാനമായ കുറ്റകൃത്യത്തിലേര്‍പ്പെട്ടവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ചു. മുന്‍കാല കുറ്റവാളികളെ വിശദമായി പരിശോധിച്ചെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. പുതുതലമുറ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്ന കടകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലം കണ്ടില്ല.

എങ്കിലും 18 വാഹനങ്ങളെ നിരീക്ഷിക്കാന്‍ തീരുമാനിച്ചു. പിന്നീട് എട്ടെണ്ണത്തിലേക്കു ചുരുക്കി. വിവിധ ജില്ലകളിലായുള്ള വാഹനങ്ങള്‍ നിരീക്ഷിക്കുക എളുപ്പമല്ലാത്തതിനാല്‍ സാങ്കേതിക വിദ്യയും പരീക്ഷിച്ചു. ഇതിനിടയിലും മാലപൊട്ടിക്കല്‍ തുടര്‍ന്നു. അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് മാസാദ്യങ്ങളിലും അവസാനവാരങ്ങളിലും രാവിലെ പത്തിനും ഉച്ചയ്ക്കു മൂന്നരയ്ക്കുമിടയിലാണു മാല പൊട്ടിക്കുന്നതെന്നും കണ്ടെത്തി.

അന്വേഷണസംഘം പരീക്ഷിച്ച ജി.പി.എസ്. സാങ്കേതിക വിദ്യയിലൂടെയാണു പ്രതിയെക്കുറിച്ചു സൂചന കിട്ടിയത്. അമലിന്റെ വീടും പരിസരങ്ങളും നിരീക്ഷിച്ച് ഉറപ്പുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ആദ്യം കുറ്റം നിഷേധിച്ചെങ്കിലും ശാസ്ത്രീയമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. സംഭവസ്ഥലങ്ങളിലും സ്വര്‍ണം പണയം വച്ച സ്ഥാപനങ്ങളിലും വില്പന നടത്തിയ സ്ഥലങ്ങളിലുമെത്തിച്ച് തെളിവെടുപ്പു നടത്തി.

മോഷ്ടിച്ച മാലകള്‍ വിറ്റും പണയം വച്ചും കിട്ടിയ പണം വീടിനു സമീപത്തെ ടാങ്കര്‍ ലോറി ഡ്രൈവര്‍മാരും ക്ലീനര്‍മാരുമായ സുഹൃത്തുക്കള്‍ക്കൊപ്പം കേരളത്തിനു പുറത്തെ സുഖവാസ കേന്ദ്രങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തിയും ആഡംബര ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും മറ്റും യുവതികളോടൊപ്പം താമസിച്ചും ധൂര്‍ത്തടിച്ചെന്നു സമ്മതിച്ചു. സുഹൃത്തുക്കളെപ്പറ്റിയും വിശദമായ അന്വേഷണത്തിലാണു പോലീസ്.

പ്രത്യേകാന്വേഷണ സംഘത്തില്‍ ചാലക്കുടി സി.ഐ. മാത്യു ജെ, എസ്.ഐ. വി.എസ്. വത്സകുമാര്‍ ക്രൈം സ്‌ക്വാഡംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയി പൗലോസ്, പി.എം. മൂസ, വി.യു. സില്‍ജോ, റെജി എ.യു, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനുംമറ്റും ശേഷം വൈദ്യപരിശോധന നടത്തി. തുടര്‍ന്ന് മജിസ്‌ട്രേറ്റു കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഒരുതരത്തിലും പിടിക്കപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചാണ് അമല്‍ മോഷണത്തിനിറങ്ങിയത്. മോഷണത്തിനായുപയോഗിക്കുന്ന ഇരുചക്രവാഹനം പരമാവധി പുറത്തിറക്കാതിരിക്കാന്‍ ശ്രദ്ധിച്ചു. കൂടാതെ മോഷണത്തിനിറങ്ങുമ്പോള്‍ ബൈക്കില്‍ എക്‌സ്ട്രാ ഫിറ്റിങ്‌സുകളും ആക്‌സസറീസുമുപയോഗിച്ച് രൂപമാറ്റം വരുത്തിയിരുന്നു. നമ്പര്‍ പ്ലേറ്റുകള്‍ മറയ്ക്കുകയും ചെയ്തു. രണ്ടു ജില്ലകളിലെ മുപ്പത്തി ഒമ്പതു വാഹന ഡീലര്‍മാരില്‍നിന്നു ശേഖരിച്ച വിവരപ്രകാരം സംസ്ഥാനത്തുടനീളം പരന്നുകിടക്കുന്ന അറുന്നൂറിനടുത്ത് യമഹ എഫ്.സെഡ്. ഉപയോക്താക്കളെ അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടി വന്നത്.

കൂടാതെ സംസ്ഥാനത്താകെയുള്ള മുന്‍കാല മാല മോഷ്ടാക്കളെയും അവരുടെ ഇപ്പോഴത്തെ ജീവിതരീതികളെപ്പറ്റിയും സുഹൃത്തുക്കളെപ്പറ്റിയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. ഏഴോളം ആര്‍.ടി. ഓഫീസുകളുമായി ബന്ധപ്പെട്ടു കറുപ്പ് യമഹ വാഹനങ്ങളുടെ ഉടമകളുടെ വിശദവിവരങ്ങളും ശേഖരിച്ചു. വീണ്ടും പരിശോധന നടത്തി. കൂടാതെ എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ ഇരുചക്രവാഹന ആക്‌സസറീസ് ഷോപ്പുടമകളെ കണ്ടും സഹായം തേടി. രണ്ടു ജില്ലകളിലെ വാഹന പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ മുതലായവ കേന്ദ്രീകരിച്ചും രഹസ്യാന്വേഷണം നടത്തി. ഇവയൊന്നും വിജയിക്കാതായതോടെ ജീവിതരീതികളില്‍ അസ്വാഭാവികതയുള്ള പതിനെട്ട് ബൈക്കുടമകളിലേക്കു അന്വേഷണം ചുരുക്കി, അതില്‍നിന്ന് എട്ടുപേരെ തെരഞ്ഞെടുത്ത് ഉടമകളറിയാതെ അവരുടെ ഇരുചക്രവാഹനങ്ങളില്‍ ജി.പി.എസ്. സംവിധാനം ഫിറ്റ് ചെയ്തുള്ള നിരീക്ഷണമാണ് അമലിലേക്ക് മാത്രമായി അന്വേഷണ സംഘത്തിന്റെ ശ്രദ്ധ കൊണ്ടെത്തിച്ചത്.

സംസ്ഥാന പോലീസില്‍ ആദ്യമായാകണം ഇത്തരമൊരു അന്വേഷണ രീതി പോലീസ് അവലംബിക്കുന്നത്. പ്രത്യേകാന്വേഷണ സംഘത്തിലെ ചിലരുടെ വാഹനങ്ങളില്‍ നിന്ന് ഊരിയെടുത്ത ജി.പി.എസ്. ഉപകരണങ്ങള്‍ ആരുമറിയാതെ ഇരുചക്രവാഹനങ്ങളില്‍ ഉറപ്പിക്കാന്‍ നന്നേ ക്ലേശിച്ചു അന്വേഷണ സംഘാംഗങ്ങള്‍. തുടര്‍ന്ന് തങ്ങളുടെ സ്മാര്‍ട്ട് ഫോണുമായി ബന്ധിപ്പിച്ച ഇന ഉപകരണങ്ങളുടെ സഹായത്തോടെ ഇവരുടെ നീക്കങ്ങള്‍ എളുപ്പം നിരീക്ഷിക്കാനായി. ഈ എട്ടുപേരില്‍നിന്ന് അമല്‍ ഉപയോഗിക്കുന്ന ഇരുചക്രവാഹനമാണ് സംഭവം നടന്ന പ്രദേശങ്ങളില്‍ സഞ്ചരിക്കുന്നത് എന്നും ഏറ്റവും ആര്‍ഭാടമായി ജീവിക്കുന്നത് അമല്‍ ആണെന്നും വ്യക്തമായി. തുടര്‍ന്ന് അമലിനെ കസ്റ്റഡിയിലെടുത്ത അന്വേഷണസംഘത്തിന്റെ ചോദ്യം ചെയ്യലില്‍ കുറ്റകൃത്യത്തിന്റെ രീതി വ്യക്തമായി വിവരിച്ചു.

ഹിന്ദി സിനിമയില്‍ ബൈക്കുപയോഗിച്ച് മോഷണം നടത്തുന്നതു കണ്ട് അതില്‍ ആകൃഷ്ടനായാണ് മാല മോഷണത്തിന് തുനിഞ്ഞത്. ന്യൂസ് പേപ്പര്‍ വിതരണം നടത്തിയാണ് ഒറ്റക്കൈകൊണ്ട് ബൈക്കില്‍ പ്രാക്ടീസ് ചെയ്തത്. വലതുകൈകൊണ്ട് ആക്‌സിലറേറ്റര്‍ നിയന്ത്രിച്ച് ഇടതുകൈ സ്വതന്ത്രമാക്കി ബൈക്ക് ഓഫാകാതെ മാല പൊട്ടിച്ചെടുക്കാനായിരുന്നു ഇത്. നാലായിരത്തി അഞ്ഞൂറ് രൂപ വിലയുള്ള ഹെല്‍മറ്റും അതിനുള്ളില്‍ ബൈക്ക് റേസിങ് റൈഡേഴ്‌സ് ഉപയോഗിക്കുന്ന മാസ്‌ക് ധരിച്ചാണ് മാല പൊട്ടിക്കാനെത്തിയത്. പരിചയക്കാര്‍ക്കുപോലും തിരിച്ചറിയാതാവാനായിരുന്നു ഇത്. മോഷണത്തിനിറങ്ങുന്നതിനുമുമ്പ് നമ്പര്‍ പ്ലേറ്റിളക്കി മാറ്റി നമ്പര്‍ മറച്ച് വച്ചാണിറങ്ങുന്നത്. മോഷണത്തിനുശേഷം ബൈക്കിലെ ആക്‌സസറീസുകള്‍ അഴിച്ചുമാറ്റി സമീപ പ്രദേശത്തെ പാടശേഖരത്തിനു സമീപമുള്ള ബന്ധുവീട്ടിലാണ് സൂക്ഷിച്ചിരുന്നത്.

മോഷണത്തിലൂടെ കിട്ടുന്ന മാലകള്‍ ചാലക്കുടി സൗത്ത് ജങ്ഷനിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരായ യുവതികളെ പരിചയപ്പെട്ടും പരിയാരത്തെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരിയുടെ മുന്‍ പരിചയത്തിലുമാണ് ഇവിടങ്ങളില്‍ പണയം വച്ചത്. മോഷണമുതലുകളില്‍ കുറച്ച് മറ്റ് രണ്ട് സ്ഥലങ്ങളില്‍ വില്പന നടത്തിയതായും കണ്ടെത്തി. സ്ഥിരം അമ്പലത്തില്‍ പോയി നെറ്റിയില്‍ കുറിവരച്ച് നിഷ്‌കളങ്ക ഭാവത്തില്‍ നടന്നിരുന്ന പയ്യന്‍ ഇത്രയും വലിയ മോഷ്ടാവാണെന്നറിഞ്ഞ ഞെട്ടലിലാണ് ഗ്രാമം മുഴുവന്‍.

Thrissur
English summary
Youth arrested for theft case in Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X