വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ പര്യടനം തുടങ്ങി; റോഡ്‌ഷോയില്‍ അണിനിരന്നത് ആയിരങ്ങള്‍!!

കല്‍പ്പറ്റ: വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് വയനാട് ജില്ലയില്‍ രാഹുല്‍ഗാന്ധി പര്യടനം തുടങ്ങി. രാവിലെ ഒമ്പതരയോടെ കലക്‌ട്രേറ്റിലെ എം പി ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശനത്തോടെയാണ് വയനാട് ജില്ലയിലെ രാഹുല്‍ഗാന്ധിയുടെ പര്യടനം ആരംഭിച്ചത്. പത്തിലധികം നിവേദനങ്ങളാണ് കലക്‌ട്രേറ്റില്‍ വെച്ച് വിവിധ സംഘടനകളും മറ്റും രാഹുല്‍ഗാന്ധിക്ക് നല്‍കിയത്.വയനാടിന്റെ പ്രധാനവിഷയങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് ഓരോ നിവേദനങ്ങളും നല്‍കിയിട്ടുള്ളത്.

ചുരം ബദല്‍ പാതയും രാത്രിയാത്രാ നിരോധനവും
രാത്രിയാത്രാ നിരോധനം, നഞ്ചന്‍ഗോഡ് റെയില്‍വെ, ചുരം ബദല്‍പാത എന്നിവയെല്ലാം ഈ നിവേദനങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ വിവിധ പരിപാടികള്‍ക്കുള്ള ക്ഷണനത്തിനായും നിരവധി പേര്‍ കലക്‌ട്രേറ്റിലെത്തി ചേര്‍ന്നിരുന്നു. കലക്‌ട്രേറ്റിലെ സന്ദര്‍ശനത്തിന് ശേഷം ജില്ലാആസ്ഥാനമായ കല്‍പ്പറ്റയില്‍ രാഹുല്‍ഗാന്ധി റോഡ് ഷോ നടത്തി. കല്‍പ്പറ്റ നഗരസഭക്ക് മുന്നില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ പുതിയ ബസ്റ്റാന്റിന് സമീപത്താണ് സമീപിച്ചത്. റോഡിനിരുവശത്തുമായി നൂറ് കണക്കിന് പേരാണ് രാഹുല്‍ഗാന്ധിക്ക് അഭിവാദ്യമര്‍പ്പിക്കാനായി കാത്തുനിന്നത്. ഇടക്കിടെ റോഡരുകിലുള്ളവര്‍ക്ക് വാഹനത്തിന്റെ പിന്നിലെത്തി അദ്ദേഹം കൈകൊടുത്തു.

നന്ദി.. നന്ദി
കല്‍പ്പറ്റ പുതിയ ബസ്റ്റാന്റിന് സമീപത്ത് വെച്ച് അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ച വയനാട്ടിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസംഗം ആരംഭിച്ചത്. മണ്ഡലത്തിലെ മുഴുവന്‍ പാര്‍ട്ടികളിലും പെട്ടയാളുകള്‍ തനിക്ക് വോട്ട് ചെയ്തുവെന്നും അവര്‍ക്കെല്ലാം നന്ദി പറയുന്നുവെന്നും രാഹുല്‍ പറഞ്ഞു. എല്ലാ പൗരന്മാര്‍ക്കുമായി എന്റെ വാതിലുകള്‍ തുറന്നിടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് സത്യത്തിന് വേണ്ടി മാത്രം നിലകൊള്ളുന്ന പ്രസ്ഥാനമാണ്. എന്നാല്‍ മോദി കള്ളങ്ങള്‍ പറഞ്ഞാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. പകയും വിദ്വേഷവും കൊണ്ട് ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടിയാണ് നരേന്ദ്രമോദി ചെയ്തത്. അതുകൊണ്ട് തന്നെ നാം പോരാടുന്നത് വിഷലിപ്തമായ പ്രചരണത്തോടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി ജനറല്‍ സെക്രട്ടറിമാരായ കെ സി വേണുഗോപാല്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയ നിരവധി നേതാക്കള്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കല്‍പ്പറ്റയിലെ പര്യടനത്തിന് ശേഷം കമ്പളക്കാട്, പനമരം എന്നിവിടങ്ങളിലാണ് രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനം. വൈകിട്ട് സുല്‍ത്താന്‍ബത്തേരിയില്‍ നടക്കുന്ന പരിപാടിയോടെയാണ് വയനാട് ജില്ലയിലെ രാഹുലിന്റെ പര്യടനം അവസാനിക്കുന്നത്.

ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസിലാക്കുമെന്ന്
വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കാണുകയാണ് തന്റെ ലക്ഷ്യം. എം പി എന്ന നിലയില്‍ വയനാട്ടിലെ ഓരോ പ്രശ്‌നങ്ങളും ലോക്‌സഭയില്‍ ഉന്നയിക്കും. അതോടൊപ്പം തന്നെ കേരളത്തിന്റെ വിഷയങ്ങളും പാര്‍ലമെന്റില്‍ അവതരിപ്പിക്കും.












Click it and Unblock the Notifications