വയനാട് റെയില്‍പാത അട്ടിമറി: ആക്ഷന്‍കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു, പദ്ധതി സര്‍ക്കാര്‍ അട്ടിമറിച്ചു!
കല്‍പ്പറ്റ: നഞ്ചന്‍ഗോഡ്-വയനാട്-നിലമ്പൂര്‍ റെയില്‍പാത സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിച്ചതിനെതിരെ നീലഗിരി-വയനാട് എന്‍ എച്ച് ആന്റ് റെയില്‍വെ ആക്ഷന്‍കമ്മിറ്റി വഞ്ചനാദിനം ആചരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡി പി ആര്‍ തയ്യാറാക്കുന്നതിനായി എട്ട് കോടി രൂപ അനുവദിച്ചിരുന്നു. ഒരു വര്‍ഷം കൊണ്ട് ഡി പി ആറും സര്‍വ്വെയും പൂര്‍ത്തിയാക്കി പാതയുടെ പണി തുടങ്ങാന്‍ സാധിക്കുമെന്നതായിരുന്നു കണക്കുകൂട്ടല്‍.
എന്നാല്‍ ഇത് ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്. ഡി എം ആര്‍ സി ചെയര്‍മാന്‍ ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡി എം ആര്‍ സി പ്രാരംഭ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിച്ചെങ്കിലും അനുവദിച്ച ഫണ്ട് നല്‍കാതെ കേരള സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു. സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി കര്‍ണാടക സര്‍ക്കാര്‍ സര്‍വേക്ക് അനുമതി നല്‍കുന്നില്ലെന്നതായിരുന്നു കേരള സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ കര്‍ണാടക നല്‍കിയ കത്ത് പുറത്തായതോടെ ഇത് പൊളിയുകയായിരുന്നു.

നിലവില്‍ ഏഴ് മാസം മുമ്പ് കര്‍ണാടക നല്‍കിയ അതേ കത്തിനെ ആശ്രയിച്ച് തുടര്‍നടപടികള്‍ ചെയ്യാന്‍ തീരുമാനിക്കുകയും ഡി എം ആര്‍ സിയെ പുറത്താക്കുകയുമാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരിക്കലും നടപ്പിലാക്കാനാവാത്ത നിബന്ധനകളോടെയാണ് കേരളാ റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പറേഷെ ഡി പി ആര്‍ തയ്യാറാക്കാന്‍ ചുമതലപ്പെടുത്തിയത്. സര്‍ക്കാരിന് ആത്മാര്‍ത്ഥയുണ്ടെങ്കില്‍ ഡി എം ആര്‍ സിയെ ബാക്കി പ്രവര്‍ത്തനങ്ങള്‍ ഏല്‍പ്പിക്കുകയാണ് വേണ്ടത്.
ഇ ശ്രീധരന്റെ നേതൃത്വത്തില്‍ ഡി പി ആര്‍ പൂര്‍ത്തിയാക്കാന്‍ വയനാട്ടിലെ ജനപ്രതിനിധികള്‍ ഇടപെടണമെന്നും അതിനായി ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങണമെന്നും ആക്ഷന്‍കമ്മിറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഉത്തരവിറങ്ങി രണ്ട് വര്‍ഷം പൂര്‍ത്തിയായ ദിവസമാണ് ആക്ഷന്‍കമ്മിറ്റി വഞ്ചനാദിനം ആചരിച്ചത്. ബത്തേരി ഗാന്ധി ജംങ്ഷനില്‍ നടന്ന പൊതുയോഗത്തില്‍ അഡ്വ. ടി എം റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി വേണുഗോപാല്‍, പ്രശാന്ത് മലവയല്‍, സി കെ ഹാരിഫ്, എം എ അസൈനാര്‍,. ജോയിച്ചന്‍ വര്‍ഗീസ്, ജോസ് തണ്ണിക്കോട്, നാസര്‍ കാസിം, സംഷാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.












Click it and Unblock the Notifications