രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി, ശക്തമായ നടപടിക്ക് നിര്‍ദേശം
വയനാട്: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ സിപിഎമ്മിന് കടുത്ത അതൃപ്തി. എസ്എഫ്‌ഐ നടപടിയെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ലെന്നാണ് സിപിഎം നിലപാട്. കടുത്ത നടപടി കുറ്റക്കാര്‍ക്കെതിരെ എടുക്കാന്‍ എസ്എഫ്‌ഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കര്‍ശനമായ പോലീസ് നടപടിയുണ്ടാകും. 19 പേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്ന സമയത്താണ് ഇത്തരം സംഭവവികാസങ്ങള്‍ നടന്നത്. എസ്എഫ്‌ഐയില്‍ നിന്ന് ഇത്തരമൊരു നീക്കമുണ്ടായത് പലരും അദ്ഭുതത്തോടെയാണ് കേട്ടത്. വയനാട് ജില്ലാ നേതൃത്വവും ഇതോടെ പ്രതിക്കൂട്ടിലായി. സംസ്ഥാന കമ്മിറ്റിയില്‍ ഇവര്‍ മറുപടി പറയേണ്ടി വരും.

എന്തിന് വേണ്ടിയായിരുന്നു ഈ അതിക്രമം എന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ ചോദിച്ചു. സ്വര്‍ണക്കടത്ത് കേസ് രണ്ടാമതും ഉയര്‍ന്ന് വന്നപ്പോള്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് കണ്ടില്ലേ എന്നായിരുന്നു പ്രതിപക്ഷത്തോടുള്ള സിപിഎമ്മിന്റെ ചോദ്യം. ആ പ്രതിരോധത്തെയാണ് ഇപ്പോള്‍ എസ്എഫ്‌ഐ നേതാക്കള്‍ തകര്‍ത്തത്. പുതിയ നേതൃത്വം അതുകൊണ്ട് തന്നെ മറുപടി പറയേണ്ടി വരും. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും തന്നെയാണ് മാര്‍ച്ചിന് നേതൃത്വം നല്‍കിയത്. എസ്എഫ്‌ഐയില്‍ അച്ചടക്ക നടപടി ഉണ്ടാവുമെന്ന് ഉറപ്പാണ്. കടുത്ത അമര്‍ഷം സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.
എസ്എഫ്‌ഐയോട് കടുത്ത നടപടി തന്നെ എടുക്കാനാണ് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. സമരം പാര്‍ട്ടി അറിയാതെയാണെന്ന് സിപിഎം പറയുന്നു. എസ്എഫ്‌ഐ ജില്ലാ ഘടകത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ നടപടി എടുത്ത് വിവാദത്തില്‍ നിന്ന് തലയൂരാനാണ് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ദേശീയ തലത്തില്‍ ബിജെപിക്കെതിരെ രാഹുലും ഇടതുപാര്‍ട്ടികളും ഒന്നിച്ചാണ് പോരാട്ടം നടത്തുന്നത്. ഇത്തരമൊരു സാഹചര്യമുള്ളപ്പോള്‍ എസ്എഫ്‌ഐ ഓഫീസ് തകര്‍ത്ത് വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തല്‍. അതേസമയം കോണ്‍ഗ്രസ് സംഭവത്തില്‍ പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.
ഇന്നലെ വൈകീട്ടോടെ തെരുവിലിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം പലയിടത്തും സംഘര്‍ഷഭരിതമായി തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയ വനിത കോണ്‍ഗ്രസുകാരെ പുരുഷ പോലീസ് കൈയ്യേറ്റം ചെയ്‌തെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. ഇവരെ പിന്നീട് വനിതാ പോലീസുകാരെത്തിയാണ് നീക്കിയത്. നന്ദാവനം പോലീസ് ക്യാമ്പ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മുഖ്യമന്ത്രിയുടെ ചിത്രമുള്ള ഫ്‌ളെക്‌സുകള്‍ പ്രതിഷേധക്കാര്‍ വലിച്ച് കീറി. കോട്ടയത്ത് മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായും സംഘര്‍ഷമുണ്ടായി.












Click it and Unblock the Notifications