വയനാട്ടുകാരുടെ കടുവാ പേടി മാറ്റാന്‍ വനംവകുപ്പ്; ക്യാമറ സ്ഥാപിച്ചു, കൂടും വെക്കണമെന്ന് നാട്ടുകാര്‍
കല്‍പ്പറ്റ: വയനാട്ടിലെ നാട്ടുകാരുടെ കടുവാഭീതി മാറ്റാന്‍ നേരിട്ട് ഇടപെട്ട് വനംവകുപ്പ്. നെന്മേനി പഞ്ചായത്തിലെ കോളിയാടി പാലാക്കുനി മാതളക്കര ഭാഗത്ത് കടുവ പോത്തിനെ കൊന്നുതിന്ന സംഭവത്തോടെയാണ് വനംവകുപ്പ് കടുവാഭീതി മാറ്റാന്‍ ഇറങ്ങിയത്. ഇവിടെ ക്യാമറ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം അതുമാത്രം പോരെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ കൂട് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ കടുവയെ പിടിക്കാന്‍ വനംവകുപ്പിന് സാധിക്കുമോ എന്ന ചോദ്യങ്ങള്‍ ബാക്കിയാണ്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് അധികൃതരെയും വനപാലകരെയും റവന്യൂ ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രദേശവാസികള്‍ ഇന്നലെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കടുവ പോത്തിനെ കൊന്ന സംഭവത്തോടെ നാട്ടുകാരെ ആകെ ഭയത്തിലായിരുന്നു. പകല്‍ പോലും പുറത്തിറങ്ങാന്‍ ഭയമാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഈ പ്രദേശത്തെ വൈകുണ്ഡം ഫാമിലാണ് കഴിഞ്ഞ ദിവസം കടുവ പോത്തിനെ കൊന്നത്. വളര്‍ത്തുമൃഗങ്ങളെ കടുവ പിടിക്കുന്നതിനാല്‍ പട്ടിണിയായി പോകുന്നുവെന്ന ഭയത്തിലാണ് ഇവിടെയുള്ളവര്‍. ഭൂരിഭാഗവും ക്ഷീരകര്‍ഷകരാണ്. കന്നുകാലികള്‍ ഇവരുടെ പ്രധാന വരുമാന മാര്‍ഗമാണ്.
കടുവ വീണ്ടുമെത്തി തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ പിടിക്കുമോ എന്ന പേടി ജനങ്ങള്‍ക്കിടയിലുണ്ട്. ഇവരുടെ ആശങ്ക പരിഹരിക്കാനാണ് തങ്ങള്‍ എത്തിയിരിക്കുന്നതെന്ന് വനംവകുപ്പ് പറയുന്നു. കടുവയെ പിടിക്കുമെന്നാണ് ഇവരുടെ അവകാശവാദം.
പോത്ത് ചത്ത സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം പോത്തിന്റെ ജഡം കണ്ടെത്തിയ സ്ഥലത്താണ് വനംവകുപ്പ് ക്യാമറ സ്ഥാപിച്ചത്. പ്രദേശത്ത് രാത്രികാല പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്.
ജനവാസ മേഖലയിലും തോട്ടങ്ങളിലുമെല്ലാം കടുവ ഒളിഞ്ഞിരിക്കാന്‍ സാധ്യതയുണ്ട്. ഇവയെല്ലാം വെട്ടിത്തെളിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. നൂല്‍പുഴ, പൂതാടി, പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലുമാണ് കടുവയുടെ സാന്നിധ്യം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടാവുന്നത്.
നെന്മേനി സാധാരണ കടുവാ ശല്യം കുറഞ്ഞ ഇടമായിരുന്നു. രണ്ട് കടുവകളും ഒരു പുലിയും നിരന്തരം ഇവിടെ ഇറങ്ങുനനുണ്ട്. വീട്ടുമുറ്റത്ത് വരെ കടുവയെത്തി. പുലിയാണെങ്കില്‍ കഴിഞ്ഞ വീട്ടില്‍ വളര്‍ത്തുന്ന നായയെ പിടികൂടി. ഇതെല്ലാം മാറുമെന്നാണ് വനംവകുപ്പ് നല്‍കുന്ന പ്രതീക്ഷ.












Click it and Unblock the Notifications