പനവല്ലിയിലെ കടുവ ഇപ്പോഴും കാണാമറയത്ത്: നാട്ടുകാരാകെ രോഷത്തില്‍, മയക്കുവെടി വെക്കാതെ വനംവകുപ്പ്
കല്‍പ്പറ്റ: വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തിലെ പനവല്ലിയിലെ കടുവയെ പിടിക്കാനാവാതെ വനംവകുപ്പ്. ഒന്നര മാസത്തിലേറെയായി പനവല്ലിയില്‍ നാട്ടുകാരെല്ലാം ഭയത്തിലാണ്. കടുവയെ കാട് കയറ്റാനുള്ള ശ്രമങ്ങള്‍ വനപാലകര്‍ തുടരുന്നുണ്ട്. എന്നാല്‍ ഇത് വിജയിച്ചിട്ടില്ല. പനവല്ലി പുഴക്കര ഊരിലെ വീടിനുള്ളില്‍ വരെ കടുവ കയറിയിരുന്നു.
വനംവകുപ്പ് കടുവയെ മയക്കുവെടി വെക്കാനായി കാത്തിരിക്കുകയാണ്. ഇതുവരെ അതിനുള്ള ഉത്തരവ് ലഭിച്ചിട്ടില്ല. കാത്തിരിപ്പ് നീളുന്നതോടെ നാട്ടുകാരുടെ ക്ഷമയും നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനോടകം പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.നോര്‍ത്ത് വയനാട് ഡിഎഫ്ഒ ദിവസങ്ങള്‍ക്ക് മുമ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് മയക്കുവെടി വെക്കുന്നത് സംബന്ധിച്ചുള്ള കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ഇനിയും പുറത്തിറങ്ങിയിട്ടില്ല.

മൂന്ന് കൂടുകള്‍ കടുവയെ പിടിക്കാനായി വനപാലകര്‍ സ്ഥാപിച്ചിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കടുവ ഇതില്‍ കുടുങ്ങിയിട്ടില്ല. അത് മാത്രമല്ല മുപ്പതോളം ക്യാമറകളും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ അതിലൊന്നും കടുവയുടെ ദൃശ്യം കഴിഞ്ഞ ദിവസങ്ങളില്‍ പതിഞ്ഞിട്ടില്ല. പ്രദേശത്താകെ അരിച്ചുപെറുക്കിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ആര്‍ആര്‍ടി സംഘവും ഒപ്പമുണ്ടായിരുന്നു. എന്നാല്‍ നിരാശയായിരുന്നു ഫലം. കടുവയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
പകല്‍ സമയങ്ങളില്‍ കടുവയെ കാണാറില്ല. അതുകൊണ്ട് ഇവയെ കണ്ടെത്തുക ദുഷ്‌കരമാണ്. അമ്മ കടുവയും രണ്ട് കുട്ടികളും അടക്കമാണ് ഒരുമിച്ച് നാട്ടിലിറങ്ങുന്നത്. ഇതാണ് നാട്ടുകാരെ ഭയപ്പെടുത്തുന്നത്. ഏത് നിമിഷവും ഇവയുടെ ആക്രമണം നേരിടേണ്ടി വരുമെന്ന ഭയത്തിലാണ് നാട്ടുകാര്‍. രണ്ട് ദിവസം മുമ്പ് വനപാലക സംഘത്തെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു.
വനംവകുപ്പ് ജീവനക്കാരുടെ സംഘടനയും പ്രതിഷേധത്തിലാണ്. അതേസമയം എന്തുകൊണ്ട് മയക്കുവെടി വെക്കാനുള്ള ഉത്തരവ് ലഭിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ബിജെപിയുടെ ഫോറസ്റ്റ് മാര്‍ച്ച് അടക്കം നടക്കുന്നുണ്ട്. കടുവാ ശല്യത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ പ്രക്ഷോഭം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.












Click it and Unblock the Notifications