വിക്രമും ഭരതും കടുവയെ തേടിയിറങ്ങി; കുങ്കിയാനകളെത്തിയിട്ടും ആദ്യ ദിനം കടുവയെ കണ്ടെത്താനായില്ല
കല്‍പ്പറ്റ: ചീരാലിലെ കടുവയെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ വീണ്ടും പരാജയം. കുങ്കിയാനകളെ ഇറക്കി പരിശോധന നടത്തിയിട്ടും കടുവയെ കണ്ടെത്താന്‍ ആദ്യ ദിനം സാധിച്ചിട്ടില്ല. വനംവകുപ്പിന്റെ ദൗത്യസംഘം ദിവസങ്ങളോളം തിരഞ്ഞിട്ടും കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ടാണ് കുങ്കിയാനകളെ കൊണ്ടുവന്ന് തിരച്ചില്‍ തുടങ്ങിയത്.
കാടിളക്കിയായിരുന്നു തിരച്ചില്‍. എന്നാല്‍ എല്ലാം വെറുതെയായി. ചീരാലിലെ കടുവ ഇപ്പോഴും ഒളിവിലാണ്. മുത്തങ്ങ ആനപ്പന്തിയില്‍ നിന്നാണ് വിക്രം, ഭരത് എന്നീ കുങ്കിനായകളെ ചൊവ്വാഴ്ച്ച ചീരാലില്‍ എത്തിച്ചത്. കടുവ ജനവാസ മേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കാന്‍ വിവിധയിടങ്ങളില്‍ അഞ്ച് ക്യാമറുകളും സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം ഒന്നിന് പുറകെ ഒന്നായി പശുക്കളെയാണ് കടുവ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം രാത്രി മാത്രം മൂന്ന് പശുക്കളെയാണ് കടുവ ആക്രമിച്ചത്. ഇതില്‍ ഒരെണ്ണം ചത്തു. നാട്ടുകാര്‍ ആകെ നെഞ്ചുപൊട്ടി നില്‍ക്കുകയാണ്. കടുവയെ പിടിച്ചില്ലെങ്കില്‍ ഇവരുടെ ജീവിതം തന്നെ തകര്‍ന്നുപോകുന്ന അവസ്ഥയിലാണ്.
നാട്ടുകാര്‍ കഴിഞ്ഞ ദിവസം ബത്തേരി-ഊട്ടി റോഡ് ഉപരോധിച്ചു. സമരം രാത്രി പന്ത്രണ്ട് മണി വരെ നീണ്ടു. എന്നാല്‍ ഇതിന് ശേഷം കടുവ രണ്ട് പശുക്കളെ കൂടി പിടിച്ചു. നാട്ടുകാര്‍ തന്നെയാണ് ഇപ്പോള്‍ തൊഴുത്തിന് കാവലിരിക്കുന്നത്. തിരച്ചില്‍ ശക്തമാണെങ്കിലും, കടുവയുടെ ആക്രമണവും ശക്തമാണ്.
കടുവ പിടിക്കാനുള്ള ദൗത്യത്തിന് നേതൃത്വം നല്‍കുന്നത് വൈല്‍ഡ് ലൈഫ് പാലക്കാട് സിസിഎഫ് മുഹമ്മദ് ഷബാബാണ്. അദ്ദേഹം ബത്തേരിയിലെത്തി ക്യാമ്പ് ചെയ്യുകയാണ്. ഇനിയുള്ള ദൗത്യം സിസിസിഎഫിന്റെ മേല്‍നോട്ടത്തില്‍ നടക്കും. അതേസമയം കടുവയെ പകല്‍ നേരത്തെ കാണാത്തത് കൊണ്ട് മാത്രമാണ് മയക്കുവെടി വെക്കാന്‍ പറ്റാത്തത്.
മയക്കുവെടി സംഘങ്ങള്‍ പ്രദേശത്ത് ഇപ്പോഴും രാത്രിയും പകലും റോന്ത് ചുറ്റുന്നുണ്ട്. ജനവാസ കേനദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി നേരത്തെ 28 നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതാണ്. ഇതിലാണ് കടുവയുടെ സഞ്ചാരപഥം പരിശോധിക്കുന്നത്. എന്നാല്‍ ഇതിലൊന്നും കടുവ കുടുങ്ങിയിട്ടില്ല.
വേഗത്തില്‍ കടുവയെ കണ്ടെത്തിയില്ലെങ്കില്‍ ജനരോഷം ശക്തമാകും. അതോടെ നിയന്ത്രിക്കാന്‍ പറ്റാത്ത സാഹചര്യങ്ങളിലേക്ക് കാര്യങ്ങള്‍ പോകും. വനംവകുപ്പ് തിരച്ചില്‍ വേഗത്തിലാക്കാന്‍ കാരണം അതാണ്. മെഗാ ഗ്രാമസഭ മുഖ്യമന്ത്രിക്ക് നിവേദനം കൈമാറാനും തീരുമാനിച്ചിട്ടുണ്ട്. ഫോറസ്റ്റ് സ്‌റ്റേഷന്റെയും പോലീസ് സ്‌റ്റേഷന്റെയുമൊക്കെ മറവിലാണ് കടുവ പശുക്കളെ പിടിക്കാനെത്തുന്നത്.
കഴിഞ്ഞ ദിവസം 20 അംഗ വനപാലകര്‍ നാല് സംഘങ്ങളായി തിരഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നു. എ്‌നാല്‍ കടുവയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സെപ്റ്റംബര്‍ 25 മുതലാണ് കടുവയുടെ ആക്രമണം രൂക്ഷമായത്.












Click it and Unblock the Notifications