വയനാട്ടില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു, മറ്റൊരാള്‍ക്ക് പരിക്ക്, വെടിവച്ചതാര്? അന്വേഷണം
കല്‍പ്പറ്റ: വയനാട്ടില്‍ യുവാവ് വെടിയേറ്റ് മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. ശരുണ്‍ എന്ന യുവാവിനെയാണ് പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് വെടിയേറ്റതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. എന്നാല്‍ ആരെങ്കിലും വെടിവച്ചതാണോ, ഇവരില്‍ നിന്ന് തന്നെ അബദ്ധത്തില്‍ വെടിയേറ്റതാണോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. പോലീസ് ഇക്കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്. കുറിച്യര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചതും പരിക്കേറ്റതും. നാലു പേരാണ് കാട്ടുപന്നിയെ ഓടിക്കാന്‍ പോയതത്രെ. പുലര്‍ച്ചെയാണ് സംഭവം.

നാലംഗ സംഘമാണ് കഴിഞ്ഞ രാത്രി വണ്ടിയാമ്പറ്റയിലെ പാടത്തേക്ക് കാട്ടുപന്നിയെ ഓടിക്കുന്നതിന് എത്തിയത്. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മറ്റു രണ്ടു പേര്‍ നല്‍കിയ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. നാലു പേരില്‍ ഒരാള്‍ക്ക് ഇവിടെ കൃഷിയുണ്ട്. ജയന് കഴുത്തിലാണ് വെടിയേറ്റിരിക്കുന്നത്. മറ്റാരോ വെടിവച്ചതാണ് എന്ന് ഇവര്‍ പറയുന്നു. പോലീസ് ഇക്കാര്യം പൂര്‍ണമായും വിശ്വസിച്ചിട്ടില്ല. വിശദമായ അന്വേഷത്തിന് ശേഷം മാത്രമേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പോലീസ് പറയുന്നത്.
നാലുപേരും വേട്ടയ്ക്ക് എത്തിയവരാണ് എന്ന് നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഇവരുടെ കൈവശം തോക്കുണ്ടായിരുന്നോ എന്ന സംശയം പോലീസിനുമുണ്ട്. വെടിയുണ്ട നിറയ്ക്കുന്ന വേളയില്‍ അബദ്ധത്തില്‍ പൊട്ടിയതാണോ എന്നും സംശയമുണ്ട്. എന്നാല്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റത് എങ്ങനെ എന്ന ചോദ്യം ബാക്കിയാണ്. പരിക്ക് ഗുരുതരമാണ് എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചതോടെ ആശങ്ക കുറഞ്ഞിട്ടുണ്ട്.
മറ്റൊരു ഭാഗത്ത് നിന്നാണ് വെടിയുണ്ട വന്നതെന്ന് സംഘത്തിലുണ്ടായിരുന്ന രണ്ടു പേര്‍ പറയുന്നു. എന്നാല്‍ സംഭവ സ്ഥലം പരിശോധിച്ച പോലീസിന് മറ്റാരുടേയെങ്കിലും സാന്നിധ്യം ഇവിടെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വെടിയേറ്റെന്ന പറയുന്ന തോക്കും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വെടിയേറ്റ സ്ഥലം പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. തോക്ക് കണ്ടെത്താത്തതും സംഘാംഗങ്ങള്‍ നല്‍കിയ മൊഴിയിലെ വൈരുദ്ധ്യവുമാണ് പോലീസിന് കൃത്യമായ വിശദീകരണം നല്‍കാന്‍ സാധിക്കാത്തത്. വിശദമായ അന്വേഷണത്തിന് ശേഷമേ ഔദ്യോഗിക വിശദീകരണം നല്‍കാന്‍ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്.
പരിക്കേറ്റ ശരുണില്‍ നിന്നുള്ള വിവരങ്ങള്‍ ലഭിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകും. പോലീസ് പുലര്‍ച്ചെ തന്നെ സംഭവസ്ഥലത്തെത്തിയിരുന്നു. പുലര്‍ച്ചെ നടന്ന സംഭവമായതിനാല്‍ പലവിധത്തിലുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടുള്ളത്.












Click it and Unblock the Notifications