വയനാട്ടിൽ കോൺഗ്രസിന്റെ കണക്ക് കൂട്ടൽ തെറ്റി? പ്രിയങ്കയ്ക്ക് 5 ലക്ഷം ഭൂരിപക്ഷം ലഭിച്ചേക്കില്ല..പുതിയ കണക്കുകൾ
വയനാട്: കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി നേടിയതിനേക്കാൾ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി ജയിക്കുമെന്നായിരുന്നു തുടക്കത്തിൽ യു ഡി എഫ് കേന്ദ്രങ്ങൾ പറഞ്ഞത്. പ്രിയങ്കയ്ക്ക് 5 ലക്ഷത്തിലധികം ഭൂരിപക്ഷം നേടാനാകുമെന്നായിരുന്നു അവകാശവാദം. എന്നാൽ ഫലം വരാൻ ഒരു മാത്രം ബാക്കി നിൽക്കെ ഈ കണക്കുകളിൽ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് യു ഡി എഫ് നേതൃത്വം. പ്രിയങ്കയുടെ ഭൂരിപക്ഷം അഞ്ച് ലക്ഷം കടന്നേക്കില്ലെന്ന് നേതൃത്വം വിലയിരുത്തുന്നു. അതേസമയം എന്ത് സംഭവിച്ചാലും നാല് ലക്ഷത്തിൽ അധികമായിരിക്കുമെന്നും നേതൃത്വം പറയുന്നു. ബൂത്തുകളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണിത്.
ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ 72.9 ശതമാനമായിരുന്നു വയനാട്ടിലെ പോളിംഗ് . എന്നാൽ ഇക്കുറി ഇത് 64.69 ശതമാനമായിരുന്നു. പോളിംഗ് കുറഞ്ഞത് ഉയർന്ന ഭൂരിപക്ഷം എന്ന യു ഡി എഫ് പ്രതീക്ഷയക്ക് മങ്ങലേൽപ്പിച്ചു. എന്നാൽ രാഹുലിന് മികച്ച വിജയം നേടാനായ മണ്ഡലങ്ങളിൽ ഇക്കുറി അതിലും മികച്ച വിജയം പ്രിയങ്ക സ്വന്തമാക്കുമെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ തുടങ്ങിയ മണ്ഡലങ്ങളിൽ അരലക്ഷത്തിന് അടുത്തായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. ഇവിടങ്ങളിൽ പ്രിയങ്കയുടെ ഭൂരിപക്ഷം അരലക്ഷം കടക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. ഏഴ് നിയമസഭ മണ്ഡലങ്ങളിലും രാഹുലിനെ പ്രിയങ്ക മറികടക്കുമെന്നും നേതൃത്വം പറയുന്നു. ഇത്തവണ സ്ത്രീകളുടെ വോട്ടുകൾ പ്രിയങ്കയ്ക്ക് വീണെന്നും യു ഡി എഫ് കരുതുന്നു.

പ്രിയങ്കയുടെ ഭൂരിപക്ഷം കുറക്കാനാണ് എൽ ഡി എഫ് കാര്യമായ പ്രചരണത്തിൽ നിന്നും വിട്ട് നിന്നതെന്നാണ് യു ഡി എഫ് വിലയിരുത്തുന്നത്. ഇത്തവണ അക്രമോത്സുക പ്രചരണത്തിലേക്ക് എൽ ഡി എഫ് കടന്നിരുന്നില്ല. പലയിടത്തും തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ആളുപോലും ഇല്ലാത്ത അവസ്ഥയായിരുന്നു. ഇതെല്ലാം പോളിംഗ് ശതമാനത്തെ ബാധിച്ചുവെന്നാണ് യു ഡി എഫ് നേതൃത്വം പറയുന്നത്. എൽ ഡി എഫ് കേന്ദ്രമായ നിലമ്പൂരിൽ ഇക്കുറി പോളിംഗ് കുറഞ്ഞതും യു ഡി എഫ് ചൂണ്ടിക്കാട്ടുന്നു.
അതേസമയം പ്രിയങ്കയുടെ ഭൂരിപക്ഷം കുറക്കാനായെന്നതാണ് എൽ ഡി എഫ് കേന്ദ്രങ്ങളും വിലയിരുത്തുന്നത്. രാഹുലിനെ പോലെ പ്രിയങ്കയും മണ്ഡലം ഉപേക്ഷിച്ച് പോകും എന്നതടക്കമുള്ള പ്രചരണങ്ങൾ വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.












Click it and Unblock the Notifications