വ്യക്തി വൈരാഗ്യം; തൊഴിലുറപ്പ് തൊഴിലാളിയായിരുന്ന യുവതിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു, സംഭവം മാനന്തവാടി തലപ്പുഴയിൽ!!
മാനന്തവാടി: മാനന്തവാടി തലപ്പുഴ വാളാട് തൊഴിലുറപ്പ് തൊഴിലാളിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വാളാട് പ്രശാന്തിഗിരി മടത്താശേരി ബൈജുവിന്റെ ഭാര്യ സിനി (32)യെ കൊലപ്പെടുത്തിയ സംഭവത്തിലാണ് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ പ്രതി വാളാട് നെടുമല ദേവസ്യ(50)യെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്.
കൊലപാതകം നടന്ന സിനിയുടെ വീട്ടിലും, വാളാട് ടൗണിലെ രണ്ട് കടകളിലുമെത്തിച്ചാണ് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചത്. തലപ്പുഴ എസ് ഐ പി ജെ ജിമ്മിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദേവസ്യയെയും കൊണ്ട് തെളിവെടുപ്പ് നടത്തിയത്. ബുധനാഴ്ച ഉച്ചയോടെയാണ് പ്രതിയെ പൊലീസ് കോടതിയില്‍ നിന്നും കസ്റ്റഡിയില്‍ വാങ്ങിയത്. തുടര്‍ന്ന് മാനന്തവാടി ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി.
പിന്നീടാണ് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഈ മാസം 17ന് രാവിലെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് വീടിന് സമീപത്തെ തോട് വൃത്തിയാക്കുന്നതിനിടെ രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്ക് പോയ സമയത്തായിരുന്നു സിനിയെ ദേവസ്യ കൊലപ്പെടുത്തിയത്. സിനിക്കും സംഘത്തിനുമൊപ്പം ദേവസ്യയും തൊഴിലുറപ്പ് ജോലിക്കുണ്ടായിരുന്നു.
സംഭവം നടന്നയുടന്‍ തന്നെ പൊലീസ് ദേവസ്യയെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് അറസ്റ്റ് ചെയ്ത കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്യുകയായിരുന്നു. സിനിയുമായുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രതി പൊലീസില്‍ നല്‍കിയ മൊഴി. ഇരുകുടുംബങ്ങളും തമ്മില്‍ നിലനിന്നിരുന്ന അതിര്‍ത്തി തര്‍ക്കമാണ് വൈരാഗ്യത്തിലേക്ക് നയിച്ചത്.
അതിര്‍ത്തിതര്‍ക്കവുമായി ബന്ധപ്പെട്ട് ദേവസ്യക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതാണ് ദേവസ്യയെ പ്രകോപിപ്പിച്ചത്. യുവതിയെ കൊലപ്പെടുത്താനുപയോഗിച്ച കത്തി പോലീസ് പ്രതിയുടെ വീടിന്റെ പിന്‍ഭാഗത്തു നിന്ന് സംഭവം നടന്നദിവസം തന്നെ കണ്ടെടുത്തിരുന്നു. തെളിവെടുപ്പ് പൂര്‍ത്തിയാക്കി വ്യാഴാഴ്ച ദേവസ്യയെ വീണ്ടും കോടതിയില്‍ ഹാജരാക്കും.