വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവദമ്പതികളുടെ കൊലപാതകം: ഒരുമാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല കൃത്യത്തിന് കാരണം മോഷണം!

  • By Desk
Google Oneindia Malayalam News

മാനന്തവാടി: നാടിനെ നടുക്കിയ നവദമ്പതികളുടെ കൊലപാതകം നടന്നിട്ട് ഒരുമാസം പിന്നിടുമ്പോഴും കൊലയാളികളിലേക്ക് എത്തിച്ചേരാനാവാതെ അന്വേഷണ സംഘം. കൊല നടത്തിയത് മോഷണത്തിന് വേണ്ടിയാണെന്നാണ് നിഗമനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്. കഴിഞ്ഞ ജൂലൈ ആറിന് രാവിലെയാണ് വെള്ളമുണ്ട കണ്ടത്തുവയല്‍ പൂരിഞ്ഞി വാഴയില്‍ ഉമര്‍ (26), ഭാര്യ ഫാത്തിമ (19) എന്നിവരെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഫാത്തിമയുടെ ശരീരത്തിലുണ്ടായിരുന്ന എട്ടുപവന്‍ സ്വര്‍ണ്ണാഭരണങ്ങളും, മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലക്കകത്തും, പുറത്തുമുള്ള ധനകാര്യസ്ഥാപനങ്ങളും ബാങ്കുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ഫലം കണ്ടില്ല. കൊല്ലപ്പെട്ടവരുമായി എപ്പോഴെങ്കിലും ബന്ധപ്പെട്ടിട്ടുള്ള ആളാവാം കൊലപാതകികളെന്ന നിഗമനത്തിലാണ് ഇപ്പോള്‍ കേസ് അന്വേഷണം പുരോഗമിക്കുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം ഇരുമ്പുവടി, കനമുള്ള പൈപ്പ് എന്നിവ ഉപയോഗിച്ചാണ് കൊലനടത്തിയതെന്നാണ് പറയുന്നത്. ഇത് പ്രകാരം ആയുധങ്ങള്‍ കണ്ടെത്തുന്നതിനടക്കം നടത്തിയ അന്വേഷണങ്ങളും വിജയിച്ചില്ല.

ummer-

ഏറ്റവുമൊടുവില്‍ വീടിനോട് ചേര്‍ന്നുള്ള കുളിമുറിയില്‍ നിന്നും കണ്ടെത്തിയ കാല്‍പാദത്തിന്റെ അടയാളങ്ങള്‍ വെച്ച് വിശദമായ തിരിച്ചറിയല്‍ പരേഡുകള്‍ നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. നവദമ്പതികളുടെ ജീവിത പശ്ചാത്തലം വെച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മോഷണമല്ലാതെ മറ്റ് കൊലപാതക കാരണങ്ങളൊന്നും പൊലീസിന് കണ്ടെത്താനുമായിട്ടില്ല.

സംഭവത്തെത്തുടര്‍ന്ന് റേഞ്ച് ഐ.ജിയുള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും കോഴിക്കോട് നിന്നുള്ള ഫോറന്‍സിക് മേധാവിയും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡുമൊക്കെ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കിണറുകള്‍ വറ്റിച്ച് പരിശോധിക്കുകയും ചെയ്തു. കൊല്ലപ്പെട്ട നവദമ്പതികളുടെ വീട്ടിലെ കിണറും പോലീസ് നായ പോയ വഴിയിലെ അയല്‍വാസിയുടെ കിണറിലെ വെള്ളവുമാണ് പൂര്‍ണ്ണമായും വറ്റിച്ച് പരിശോധന നടത്തിയത്. എന്നാല്‍ ഇതൊന്നും യാതൊരു സൂചനയും നല്‍കിയില്ല. ഇതിന് പുറമെ സംശയാസ്പദമായ സാഹചര്യങ്ങളില്‍ വെള്ളമുണ്ടയിലും പരിസരങ്ങളിലും കാണപ്പെട്ടവരെ ചുറ്റിപ്പറ്റിയും അല്ലാതെയുമുള്ള അന്വേഷണവും നടന്നിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും ഒരു തുമ്പും പൊലീസിന് കിട്ടിയില്ല.

കൊലപാതകം നടന്ന വീട്ടില്‍ നിന്ന് ബാക്കി ആഭരണങ്ങളും പണവും എടുക്കാതെ പോയത് അന്വേഷണത്തെ വഴിതെറ്റിക്കാനാണെന്നാണ് പൊലീസ് നിരീക്ഷിക്കുന്നത്. ഇതിനോടകം സമാനകേസുകളിലുള്‍പ്പെട്ടവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നെങ്കിലും അതൊന്നും കൊലയാളിയിലേക്കെത്തുന്ന സൂചനകളൊന്നും നല്‍കിയില്ല. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമായിരുന്നു ആദ്യഘട്ടത്തില്‍ നടന്നിരുന്നത്.

എന്നാല്‍ യാതൊരുവിധ തെളിവുകളും അവശേഷിപ്പിക്കാതെ നടത്തിയ കൃത്യമായതിനാല്‍ ഇപ്പോള്‍ പ്രൊഫഷണലുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടന്നുവരുന്നത്. അതേസമയം, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടാകാത്ത സാഹചര്യത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് യു ഡി എഫ് അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ ഉന്നത ഏജന്‍സികള്‍ക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളില്‍ ഹര്‍ത്താലും നടത്തിയിരുന്നു. എന്നാല്‍ അന്വേഷണം ഉന്നത ഏജന്‍സിക്ക് കൈമാറുന്ന കാര്യത്തിലൊന്നും ഇതുവരെ തീരുമാനമായിട്ടില്ല. മാനന്തവാടി ഡി. വൈ.എസ്.പി. എം.കെ. ദേവസ്യയുടെ നേതൃത്വത്തില്‍ മുപ്പതംഗ അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍മാരും ഇതില്‍ ഉള്‍പ്പെടും.

Wayanad
English summary
Wayanad Local News about investigation of murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X