കാട്ടാനയുടെ ആക്രമണം: കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുമെന്ന് വനംവകുപ്പ് മന്ത്രി
സുൽത്താൻ ബത്തേരി: വയനാട് മാന്തവാടിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. അജീഷിന്റെ കുടുംബത്തിന് ജോലി നൽകുന്നത് ആലോചനയിൽ ഉണ്ടെന്നും വനം വകുപ്പ് മന്ത്രി പറഞ്ഞു. പ്രദേശത്ത് നടക്കുന്ന നാട്ടുകാരുടെയും പ്രതിഷേധത്തിന് ന്യായമുണ്ടെന്നും ഇതിന് ന്യായമായ പരിഹാരം കാണുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും പറഞ്ഞു.
ആനയെ ഇന്ന് തന്നെ മയക്ക് വെടി വെച്ച് കീഴടക്കും, അതിനുള്ള നടപടിക്രമങ്ങൾ തുടങ്ങി. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. കുങ്കിയാനകളെ മുത്തങ്ങയിൽ നിന്ന് മാനന്തവാടിയിൽ എത്തിക്കും. നാട്ടുകാർ വികാരഭരിതരായിരിക്കുന്നതിനാൽ മാനന്തവാടിയിലേക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശാന്തവും പക്വവുമായ സാഹചര്യത്തിൽ വയനാട്ടിൽ പോയി ചർച്ചകൾ നടത്താൻ ഒരുക്കമാണെന്നും നിലവിൽ വയനാട്ടിലേക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു.

പ്രതിഷേധം കാരണം ഉദ്യോഗസ്ഥർക്ക് നടപടികൾ എടുക്കാൻ സാധിക്കുന്നില്ലെന്നും ജനങ്ങൾ സംയമനം പാലിക്കണമെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ മുഖ്യമന്ത്രി വിലയിരുത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പടമല സ്വദേശി അജീഷ് ആണ് രാവിലെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രാവിലെ വീടിന്റെ മതിൽ തകർത്ത് എത്തിയ കാട്ടാന ഭയന്നോടിയ അജീഷിനെ ചവിട്ടിക്കൊല്ലുകയായിരുന്നു. കർണാടക വനംവകുപ്പ് റേഡിയോ കോളർ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.
നാട്ടുകാർ മൃതദേഹവുമായി സബ് കളക്ടർ ഓഫീസിന് മുന്നിൽ പ്രതിഷേധം തുടരുകയാണ്. കാട്ടാന ജനവാസ മേഖലയുടെ അടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടൻ നൽകാമെന്നും മരിച്ച അജിയുടെ കുടുംബത്തിലെ ഒരാൾക്ക് ജോലി നൽകാമെന്നുമുള്ള കളക്ടറുടെ നിർദ്ദേശം ചർച്ചയ്ക്ക് എത്തിയവർ തള്ളി.
ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുൻപ് തന്നെ വനംവകുപ്പിന് കൃത്യമായി അറിവുണ്ടായിട്ടും ആനയെ ട്രാക്ക് ചെയ്യാനായി ഒന്നും ചെയ്തില്ലെന്നും നാട്ടുകാർ പറയുന്നു, ഇന്ന് പുലർച്ചെ നാലര മണിയോടെയാണ് താന്നിക്കൽ മേഖലയിൽ റേഡിയോ കോളറ്‍ ഘടിപ്പിച്ച കാട്ടാനയെ കണ്ടത്. 6. 30 ഓടെ കുറക്കന്മൂല ഭാഗത്തും 7 മണിയോടെ പടമലയിലുമെത്തി. ഇതിനിടിയിലാണ് അജേഷ് ആനയുടെ മുന്നിൽപ്പെട്ടത്. ആന ജനവാസ മേഖലയിൽ കയറിയതിന് മുന്നറിയിപ്പ് വനം വകുപ്പ് നൽകിയെന്ന് നാട്ടുകാർ പറഞ്ഞു.












Click it and Unblock the Notifications