വയനാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കനത്തമഴയില്‍ വയനാട്ടിലെ ഗ്രാമങ്ങള്‍ ഒറ്റപ്പെടുന്നു; റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയില്‍; അതീവ ജാഗ്രതാ നിര്‍ദേശം; നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു;രണ്ടിടത്ത് ഉരുള്‍പൊട്ടല്‍

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: വയനാട്ടില്‍ കനത്തമഴ തുടരുന്നു. ജില്ലയിലെ ഗ്രാമങ്ങള്‍ മഴയില്‍ ഒറ്റപ്പെടുന്നു. റോഡുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. ജില്ലാഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനായി തഹസില്‍ദാര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ മുതലായവര്‍ ജില്ലാകലക്ടറുടെ അനുമതിയില്ലാതെ ഹെഡ്ക്വാര്‍ട്ടര്‍ വിട്ടുപോകരുതെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

വയനാട് കലക്‌ട്രേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നാല് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. പൊതുജനങ്ങള്‍ക്ക് 04936 204151 എന്ന നമ്പറില്‍ കണ്‍ട്രോള്‍ റൂമുകളിലേക്ക് ബന്ധപ്പെടാവുന്നതാണ്. 1077 എന്ന ടോള്‍ ഫ്രീ നമ്പറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സുല്‍ത്താന്‍ബത്തേരി (04936 220296), മാനന്തവാടി (04935 240231), വൈത്തിരി (04936 255229) എന്നിവിടങ്ങളില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകളും തുറന്നിട്ടുണ്ട്.

എങ്ങും കനത്ത മഴ

എങ്ങും കനത്ത മഴ

കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നാശനഷ്ടങ്ങളോടൊപ്പം ഗ്രാമങ്ങളും ഒറ്റപ്പെട്ട അവസ്ഥയിലായി. തരിയോട് ഗ്രാമപഞ്ചായത്തിലെ കാവുമന്ദം, കാപ്പുവയല്‍, എച്ച് എസ് ഭാഗങ്ങളില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. പുഴയും വയലുകളും കരകവിഞ്ഞൊഴുതി കാവുമന്ദം എച്ച് എസ് റോഡും, എച്ച് എസ് കാപ്പുവയല്‍ റോഡും വെള്ളത്തിനടിയിലായി. പൊഴുതന ഗ്രാമപഞ്ചായത്തിലെ മൂരിക്കാപ്പില്‍ വയലും പുഴയും കരകവിഞ്ഞൊഴുകി നിരവധി വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ഇവിടെ ചെറിയ അങ്ങാടികളെല്ലാം തന്നെ വെള്ളത്തിനടിയിലാണ്. കാവുമന്ദം എച്ച് എസിലെ പുഴ കരകവിഞ്ഞൊഴുകി നിരവധി വീടുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്.

കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി

കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി

പൊഴുതന ഗ്രാമപഞ്ചായത്തെ തേവണ പുഴ കരകവിഞ്ഞൊഴുകി ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. വൈത്തിരിയില്‍ മണ്ണിടിഞ്ഞ് വീണ് മണ്ണിനടിയിലായ നാലംഗ കുടുംബത്തെ രാവിലെ രക്ഷപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വെങ്ങപ്പള്ളി, പൊഴുതന ഗ്രാമപഞ്ചായത്തുകളിലുള്‍പ്പെടുന്ന പിണങ്ങോട്-പൊഴുതന റൂട്ടിലും വിവിധയിടങ്ങളില്‍ മണ്ണിടിഞ്ഞ് നാശനഷ്ടമുണ്ടായി. ഗതാഗതം ദുഷ്‌ക്കരമാവുന്ന വിധത്തില്‍ ജില്ലയിലെ നിരവധി റോഡുകള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. കല്‍പ്പറ്റ നഗരത്തിലെ കാനറാബാങ്ക് ജംങ്ഷന്‍ വെള്ളത്തിനടിയിലായി. ദേശീയപാതയില്‍ വെള്ളം കയറി ഗതാഗതം ദുഷ്‌ക്കരമായി.

പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

പുഴകള്‍ കരകവിഞ്ഞൊഴുകുന്നു

മാനന്തവാടി, സുല്‍ത്താന്‍ബത്തേരി താലൂക്കുകളിലും നിരവധി സ്ഥലങ്ങൾ വെള്ളത്തിനടിയിലാണ്. പുഴകള്‍ കരകവിഞ്ഞൊഴുകിയത് വ്യാപക നാശനഷ്ടത്തിനിടയാക്കി. വരുന്ന മണിക്കൂറുകളിലും മഴ ശക്തമായി തുടര്‍ന്നാല്‍ ജില്ലയിലെ നാശനഷ്ടങ്ങള്‍ പതിന്മടങ്ങായി ഉയരും. ഇന്ന് രാവിലെ തന്നെ ബാണാസുര സാഗര്‍ അണക്കെട്ടില്‍ ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്ന് നാലാമത്തെ ഷട്ടറും തുറന്നിരുന്നു. ഷട്ടര്‍ തുറന്നതോടെ വെള്ളമൊഴുകിപ്പോകുന്ന പ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുമേറി. ഇവിടെയെല്ലാം അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഉരുൾപൊട്ടലിൽ വ്യാപകനാശം

ഉരുൾപൊട്ടലിൽ വ്യാപകനാശം

കാവുംമന്ദം കമ്പനിക്കുന്നിലും വൈത്തിരി പടിഞ്ഞാറത്തറ റോഡില്‍ പാറത്തോടിന് സമീപവും ഉരുള്‍പൊട്ടി വന്‍നാശനഷ്ടങ്ങളുണ്ടായി. ഉരുള്‍പൊട്ടലില്‍ പാറത്തോട് എട്ടാംമൈല്‍ റോഡ് തകര്‍ന്നു. മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്ന ലക്കിടി ഗവ.എല്‍.പി സ്‌കൂള്‍, തരിയോട് ഗവ.എല്‍.പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ ക്യാമ്പ് തുറന്നിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളംകയറിയവരെയും ഒറ്റപ്പെട്ടവരെയും പാര്‍പ്പിക്കാനായി വിവിധയിടങ്ങളില്‍ ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നുകൊണ്ടിരിക്കുകയാണ്. കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും തൃശിലേരി പവര്‍ലൂം പരിസരത്തെ പറളി റോഡ് കുത്തൊഴുക്കില്‍പ്പെട്ട് മുങ്ങി.

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി

മാനന്തവാടി കോഴിക്കോട് റോഡില്‍ സെഞ്ച്വറി ഹോട്ടലിനു മുന്‍വശം വൈദ്യുതി കമ്പിയിലേക്ക് മരം വീണു. പാല്‍ച്ചുരത്തില്‍ ബോയ്‌സ് ടൗണില്‍ നിന്നും അര കിലോ മീറ്റര്‍ മാറി മണ്ണിടിച്ചിലുണ്ടായതോടെ ഇതുവഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെട്ടു. കണിയാരത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് മരം കടപുഴകി വൈദ്യുതി ലൈനില്‍ വീഴുകയും, വൈദ്യുതി പോസ്റ്റ് റോഡിലേക്ക് മറിയുകയും ചെയ്തു. കാവുംമന്ദം പൊയില്‍ കോളനിയിലെ വീടുകളില്‍ വെള്ളം കയറി. താമസക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.

മരങ്ങൾ വീഴുന്നു, മണ്ണിടിച്ചിലും...

മരങ്ങൾ വീഴുന്നു, മണ്ണിടിച്ചിലും...

മാനന്തവാടി കോഴിക്കോട് റോഡില്‍ ഗ്രാമീണ്‍ ബാങ്കിന് എതിര്‍വശത്തായി ചെറിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. പരിസരത്തെ ചെറിയ മരം കടപുഴകി വീഴുകയും ചെയ്തു. മണ്ണിടിച്ചില്‍ രൂക്ഷമായാല്‍ തൊട്ടു താഴ്ഭാഗത്തു കൂടി പോകുന്ന കലുങ്ക് മൂടാന്‍ സാധ്യതയുണ്ട്. പുഴകളാല്‍ ചുറ്റപ്പെട്ട കോട്ടത്തറ പഞ്ചായത്തിലെ വൈശ്യന്‍, മൊട്ടന്‍കുന്ന്, കൊളക്കി മൊട്ടന്‍കുന്ന്, പൊയില്‍, പുതുശ്ശേരിക്കുന്ന്, വസ്തിക്കുന്ന്, ചുണ്ട്രങ്കോട്, ചെമ്പന്നൂര്‍ തുടങ്ങിയ കോളനികള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചേലാകുനിക്കുന്ന്, കുറുമണിയിലെ കാവാലക്കുന്ന്, വലിയക്കുന്ന്, പുതയേടത്ത് കുന്ന്, മാങ്ങോട്ട് കുന്ന് തുടങ്ങിയ സ്ഥലങ്ങളൊക്കെ വെള്ളംകയറി ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്.

Wayanad
English summary
Wayanad Local News;losses due to heavy rain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X